ഗായകന്‍ കെകെയുടെ മരണം ; അസ്വഭാവിക മരണത്തിന് പോലീസ് കേസെടുത്തു

അന്തരിച്ച ബോളിവുഡ് ഗായകന്‍ കെകെയുടെ മരണത്തില്‍ പോലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു. കെകെയുടെ ശരീരത്തില്‍ തലയിലും മുഖത്തും മുറിവേറ്റ പാടുകള്‍ ഉണ്ടായിരുന്നുവെന്നും പോലിസിനെ ഉദ്ധരിച്ച് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തു. മരണകാരണം കണ്ടെത്തുന്നതിനായി ബുധനാഴ്ച എസ്എസ്‌കെഎം ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തും. ഇന്നലെ രാത്രി കൊല്‍ക്കത്തയിലെ പരിപാടിയില്‍ ഒരു മണിക്കൂറോളം പാടിയ ശേഷം ഗ്രാന്‍ഡ് ഹോട്ടലിലേക്കു മടങ്ങിയെത്തിയ കെകെയ്ക്ക് ശാരീരിക അസ്വസ്ഥതകളുണ്ടായി. തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.കൊല്‍ക്കത്തയിലെ പരിപാടിയുടെ സംഘാടകരുടേയും ഹോട്ടല്‍ ജീവനക്കാരുടേയും മൊഴി പോലീസ് ഇന്ന് രേഖപ്പെടുത്തും.

ആല്‍ബങ്ങളിലൂടെയും ജിംഗിളുകളിലൂടെയും ഹിന്ദി സിനിമാഗാനങ്ങളിലൂടെയും സംഗീതപ്രേമികളുടെ ഹൃദയം കവര്‍ന്ന ഗായകനാണ് കെകെ. സിനിമാഗാനങ്ങള്‍ക്കൊപ്പം ഇന്‍ഡി- പോപ്പ്, പരസ്യചിത്രങ്ങളുടെ ഗാനമേഖലയിലും വ്യക്തിമുദ്ര പതിപ്പിച്ചു. കെകെയുടെ അപ്രതീക്ഷിത വിയോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, ബോളിവുഡിലെ പ്രമുഖര്‍ തുടങ്ങിയവര്‍ അനുശോചിച്ചു. തൃശൂര്‍ തിരുവമ്പാടി സ്വദേശി സി.എസ്.മേനോന്റെയും പൂങ്കുന്നം സ്വദേശി കനകവല്ലിയുടെയും മകനായി 1968ല്‍ ഡല്‍ഹിയിലാണ് കെകെയുടെ ജനനം. എഴുതാനും വായിക്കാനും അറിയില്ലെങ്കിലും മലയാളം നന്നായി സംസാരിച്ചു. മോണ്‍ട് സെന്റ് മേരീസ് സ്‌കൂളിലും കിരോരി മാല്‍ കോളജിലും പഠനക്കാലത്ത് കിഷോര്‍ കുമാറിന്റെയും മുഹമ്മദ് റഫിയുടെയും അബ്ബയുടെയും ഗാനങ്ങള്‍ അദ്ദേഹം ഹൃദിസ്ഥമാക്കി.

സ്വന്തമായി റോക്ക് മ്യൂസിക് ഗ്രൂപ്പുണ്ടാക്കി പാടി. കോളജ് വിദ്യാഭ്യാസം കഴിഞ്ഞപ്പോള്‍ മാര്‍ക്കറ്റിങ് എക്സിക്യൂട്ടീവായി. താമസിയാതെ ഹീറോ ഹോണ്ടയ്ക്കും ഉഷാ ഫാനിനും വേണ്ടി പരസ്യട്യൂണുകള്‍ മൂളിസംഗീതരംഗത്തേക്കു തന്നെയെത്തി. തുടക്കകാലത്ത് ഇന്ത്യയിലെ 11 ഭാഷകളിലായി 3500ന് മുകളില്‍ പരസ്യങ്ങള്‍ക്ക് കെ.കെ ശബ്ദം നല്‍കിയിട്ടുണ്ട്. മാച്ചിസ് എന്ന ഗുല്‍സാര്‍ ചിത്രത്തിലെ ‘ഛോടായേ ഹം വോ ഗലിയാം….’ എന്ന ഗാനത്തോടെ കെകെയെ ഗാനലോകമറിഞ്ഞു. ഹം ദില്‍ ദേ ചുകെ സനം എന്ന ചിത്രത്തിലെ ‘തടപ് തടപ്’ എന്ന ഗാനവും തൂ ആഷികി ഹെ (ജങ്കാര്‍ ബീറ്റ്സ്), ആവാര പന്‍ (ജിസം), ഇറ്റ്സ് ദ ടൈം ഫോര്‍ ഡിസ്‌കോ (കല്‍ ഹോ നാ ഹോ) എന്നീ ഗാനങ്ങളും കെകെയെ പോപ്പുലര്‍ ചാര്‍ട്ടുകളുടെ മുന്‍നിരയിലെത്തിച്ചു.

അതേസമയം സംഗീത പ്രതിഭ കെ.കെയ്ക്ക് ഔദ്യോഗിക ബഹുമതികളോടെ വിട നല്‍കി പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍. രവീന്ദ്ര സദനില്‍ പൊലീസ് ഗണ്‍ സല്യൂട്ട് നല്‍കി. ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി കെ.കെയ്ക്ക് അന്തിമോപചാരം അര്‍പ്പിച്ചു. കെ.കെയുടെ മരണത്തില്‍ എ ആര്‍ റഹ്മാനും അനുശോചനമറിയിച്ചു. ഫേസ്ബുക്കിലൂടെയായിരുന്നു പ്രതികരണം.