സോണിയാഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും EDയുടെ നോട്ടീസ്
കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയ്ക്കും രാഹുല്‍ ഗാന്ധിക്കും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നോട്ടിസ്. അടുത്ത ബുധനാഴ്ച ഇരുവരും ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് ആവശ്യം.നാഷണല്‍ ഹെറാള്‍ഡ് കേസില്‍ ആണ് ഇരുവരും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ദ്ദേശിച്ചിട്ടുള്ളത്. കേന്ദ്ര സര്‍ക്കാര്‍ രാഷ്ട്രീയവൈര്യം തീര്‍ക്കുകയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. കള്ളപ്പണ ഇടപാടിന് യാതൊരു തെളിവുമില്ല. ഒന്നും മറച്ചുവയ്ക്കാനുമില്ലെന്നും കോണ്‍ഗ്രസ് നേതൃത്വം പ്രതികരിച്ചു. കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സുര്‍ജേവാലയാണ് ഇഡി നോട്ടീസ് ലഭിച്ച കാര്യം സ്ഥിരീകരിച്ചത്. ജൂണ്‍ എട്ടിന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് സോണിയാ ഗാന്ധിക്ക് അയച്ച കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
നാഷണല്‍ ഹെറാള്‍ഡ് പത്രത്തിന്റെ നടത്തിപ്പുകാരായിരുന്ന അസോഷ്യേറ്റഡ് ജേണല്‍ ലിമിറ്റഡിന്റെ (എജെഎല്‍) ബാധ്യതകളും ഓഹരികളും യങ് ഇന്ത്യ ലിമിറ്റഡ് എന്ന കമ്പനി ഏറ്റെടുത്തതില്‍ കള്ളപ്പണ ഇടപാട് നടന്നിട്ടുണ്ടോയെന്നാണ് ഇഡി അന്വേഷിക്കുന്നത്. ‘സോണിയാ ഗാന്ധി തീര്‍ച്ചയായും ഇഡിക്ക് മുന്നിലേക്ക് പോകും. പക്ഷെ, രാഹുല്‍ ഗാന്ധി നിലവില്‍ വിദേശത്താണ്. മടങ്ങിവന്നാല്‍ അദ്ദേഹവും പറഞ്ഞ ദിവസം തന്നെ ഇഡി ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരാകും. തിരിച്ചെത്താനായില്ലെങ്കില്‍ സമയം നീട്ടി ചോദിക്കും” – കോണ്‍ഗ്രസ് നേതാവ് അഭിഷേക് മനു സിങ്വി പറഞ്ഞു. നാഷണല്‍ ഹെറാള്‍ഡ് പത്രം ആരംഭിച്ചത് 1942ലാണ്. അന്ന് ബ്രിട്ടീഷുകാര്‍ അതിനെ അടിച്ചമര്‍ത്താന്‍ ശ്രമിച്ചിരുന്നു. ഇന്ന് മോദി സര്‍ക്കാര്‍ ഇഡിയെ അതിനായി ഉപയോഗിക്കുന്നു- രണ്‍ദീപ് സുര്‍ജേവാല പറഞ്ഞു.