സര്‍ക്കാര്‍ സ്‌കൂളിലെ ഉച്ച ഭക്ഷണത്തില്‍ ഭക്ഷ്യ വിഷബാധ ; കൊട്ടാരക്കരയിലും കായംകുളത്തും 24 കുട്ടികള്‍ ആശുപത്രിയില്‍
സ്‌കൂളിലും അങ്കണവാടിയിലും ഉണ്ടായ ഭക്ഷ്യ വിഷബാധയില്‍ 24 കുട്ടികള്‍ ആശുപത്രിയില്‍.
കായംകുളം ടൗണ്‍ ഗവണ്‍മെന്റ് യുപി സ്‌കൂളില്‍ കഴിഞ്ഞ ദിവസം സ്‌കൂളില്‍ നിന്ന് കഴിച്ച ഉച്ചഭക്ഷണത്തില്‍ നിന്നാണ് ഭക്ഷ്യ വിഷബാധ ഏറ്റത്. ഇതിനെ തുടര്‍ന്ന് ഇരുപതോളം കുട്ടികളെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്‌കൂളില്‍ നിന്ന് സാമ്പാറും ചോറുമാണ് കുട്ടികള്‍ കഴിച്ചിരുന്നത്. ഇന്നലെ രാത്രി അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ചികിത്സ തേടിയിരുന്നു. തുടര്‍ന്ന് വീട്ടിലേക്ക് മടങ്ങിയ കുട്ടികള്‍ക്ക് ഇന്ന് രാവിലെ വീണ്ടും വയറുവേദനയും ക്ഷീണവും അനുഭവപ്പെടുകയായിരുന്നു. ആരുടെയും നില ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
കൊല്ലം കൊട്ടാരക്കരയിലെ അങ്കണവാടിയിലും കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു. കൊട്ടാരക്കര നഗരസഭയിലെ കല്ലുവാതുക്കല്‍ അങ്കണവാടിയിലാണ് സംഭവം. ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് നാല് കുട്ടികള്‍ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി.അങ്കണവാടിയില്‍ നിന്ന് പുഴുവരിച്ച അരി കണ്ടെത്തിയിട്ടുണ്ട്. അങ്കണവാടിയില്‍ നിന്ന് വിതരണം ചെയ്ത ഭക്ഷണം കഴിച്ച കുട്ടികള്‍ക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്. കുട്ടികള്‍ക്ക് വയറിളക്കവും ഛര്‍ദിയും ഉണ്ടായതിനെ തുടര്‍ന്ന് രക്ഷിതാക്കള്‍ എത്തി നടത്തിയ പരിശോധയിലാണ് പുഴുവരിച്ച അരി കണ്ടെത്തിയത്. ഇതേതുടര്‍ന്ന് കൊട്ടാരക്കര ചെയര്‍മാന്‍ ഉള്‍പ്പെടെയുള്ളവര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തില്‍ രക്ഷിതാക്കള്‍ പ്രതിഷേധത്തിലാണ്.സംഭവത്തില്‍ ആരോഗ്യവകുപ്പും ഭക്ഷ്യസുരക്ഷാ വകുപ്പും അന്വേഷണം തുടങ്ങിയിട്ടുണ്ട്.