തൃക്കാക്കര ; ചരിത്ര വിജയം നേടി ഉമാ തോമസ്

രാഷ്ട്രീയ കേരളം ഉറ്റു നോക്കിയ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ചരിത്ര വിജയം സമ്മാനിച്ച് ഉമാ തോമസ്.മണ്ഡലത്തിലെ റെക്കോഡ് ഭൂരിപക്ഷം നേടിയാണ് ഉമ വിജയിച്ചത്. 25,016 വോട്ടുകളുടെ ലീഡോടെ മണ്ഡലത്തിലെ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷം നേടിയാണ് ഉമ, എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജോ ജോസഫിനെ പരാജയപ്പെടുത്തിയത്. വോട്ടെണ്ണല്‍ തുടങ്ങി അഞ്ചാം റൗണ്ടില്‍ത്തന്നെ ലീഡ് നില അഞ്ചക്കം കടത്തിയ ഉമ, ഏഴാം റൗണ്ടില്‍ പി.ടി. തോമസിന്റെ കഴിഞ്ഞ തവണത്തെ ഭൂരിപക്ഷം മറികടന്നു. പന്ത്രണ്ട് റൗണ്ടുകളും എണ്ണിത്തീര്‍ന്നപ്പോള്‍ 72770 വോട്ടുകള്‍ നേടിയാണ് പി ടി തോമസിന്റെ പിന്‍ഗാമിയായി മത്സരിച്ച ഉമ തോമസിന്റെ മിന്നുംവിജയം. 25,016 വോട്ടുകളുടെ, അതായത് കാല്‍ലക്ഷം പിന്നിട്ട വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ഉമ തോമസിന്റെ വിജയം. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജോ ജോസഫ് 47754 വോട്ടുകള്‍ നേടി. ബിജെപി സ്ഥാനാര്‍ത്ഥി എ എന്‍ രാധാകൃഷ്ണന് 12957 വോട്ടുകളാണ് കിട്ടിയത്.

തൃക്കാക്കര മണ്ഡലം രൂപീകരിച്ചശേഷം നടന്ന ആദ്യ തെരഞ്ഞെടുപ്പില്‍ ബെന്നി ബഹനാന്‍ നേടിയ 22,406 എന്ന ഭൂരിപക്ഷമാണ് ഉമാ തോമസ് പഴങ്കഥയാക്കിയത്. ബെന്നി ബഹനാന് കിട്ടിയതിനേക്കാള്‍ ഭൂരിപക്ഷം നേടി തൃക്കാക്കര ഇതുവരെ കണ്ടതിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തോടെയാണ് കോണ്‍ഗ്രസിന്റെ ഏക വനിതാ എംഎല്‍എയായി നിയമസഭയിലേക്ക് എത്തുന്നത്. പതിനൊന്നാം റൗണ്ട് പൂര്‍ത്തിയായപ്പോള്‍ത്തന്നെ കാല്‍ലക്ഷം കടന്നു ഉമ തോമസിന്റെ ഭൂരിപക്ഷം. ഇരുപതില്‍ത്താഴെ ബൂത്തുകളില്‍ മാത്രമാണ് ജോ ജോസഫിന് മുന്‍തൂക്കം കിട്ടിയത്. ഒ രാജഗോപാലിന് ശേഷം നിയമസഭയില്‍ എത്തുക താനെന്ന അവകാശവാദം ഉന്നയിച്ച എ എന്‍ രാധാകൃഷ്ണന് പക്ഷേ കഴിഞ്ഞ തവണ ബിജെപിക്ക് കിട്ടിയ വോട്ട് പോലും കിട്ടിയില്ലെന്ന നിരാശ മാത്രം ബാക്കി. വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തിലും, ഒരിക്കല്‍പോലും ലീഡ് നേടാന്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജോ ജോസഫിന് സാധിച്ചില്ല. ഉമയുടെ കുതിപ്പില്‍ എല്‍ഡിഎഫ് തകര്‍ന്നടിഞ്ഞു. ബിജെപിക്കും ഉപതെരഞ്ഞെടുപ്പ് ഫലം തിരിച്ചടിയാണ്.