ഇന്ത്യയിലെ മുഖ്യ വിദ്വേഷ ഇടമായി മാറി ഫേസ്ബുക്കും ഇന്‍സ്റ്റാ ഗ്രാമും

ഇന്ത്യയില്‍ വിദ്വേഷം പടര്‍ത്തുന്ന ഇടമായി ഫേസ്ബുക്ക് ഇന്‍സ്റ്റാഗ്രാം എന്നിവ മാറുന്നുവെന്ന് റിപ്പോര്‍ട്ട്. ഫേസ്ബുക്ക് ഇന്‍സ്റ്റഗ്രാം എന്നിവയുടെ മാതൃപ്ലാറ്റ്‌ഫോമായ മെറ്റയുടെ കണക്കുകള്‍ തന്നെയാണ് ഇത് വ്യക്തമാക്കുന്നത്. ഫേസ്ബുക്കില്‍ വിദ്വേഷ പ്രസംഗങ്ങളില്‍ ഏപ്രിലില്‍ 37.82 ശതമാനം വര്‍ധനയും ഇന്‍സ്റ്റഗ്രാമില്‍ ആക്രമഉള്ളടക്കങ്ങള്‍ 86 ശതമാനവും വര്‍ദ്ധിച്ചുവെന്നാണ് മെറ്റയുടെ കണക്ക് പറയുന്നത്. ഈ കണക്ക് മെറ്റ പ്ലാറ്റ്‌ഫോം തങ്ങളുടെ സ്വന്തം സംവിധാനത്തിലൂടെ കണ്ടെത്തിയ വിദ്വേഷ ഉള്ളടക്കങ്ങളാണ്. അതായത് റിപ്പോര്‍ട്ടിലെ ഭൂരിഭാഗം ഉള്ളടക്കവും ഉപയോക്താക്കള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന് പുറമേ കണ്ടെത്തിയതാണ്. മെയ് 31 ന് പുറത്തുവിട്ട റിപ്പോര്‍ട്ട് അനുസരിച്ച് ഏപ്രിലില്‍ 53,200 വിദ്വേഷ പ്രസംഗങ്ങള്‍ ഫെയ്‌സ്ബുക് കണ്ടെത്തി. ഇത് മാര്‍ച്ചില്‍ കണ്ടെത്തിയ 38,600 മായി താരതമ്യം ചെയ്യുമ്പോള്‍ 37.82 ശതമാനം കൂടുതലാണ്.

ഏപ്രിലില്‍ 77,000 അക്രമ ഉള്ളടക്കങ്ങള്‍ ഇന്‍സ്റ്റാഗ്രാമില്‍ ഉണ്ടായെന്നാണ് റിപ്പോര്‍ട്ട് പറയുന്നു. മാര്‍ച്ച് മാസത്തിലെ റിപ്പോര്‍ട്ടില്‍ ഇത് 41,300 ആയിരുന്നു. ഈ കണക്കുകള്‍ മെറ്റ പ്ലാറ്റ്‌ഫോം ഉള്ളടക്കത്തിനെതിരെ എടുക്കുന്ന നടപടിയുടെ പര്യാപ്തത കാണിക്കുന്നുവെന്നാണ് മെറ്റയുടെ അവകാശവാദം. അതേ സമയം മറ്റൊരു കണക്കില്‍ ഏപ്രിലില്‍ 16.66 ലക്ഷം ഇന്ത്യന്‍ അക്കൗണ്ടുകള്‍ നിരോധിച്ചതായി വാട്‌സാപ്പിന്റെ ഏറ്റവും പുതിയ പ്രതിമാസ റിപ്പോര്‍ട്ട്. ‘റിപ്പോര്‍ട്ട്’ ഫീച്ചറിലൂടെ ഉപയോക്താക്കളില്‍ നിന്ന് ലഭിച്ച ‘നെഗറ്റീവ് ഫീഡ്ബാക്കിനുള്ള’ പ്രതികരണമായും അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്തിട്ടുണ്ടെന്ന് മെറ്റായുടെ ഉടമസ്ഥതയിലുള്ള വാട്ട്‌സ്ആപ്പ് പറഞ്ഞു. 16.66 ലക്ഷം ഇന്ത്യയില്‍ നിന്ന് മൊത്തം 122 പരാതി റിപ്പോര്‍ട്ടുകള്‍ ലഭിച്ചു. അപകടകരമായ പ്രവര്‍ത്തനങ്ങള്‍ ചെയ്തു എന്നു എന്ന് കണ്ടെത്തിയ അക്കൗണ്ടുകള്‍ നിരോധിച്ചത്. മറ്റ് ഉപയോക്താക്കളുടെ പരാതി കണക്കിലെടുത്താണ് 122 അക്കൗണ്ടുകള്‍ നിരോധിച്ചതെന്നും കമ്പനി അറിയിച്ചു. മാര്‍ച്ചില്‍ വാട്‌സാപ് നിരോധിച്ചത് 18 ലക്ഷം അക്കൗണ്ടുകളായിരുന്നു.