വെള്ളാപ്പള്ളിയെ സംരക്ഷിക്കുന്നതു എല്‍.ഡി.എഫ് അവസാനിപ്പിച്ചില്ലെങ്കില്‍ തൃക്കാക്കരകള്‍ ആവര്‍ത്തിക്കും: അഡ്വ. സി.കെ വിദ്യാസാഗര്‍
തൊടുപുഴ: വെള്ളാപ്പള്ളി നടേശന് കേസുകളില്‍ സംരക്ഷണ കവചം ഒരുക്കുന്ന എല്‍.ഡി.എഫിന്റെ നിലപാടുകളോടുള്ള ശ്രീ നാരായണ സമൂഹത്തിന്റെ പ്രതിഷേധം തൃക്കാക്കര തിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചതിന്റെ ഫലമാണ് ഉമാ തോമസിന്റെ അസൂയാര്‍ഹമായ ഭൂരിപക്ഷമെന്നു എസ്. എന്‍. ഡി. പി യോഗം മുന്‍ പ്രസിഡന്റും പ്രമുഖ അഭിഭാഷകനുമായ അഡ്വ. സി.കെ വിദ്യാസാഗര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.
എസ്.എന്‍.ഡി.പി യോഗത്തെയും എസ്.എന്‍ ട്രസ്റ്റിനെയും കുടുംബ സ്വത്താക്കി മാറ്റി ഈഴവ സമുദായത്തെ കൊള്ളയടിക്കുന്ന വെള്ളാപ്പള്ളി നടേശന്റെ ദുഷ്‌ചെയ്തികള്‍ കണ്ടില്ലെന്ന് നടിക്കുകയും, കഴിഞ്ഞ ആറ് വര്‍ഷക്കാലമായി വെള്ളാപ്പള്ളിക്കും തുഷാറിനും എതിരെയുള്ള എല്ലാ കേസുകളും ശീതീകരണിയില്‍ തള്ളി വച്ച് അവരെ സംരക്ഷിക്കുകയും ചെയ്യുന്ന നിലപാടുകള്‍ക്കെതിരെ അമര്‍ഷം പൂണ്ട ഒരു വലിയ വിഭാഗം എല്‍.ഡി.എഫ് അനുഭാവികള്‍ തൃക്കാക്കര തിരഞ്ഞെടുപ്പില്‍ നിഷ്‌ക്രിയരായി മാറി നിന്നതെന്ന് അദ്ദേഹം ആരോപിച്ചു. ഒരു വിഭാഗമെങ്കിലും എല്‍. ഡി.എഫിനെതിരെ തിരിഞ്ഞതിന്റെയും ലക്ഷണങ്ങള്‍ പല ബൂത്തുകളിലേയും വോട്ട് നില പരിശോധിച്ചാല്‍ വ്യക്തമാകുമെന്നും അദ്ദേഹം പറഞ്ഞു.
2016-ല്‍ ബി.ജെ.പിയുടെ ഹെലികോപ്റ്ററില്‍ പറന്ന് നടന്ന് ബി.ഡി.ജെ.എസിനും ബി.ജെ.പിക്കും വോട്ട് പിടിച്ച വെള്ളാപ്പള്ളിയെ വെറുക്കപ്പെട്ടവനായി ചിത്രീകരിച്ച് ആക്ഷേപിച്ച എല്‍.ഡി.എഫ് നേതാക്കള്‍ ഭരണത്തിലേറിയപ്പോള്‍ എങ്ങിനെ വെള്ളാപ്പള്ളി സംരക്ഷകരായി മാറി എന്നത് കേരളത്തിലെ പ്രബുദ്ധരായ ഈഴവ സമുദായം തിരിച്ചറിഞ്ഞെന്ന സത്യം മുഖ്യമന്ത്രിയും എല്‍.ഡി.എഫ് നേതാക്കളും തിരിച്ചറിയാന്‍ തയ്യാറായില്ലെങ്കില്‍ വരാനിരിക്കുന്ന നാളുകളില്‍ പാര്‍ട്ടി വലിയ വില കൊടുക്കേണ്ടിവരുമെന്നു അഡ്വ. സി.കെ വിദ്യാസാഗര്‍ മുന്നറിയിപ്പ് നല്‍കി.