എട്ടാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസില്‍ 16-കാരനടക്കം മൂന്നുപേര്‍ പിടിയില്‍

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ 16-കാരനടക്കം മൂന്നുപേര്‍ പിടിയില്‍. എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ 16-കാരനെയും ഇയാളുടെ അമ്മയുടെ സുഹൃത്തായ ചുള്ളിമാനൂരിലെ പുല്ലമ്പാറ സന്തോഷ്(36) എന്നയാളെയും പോലീസ് അറസ്റ്റ് ചെയ്തത്. 16-കാരന് പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ഒത്താശ ചെയ്തതിനാണ് സന്തോഷിനെ പിടികൂടിയത്. പെണ്‍കുട്ടി നാലാംക്ലാസില്‍ പഠിക്കുമ്പോള്‍ ലൈംഗികമായി പീഡിപ്പിച്ചതിന് ബന്ധുവായ 50-കാരനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. സ്‌കൂളിലേക്ക് പോകാനിറങ്ങിയ പെണ്‍കുട്ടിയെ സുഹൃത്തായ 16കാരനും ഇയാളുടെ അമ്മയുടെ സുഹൃത്തായ സന്തോഷും വാനില്‍ കയറ്റി ചുള്ളിയൂരിലെ ആളൊഴിഞ്ഞ വീട്ടിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു.

ഇവിടെവെച്ച് 16-കാരന്‍ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. സന്തോഷാണ് ഇതിന് അവസരമൊരുക്കി നല്‍കിയത്. തുടര്‍ന്ന് ഉച്ചയോടെ പെണ്‍കുട്ടിയെ ഇവര്‍ വീണ്ടും കാറില്‍ കയറ്റി വഴിയില്‍ ഇറക്കിവിട്ടു. കുട്ടി ക്ലാസിലെത്തിയില്ലെന്ന് സ്‌കൂള്‍ അധികൃതര്‍ അറിയിച്ചപ്പോഴാണ് വീട്ടുകാര്‍ സംഭവമറിയുന്നത്. ഇതോടെ വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കുകയും പെണ്‍കുട്ടിയെ കണ്ടെത്തുകയുമായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പെണ്‍കുട്ടി ക്രൂരപീഡനത്തിനിരയായെന്ന് വ്യക്തമായത്. പെണ്‍കുട്ടി വിവരങ്ങള്‍ വീട്ടുകാരോട് പറയുകയും ചെയ്തു. തുടര്‍ന്നാണ് 16കാരനും സന്തോഷും അറസ്റ്റിലായത്. വനിതാ പൊലീസ് വിശദമായി മൊഴിയെടുത്തപ്പോഴാണ് മുമ്പുണ്ടായ പീഡന വിവരവും പെണ്‍കുട്ടി വെളിപ്പെടുത്തിയത്. നാലാം ക്ലാസില്‍ പഠിക്കുമ്പോള്‍ അടുത്ത ബന്ധുവായ 50 വയസുകാരനില്‍ നിന്ന് രണ്ടു തവണ പീഡനമുണ്ടായെന്ന് പെണ്‍കുട്ടി പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇയാളെയും അറസ്റ്റ് ചെയ്തു.