കെഎസ്ആര്‍ടിസി ; ഉന്നത ഉദ്യോഗസ്ഥര്‍ക്ക് മാത്രം ശമ്പളം നല്‍കുന്നത് വിവേചനം ; ഹൈക്കോടതി

സാധാരണക്കാരായ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാതെ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് ശമ്പളം നല്‍കുന്ന കെഎസ്ആര്‍ടിസിയുടെ നടപടി വിവേചനം എന്ന് ഹൈക്കോടതി. തങ്ങള്‍ക്ക് ശമ്പളം നല്‍കാത്തിടത്തോളം ഉന്നത ഓഫീസര്‍മാരുടെയും ശമ്പളം തടയണമെന്ന ജീവനക്കാരുടെ ആവശ്യം ന്യായമാണെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു. കെഎസ്ആര്‍ടിസി ജീവനക്കാരുടെ ദുര്‍ഗതി കണ്ടില്ലെന്ന് നടിക്കാനാകില്ല എന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ വ്യക്തമാക്കി. കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് യഥാസമയം ശമ്പളം നല്‍കേണ്ടതാണ്. ഉന്നത ഉദ്യോഗസ്ഥര്‍ക്ക് മാത്രം ശമ്പളം നല്‍കുന്ന രീതി തടയാന്‍ മടിക്കില്ലെന്നും കോടതിയുടെ മുന്നറിയിപ്പ് ഉണ്ട്. ജീവനക്കാരുടെ ഹര്‍ജിയില്‍ മറുപടി നല്‍കാന്‍ കെഎസ്ആര്‍ടിസിക്ക് കോടതി നിര്‍ദ്ദേശം നല്‍കുകയും ചെയ്തു.

അതേസമയം, കെഎസ്ആര്‍ടിസി പുനസംഘടിപ്പിക്കുമെന്ന് സര്‍ക്കാര്‍ പറഞ്ഞിട്ടുണ്ട്. കെഎസ്ആര്‍ടിസിയെ സ്വന്തം കാലില്‍ നില്‍ക്കാന്‍ പര്യാപ്തമാക്കും. മിനിമം സബ്സിഡി അടിസ്ഥാനത്തില്‍ ആയിരിക്കും ഇതെന്നും സംസ്ഥാന സര്‍ക്കാര്‍ പ്രോഗ്രസ് റിപ്പോര്‍ട്ടില്‍ പറയുന്നു. സ്വയംപര്യാപ്തമാകും വരെ കെഎസ്ആര്‍ടിസിയുടെ ബാങ്ക് കണ്‍സോര്‍ഷ്യം വായ്പകള്‍ സര്‍ക്കാര്‍ തിരിച്ചടക്കും. ജീവനക്കാര്‍ക്ക് ശമ്പളവും പെന്‍ഷനും സര്‍ക്കാര്‍ ഉറപ്പാക്കും. കെഎസ്ആര്‍ടിസി പരിഷ്‌കരണവുമായി മുന്നോട്ടെന്നു സര്‍ക്കാര്‍ വ്യക്തമാക്കുന്നു. സുശീല്‍ ഖന്ന റിപ്പോര്‍ട് നടപ്പാക്കും. തിരുവനന്തപുരം, കോഴിക്കോട് കെഎസ്ആര്‍ടിസി സമുച്ചയങ്ങള്‍ കെഎസ്ആര്‍ടിസി തിരിച്ചെടുക്കുന്നു. കെഎസ്ആര്‍ടിസിയുമായി ചര്‍ച്ച നടക്കുന്നു. കെഎസ്ആര്‍ടിസി മാനേജ്മെന്റൂം പുനസംഘടിപ്പിക്കും സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് പുറത്തിറക്കിയ പ്രോ?ഗ്രസ് റിപ്പോര്‍ട്ടില്‍ പറയുന്നു.