കോവിഡ് കേസുകളില്‍ വര്‍ധന ; സംസ്ഥാനത്തു ജാഗ്രതാ നിര്‍ദ്ദേശം
ചെറിയ ഒരു ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്തു വീണ്ടും കൊറോണ കേസുകള്‍ കൂടുന്നു. ഇന്ന് മാത്രം കേരളത്തില്‍ 1370 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. നാല് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഏറ്റവും കൂടുതല്‍ രോഗബാധിതര്‍ എറണാകുളം ജില്ലയിലാണ്, 463. തിരുവനന്തപുരം ജില്ലയില്‍ 239 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്നലെയാണ് നീണ്ട ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് കൊവിഡ് കേസുകളിലെ വര്‍ധന സംസ്ഥാന സര്‍ക്കാര്‍ പുറത്തുവിട്ടത്. ഇന്നലെ 1161 പേര്‍ക്കാണ് കൊവിഡ് ബാധ സ്ഥിരീകരിച്ചിരുന്നത്. ഏറ്റവും കൂടുതല്‍ രോഗികള്‍ എറണാകുളത്തായിരുന്നു. 365 പേര്‍ക്കാണ് ഇവിടെ ഇന്നലെ രോഗം സ്ഥിരീകരിച്ചത്. രണ്ട് മരണവും സ്ഥിരീകരിച്ചിരുന്നു. മറ്റ് ജില്ലകളിലും കൊവിഡ് കേസുകള്‍ ഉയരുന്നതായാണ് ഇന്നലെ പുറത്തുവന്ന കണക്കുകള്‍ പറഞ്ഞത്.
കഴിഞ്ഞ ദിവസം 1197 പേര്‍ക്കായിരുന്നു സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. ഇന്നലെ രാജ്യത്ത് സ്ഥിരീകരിച്ച കോവിഡ് കേസുകളില്‍ പകുതിയിലധികവും കേരളത്തിലായിരുന്നു. അതേസമയം, മുംബൈയിലും കോവിഡ് കേസുകള്‍ കുത്തനെ ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. ഇന്നലെ മാത്രം നഗരത്തില്‍ റെക്കോര്‍ഡ് ചെയ്യപ്പെട്ടത് 506 പുതിയ കോവിഡ് കേസുകളാണ്. ഫെബ്രുവരി മുതല്‍ കുറഞ്ഞുവന്ന കോവിഡ് നിരക്കാണിപ്പോള്‍ കുത്തനെ കൂടുന്നത്.