മൊബൈല്‍ നിരക്കുകള്‍ വര്‍ധിപ്പിക്കാന്‍ തയ്യാറായി കമ്പനികള്‍

മൊബൈല്‍ വരിക്കാര്‍ക്ക് ദുഃഖ വാര്‍ത്ത. രാജ്യത്തെ മൊബൈല്‍ നിരക്കുകള്‍ വീണ്ടും കൂട്ടാന്‍ ഒരുങ്ങുകയാണ് ടെലികോം കമ്പനികള്‍. രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട മൂന്ന് ടെലികോം ഓപ്പറേറ്റര്‍മാരായ റിലയന്‍സ് ജിയോ , ഭാരതി എയര്‍ടെല്‍ , വോഡഫോണ്‍ ഐഡിയ എന്നിവ നിരക്കുകള്‍ ഇനിയും കൂട്ടിയേക്കും. നിലവിലെ സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ വരുമാനത്തില്‍ 20 മുതല്‍ 25 ശതമാനം വരെ വര്‍ധനവാണ് കമ്പനികള്‍ ലക്ഷ്യമിടുന്നത്. 2023 സാമ്പത്തിക വര്‍ഷം തുടങ്ങുമ്പോഴേക്കും മികച്ച ലാഭമാണ് കമ്പനികള്‍ പ്രതീക്ഷിക്കുന്നത്. ഓരോ ഉപഭോക്താവില്‍ നിന്നും ഇപ്പോള്‍ ലഭിക്കുന്ന വരുമാനത്തില്‍ നിന്നും വര്‍ധനവ് ഉണ്ടായിട്ടില്ലെങ്കില്‍ നെറ്റ്‌വര്‍ക്കിലും സ്‌പെക്ട്രത്തിലും നിക്ഷേപിക്കാന്‍ മതിയായ വരുമാനം ലഭിച്ചേക്കില്ല. നിരക്ക് കൂട്ടിയില്ലെങ്കില്‍ സര്‍വീസ് മോശമാകാനുള്ള സാധ്യതയുണ്ടെന്നും ഡൊമസ്റ്റിക് റേറ്റിങ് ഏജന്‍സിയായ ക്രിസിലിന്റെ ഗവേഷക വിഭാഗം പുറത്ത് വിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.

രാജ്യത്തെ ഗ്രാമീണ മേഖലയിലടക്കം മികച്ച നെറ്റ്‌വര്‍ക്ക് സംവിധാനവുമായി റിലയന്‍സ് ജിയോ എത്തിയതിന് ശേഷം ടെലികോം വിപണിയില്‍ വലിയ മത്സരമാണ് നടക്കുന്നത്. പ്രധാനമായും മൂന്ന് കമ്പനികളാണ് ഇന്ന് ഈ മേഖലയിലുള്ളത്. 2019 ഡിസംബര്‍ മുതലാണ് മൊബൈല്‍ നിരക്കുകള്‍ വര്‍ധിപ്പിക്കാന്‍ തുടങ്ങിയത്. ”ഈ സാമ്പത്തികവര്‍ഷം 20-25% വരുമാനമാണ് മൂന്ന് പ്രധാന ടെലികോം കമ്പനികള്‍ ലക്ഷ്യമാക്കുന്നത്,” റിപ്പോര്‍ട്ട് പറയുന്നു. 2022 സാമ്പത്തിക വര്‍ഷത്തില്‍ ഉപഭോക്താവില്‍ നിന്നുള്ള വരുമാനത്തില്‍ ശരാശരി 5 ശതമാനം വരെയാണ് വര്‍ധനവ് ഉണ്ടായിട്ടുള്ളത്. 2023 എത്തുമ്പോള്‍ 15 മുതല്‍ 20 ശതമാനം വരെ വരുമാനം ആവശ്യമായിട്ടുണ്ട്. ഈ ലക്ഷ്യം കൈവരിക്കാനാണ് ഇപ്പോള്‍ വീണ്ടും വര്‍ധനവ് പ്രഖ്യാപിക്കാന്‍ പോകുന്നതെന്നും റിപ്പോര്‍ട്ട് പറയുന്നു. വരുമാനത്തിലുള്ള വര്‍ധനവും നിരക്കിലുള്ള വര്‍ധനവും ടെലികോം കമ്പനികളുടെ സമ്മര്‍ദ്ദം കുറയ്ക്കുമെന്നാണ് കരുതുന്നത്.