പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ടബലാല്‍സംഘം ചെയ്തു ; തെലങ്കാന കത്തുന്നു

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ആഢംബര കാറില്‍ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. 18 വയസുള്ള രണ്ട് പ്ലസ് ടു വിദ്യാര്‍ത്ഥികളും പ്രായപൂര്‍ത്തിയാകാത്ത ഒരാളുമാണ് അറസ്റ്റിലായിട്ടുള്ളത്. പ്രായപൂര്‍ത്തിയാകാത്ത മറ്റ് രണ്ട് പ്രതികള്‍ക്കായി തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയതായി പൊലീസ് അറിയിച്ചു. തെലങ്കാന ആഭ്യന്തര മന്ത്രിയുടെ കൊച്ചുമകനും ടിആര്‍എസ് എംഎല്‍എയുടെ മകനും കേസില്‍ പങ്കുണ്ടെന്ന ആരോപണം ശക്തമായിരിക്കുകയാണ്. കേസ് അട്ടിമറിക്കാന്‍ പൊലീസ് ശ്രമിക്കുന്നുവെന്ന് ചൂണ്ടികാട്ടി ബിജെപിയും കോണ്‍ഗ്രസും വ്യാപക പ്രതിഷേധമാണ് നടത്തുന്നത്.18 വയസ് പൂര്‍ത്തിയായ പ്ലസ് ടു വിദ്യാര്‍ത്ഥികളായ സദാദ്ദുദീന്‍ മാലിക്ക്, ഒമര്‍ ഖാന്‍, പ്ലസ് വണ്‍ വിദ്യാര്‍ത്ഥി എന്നിവരാണ് ഇതുവരെ അറസ്റ്റിലായത്. പ്രായപൂര്‍ത്തിയാകാത്ത മറ്റ് രണ്ട് പ്രതികളെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.

രാഷ്ട്രീയ രംഗത്ത് ഉന്നത സ്വാധീനമുള്ളവരുടെ മക്കളാണ് ഈ അഞ്ച് പേരും. കഴിഞ്ഞ മാസം 28ന് രാത്രി സുഹൃത്തുക്കളുമൊത്ത് പാര്‍ട്ടി കഴിഞ്ഞ് മടങ്ങുകയായിരുന്ന പെണ്‍കുട്ടിയാണ് കൂട്ട ബലാത്സംഗത്തിന് ഇരയായത്. സുഹൃത്തുക്കള്‍ പോയതിന് പിന്നാലെ പെണ്‍കുട്ടി ഒറ്റയ്ക്കായ തക്കം നോക്കി ബെന്‍സ് കാറില്‍ എത്തിയ അഞ്ചംഗ സംഘം ലിഫ്റ്റ് വാഗ്ദാനം ചെയ്ത് പെണ്‍കുട്ടിയെ കാറില്‍ കയറ്റുകയായിരുന്നു. തുടര്‍ന്ന് ആളൊഴിഞ്ഞ ജൂബിലി ഹില്‍സില്‍ കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു. ഈ ചുവന്ന ബെന്‍സ് കാര്‍ നഹീന്‍ ഫാത്തിമ എന്നയാളുടെ പേരിലുള്ളതാണ്. ടിആര്‍എസുമായി അടുത്ത ബന്ധമുള്ളയാളാണ് ബിസിനസുകാരനായ കാര്‍ ഉടമ നഹീന്‍ ഫാത്തിമ. ടിആര്‍എസ് എംഎല്‍എയുടെ മകന്‍ അഞ്ചംഗ സംഘത്തിന്റെ കൂടെ പെണ്‍കുട്ടിക്കൊപ്പം പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ എംഎല്‍എയുടെ മകന്‍ വഴിമധ്യേ കാറില്‍ നിന്ന് ഇറങ്ങിയെന്നും കൂട്ടബലാത്സംഗത്തില്‍ ഉള്‍പ്പെട്ടിട്ടില്ലെന്നുമാണ് പൊലീസ് വിശദീകരണം.

ബെന്‍സില്‍ പെണ്‍കുട്ടിയെ കൊണ്ടുപോയതിന് പിന്നാലെ മറ്റൊരു സംഘം ഒരു ഇന്നോവ കാറില്‍ പിന്തുടര്‍ന്ന് എത്തിയെന്നും തുടര്‍ന്ന് ഇന്നോവയില്‍ വച്ചാണ് ബലാത്സംഗം ചെയ്തതെന്നും പൊലീസ് പറയുന്നു. പബ്ബില്‍ വച്ചുള്ള പരിചയത്തെ തുടര്‍ന്നാണ് പെണ്‍കുട്ടി കാറില്‍ കയറിയത്. ദേഹത്തടക്കം മുറിവ് കണ്ടതിനെ തുടര്‍ന്ന് വീട്ടുകാര്‍ വിവരം തേടിയപ്പോഴാണ് പീഡനം വിവരം പുറത്തിറിയുന്നത്. കൗണ്‍സിലിങ് നല്‍കിയ ശേഷമാണ് പ്രതികളിലൊരാളുടെ പേര് പെണ്‍കുട്ടിക്ക് ഓര്‍മ്മിക്കാനായത്. തെലങ്കാന ആഭ്യന്തര മന്ത്രി മൊഹമ്മൂദ് അലിയുടെ കൊച്ചുമകന്‍, എഐഎംഐഎം നേതാവിന്റെ മകന്‍, ന്യൂനപക്ഷ കമ്മീഷന്‍ ബോര്‍ഡംഗത്തിന്റെ മകന്‍ എന്നിവരാണ് മറ്റ് പ്രതികളെന്ന ആരോപണം ശക്തമാണ്. എന്നാല്‍, പൊലീസ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. കെസിആര്‍ സര്‍ക്കാര്‍ കേസ് അട്ടിമറിക്കുകയാണെന്ന് ആരോപിച്ച് തെലങ്കാനയില്‍ വ്യാപക പ്രതിഷേധമാണ് നടക്കുന്നത്. ആഭ്യന്തര മന്ത്രിയുടെ വസതിയിലേക്ക് മാര്‍ച്ച് നടത്തിയ നിരവധി കോണ്‍ഗ്രസ് ബിജെപി പ്രവര്‍ത്തകരെ കസ്റ്റിഡിയിലെടുത്തു.