തൃക്കാക്കര ചൂടില്‍ കേരള സര്‍ക്കാര്‍ മറന്നു ; ലോക സാമ്പത്തിക ഫോറത്തില്‍ കോടികളുടെ നിക്ഷേപം സ്വന്തമാക്കി അയല്‍ക്കാര്‍

സ്വെഞ്ചറി മോഹത്തില്‍ മുഖ്യമന്ത്രി അടക്കമുള്ള മന്ത്രിമാര്‍ തൃക്കാക്കര ക്യാമ്പ് ചെയ്തപ്പോള്‍ സംസ്ഥാനത്തിന് നഷ്ടമായത് കോടികളുടെ നിക്ഷേപം. സ്വകാര്യ-സര്‍ക്കാര്‍ പങ്കാളിത്തത്തിന് വേദിയൊരുക്കുക എന്ന ലക്ഷ്യത്തോടെ സ്വിറ്റ്‌സര്‍ലാന്‍ഡിലെ ദാവോസില്‍ നടന്ന ലോക സാമ്പത്തിക ഫോറത്തില്‍ (World Economic Forum Davos 2022) കര്‍ണാടക, ആന്ധ്രാ, തെലങ്കാന, മഹാരാഷ്ട്ര സംസ്ഥാനങ്ങള്‍ കോടികളുടെ നിക്ഷേപം നേടിയെടുത്തു. തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് ചൂടില്‍ സംസ്ഥാനം തിളച്ച മേയ് 23 മുതല്‍ 26 വരെ നടന്ന ഫോറത്തില്‍ കേരളം പങ്കെടുത്തില്ല.

കര്‍ണാടകം 60,000 കോടിയുടെ നിക്ഷേപത്തിന് കരാര്‍ ഒപ്പുവെച്ചപ്പോള്‍ തെലങ്കാന 4200 കോടിയുടെയും മഹാരാഷ്ട്ര 30,000 കോടിയുടെയും ആന്ധ്രാപ്രദേശ് 1600 കോടി രൂപയുടെയും നിക്ഷേപങ്ങള്‍ സ്വന്തമാക്കി. കേരളം ഏറെ പ്രതീക്ഷവെച്ചുപുലര്‍ത്തുന്നു എന്ന് കരുതുന്ന ലൈഫ് സയന്‍സ്-ഫാര്‍മസ്യൂട്ടിക്കല്‍സ് രംഗത്താണ് തെലങ്കാന നിക്ഷേപം ആകര്‍ഷിച്ചത്. കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ, ആന്ധ്ര മുഖ്യമന്ത്രി വൈ.എസ്. ജഗന്‍ മോഹന്‍ റെഡ്ഡി എന്നിവര്‍ ദാവോസില്‍ നേരിട്ടു പങ്കെടുത്താണ് സംസ്ഥാനത്തിനുവേണ്ടി വാദിച്ചത്. തമിഴ്നാട്, മധ്യപ്രദേശ് സംസ്ഥാനങ്ങളും World Economic Forum Davos 2022 ല്‍ ഇന്ത്യയെ പ്രതിനിധികരിച്ച് പങ്കെടുത്തു.

മഹാരാഷ്ട്രയുടെ പ്രതിനിധിയായി Tourism മന്ത്രിയും മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ മകനുമായ ആദിത്യതാക്കറെയും തമിഴ്നാട് സംഘത്തെ വ്യവസായമന്ത്രി തങ്കം തെന്നരശുമാണ് നയിച്ചത്. തെലങ്കാന വ്യവസായ മന്ത്രി കെ.ടി. രാമറാവുവും പരിപാടിയില്‍ പങ്കെടുത്തു. കോവിഡ് മഹാമാരി മൂലം രണ്ടു വര്‍ഷത്തെ ഇടവേളക്കു ശേഷമാണ് World Economic Forum സംഘടിപ്പിച്ചത്. മേയ് 23 മുതല്‍ 26 വരെയായിരുന്നു സമ്മേളനം. ചൈന, റഷ്യ തുടങ്ങിയ രാഷ്ട്രങ്ങള്‍ വിട്ടുനിന്ന സമ്മേളനത്തില്‍ ഇന്ത്യയ്ക്ക് നിര്‍ണായക ശ്രദ്ധനേടാന്‍ സാധിച്ചതായി സാമ്പത്തികവിദഗ്ധര്‍ അഭിപ്രായപ്പെട്ടു.

2006-ല്‍ ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോഴാണ് കേരളം ദാവോസ് സമ്മേളനത്തില്‍ മുന്‍പ് പങ്കെടുത്തിട്ടുള്ളത്, ഇന്ത്യയിലെ ഒരു സംസ്ഥാനത്തുനിന്ന് പങ്കെടുക്കുന്ന ആദ്യത്തെ പ്രതിനിധിസംഘമായിരുന്നു അത്. സ്വകാര്യ-സര്‍ക്കാര്‍ പങ്കാളിത്തത്തിന് വേദിയൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് സമ്മേളനം എല്ലാ വര്‍ഷവും നടത്തുന്നത്. പങ്കെടുക്കാന്‍ താത്പര്യമുള്ള സംസ്ഥാനങ്ങള്‍ കേന്ദ്രസര്‍ക്കാരിനെ സമീപിച്ച് രാജ്യത്തെ പ്രതിനിധാനംചെയ്താണ് പങ്കെടുക്കേണ്ടത്. ലോകത്തെ 300-ഓളം പ്രമുഖസ്ഥാപനമേധാവികള്‍ ഇത്തവണ പങ്കെടുത്തിരുന്നു.