നടിയെ ആക്രമിച്ച കേസില്‍ കോടതിക്കെതിരെ ഭാഗ്യലക്ഷ്മി
നടിയെ ആക്രമിച്ച കേസില്‍ കോടതിക്ക് എതിരെ ഭാഗ്യലക്ഷ്മി. ഹര്‍ജികളുമായി ചെല്ലുമ്പോള്‍ പ്രോസിക്യൂട്ടര്‍മാര്‍ അനുഭവിക്കുന്നത് കടുത്ത അപമാനമാണ് എന്ന് ഭാഗ്യലക്ഷ്മി ആരോപിക്കുന്നു. എന്താണ് പ്രോസിക്യൂട്ടര്‍മാര്‍ മാറാന്‍ കാരണമെന്ന് കോടതി ചോദിക്കുന്നില്ല. ഉന്നതനോടൊരു നീതി സാധാരണക്കാരനോട് ഒരു നീതി എന്നതാണ് സമീപനം. കോടതികളില്‍ ആദ്യമേ വിധിയെഴുതി വച്ചു കഴിഞ്ഞു. ഇനി പ്രഖ്യാപിക്കേണ്ട ദിവസം മാത്രമേയുള്ളൂ .ബാക്കിയെല്ലാം അവിടെ കഴിഞ്ഞുവെന്നും ഭാഗ്യലക്ഷ്മി കുറ്റപ്പെടുത്തി.’നീതിപീഠത്തോട് ഭയവും സംശയവുമാണെന്നും ഉന്നതനും സാധാരണക്കാരനും ഇവിടെ രണ്ട് നീതിയാണെന്നും’ ഭാഗ്യലക്ഷ്മി ആരോപിക്കുന്നു.
”നടിയെ ആക്രമിച്ച കേസിന്റെ വിധി തയ്യാറാണ്. ഇനി അത് പ്രഖ്യാപിക്കേണ്ട ദിവസമേയുള്ളൂ. ബാക്കിയെല്ലാം കഴിഞ്ഞു. ഇപ്പോള്‍ നടക്കുന്നതെല്ലാം മറ്റുപല നാടകങ്ങളുമാണ്. കോടതിയില്‍ പ്രോസിക്യൂട്ടര്‍മാര്‍ അപമാനവും പരിഹാസവും നേരിടുകയാണ്. രണ്ട് പ്രോസിക്യൂട്ടര്‍മാര്‍ മാറിയിട്ടും ജുഡീഷ്യറി കാരണം ചോദിക്കുന്നില്ല. എന്താണ് പ്രശ്നമെന്ന് ഒരു സാധാരണക്കാരനോടും കോടതി ചോദിക്കുന്നില്ല.” ”ഒരു സാധാരണക്കാരന്‍ കോടതിയിലേക്ക് കയറിയാല്‍ എന്തായിരിക്കും അവിടെ സംഭവിക്കുന്നത്. എന്റെ കേസില്‍ ഞാന്‍ തെറ്റ് ചെയ്തു എന്നരീതിയിലാണ് ജഡ്ജി എന്നോട് സംസാരിച്ചത്. പക്ഷേ, ഞാന്‍ അതിനെ ബഹുമാനിക്കുന്നു. ഞാന്‍ നിയമം കൈയിലെടുത്തത് കൊണ്ടാണ് കോടതി ആ വാക്ക് ചോദിച്ചത്. തീര്‍ച്ചയായും കോടതി അത് ചോദിക്കേണ്ടതാണ്. ഞാന്‍ അതിനെ ബഹുമാനിക്കുന്നു.”
”പക്ഷേ, ഒരു ഉന്നതന്‍ കോടതിയിലെത്തിയാല്‍ കോടതി ചോദിക്കുന്നതെന്താണ്. നിങ്ങള്‍ക്ക് ഇങ്ങനെ ചെയ്തൂടെ, മൊബൈല്‍ സറണ്ടര്‍ ചെയ്തൂടെ എന്നൊക്കെയാണ്. ഇതൊക്കെ സാധാരണക്കാരനോടും ചോദിച്ചാല്‍ സാധാരണ ജനങ്ങള്‍ക്ക് കോടതിയോട് ബഹുമാനവും വിശ്വാസവും ഉണ്ടാകും. എന്നാല്‍ സാധരാണക്കാര്‍ കോടതിയില്‍ പോയാല്‍ ഒരു വാക്ക് പോലും ഉച്ചരിക്കാനുള്ള അവകാശമില്ല. ഞങ്ങള്‍ക്ക് നീതിപീഠത്തെ സംശയമാണ്, ഭയവും ഉണ്ട്”- ഭാഗ്യലക്ഷ്മി പറഞ്ഞു. അതേസമയം നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ കൈയിലുണ്ടെന്ന ക്രൈംബ്രാഞ്ച് ആരോപണം തള്ളി ദിലീപ് (Dileep) ഹൈക്കോടതിയില്‍. അന്വേഷണത്തിന് ഇനിയും സാവകാശം വേണമെന്ന ക്രൈംബ്രാഞ്ച് ആവശ്യം അംഗീകരിക്കരുതെന്നും ദിലീപ് ഹൈക്കോടതിയോട് ആവശ്യപ്പെട്ടു. ഇതിനിടെ ക്രൈംബ്രാഞ്ച് ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ജസ്റ്റിസ് കൗസര്‍ എടപ്പകത്ത് പിന്മാറണമെന്ന ആവശ്യം കോടതി അംഗീകരിച്ചില്ല.
തുടരന്വേഷണത്തിന് കൂടുതല്‍ സമയം അനുവദിക്കണമെന്ന ക്രൈംബ്രാഞ്ച് ഹര്‍ജിയിലാണ് ദിലീപിന്റെ മറുപടി. തന്റെ പക്കല്‍ ദൃശ്യങ്ങള്‍ ഉണ്ടെന്ന അന്വേഷണ സംഘത്തിന്റെ വാദം തെറ്റാണെന്നാണ് ദിലീപ് കോടതിയെ അറിയിച്ചത്. ഡിജിറ്റല്‍ തെളിവുകളുടെ പരിശോധന ഫലം കിട്ടി മൂന്ന് മാസമായിട്ടും തുടര്‍പരിശോധന നടത്തിയില്ലെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്. ഫോണുകള്‍ പിടിച്ചെടുക്കേണ്ട ആവശ്യമില്ലെന്നും വിവരങ്ങള്‍ മുഴുവനായും മുംബൈയിലെ ലാബില്‍ നിന്ന് കിട്ടിയിരുന്നെന്നും ദിലീപ് ക്രൈംബ്രാഞ്ച് ആവശ്യത്തെ എതിര്‍ത്ത് കൊണ്ട് കോടതിയെ അറിയിച്ചു.