പ്രവാചക നിന്ദ ; പ്രതിഷേധം അറിയിച്ച് ഗള്‍ഫ് രാജ്യങ്ങൾ
ബി ജെ പി വക്താക്കള്‍ പ്രവാകന്‍ മുഹമ്മദ് നബിയെ നിന്ദിച്ചു കൊണ്ട് നടത്തിയ പ്രസ്താവന രാജ്യത്തിന് പുറത്തും പ്രതിഷേധത്തിന് വഴി തുറക്കുന്നു. ഇന്ത്യന്‍ സ്ഥാനപതിയെ വിളിച്ചു വരുത്തിയ ഖത്തര്‍ സംഭവത്തില്‍ തങ്ങളുടെ പ്രതിഷേധം അറിയിച്ചു.പ്രവാചക നിന്ദയില്‍ ഒമാനിലും വലിയ പ്രതിഷേധമുണ്ടായി. ഇന്ത്യ ഭരിക്കുന്ന പാര്‍ട്ടിയുടെ വക്താവിന്റെ പ്രസ്താവന അംഗീകരിക്കാനാവില്ലെന്ന് ഒമാന്‍ ഗ്രാന്റ് മുഫ്തി ഷെയ്ക്ക് അഹമ്മദ് ബിന്‍ ഹമദ് അല്‍ ഖലിലി പ്രസ്താവനയില്‍ പറഞ്ഞു. ബിജെപി വക്താവ് നുപൂര്‍ ശര്‍മയും നവീന്‍ കുമാര്‍ ജിന്‍ഡാലുമാണ് വിവാദ പ്രസ്താവന നടത്തിയത്. ബിജെപി നേതാവിന്റെ വിവാദ പരാമര്‍ശത്തെ ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ വലിയ സംഘര്‍ഷം അരങ്ങേറിയതിന് പിന്നാലെയാണ് ദോഹയിലെ ഇന്ത്യന്‍ പ്രതിനിധിയെ വിളിച്ചു വരുത്തി ഖത്തര്‍ സര്‍ക്കാര്‍ വിഷയത്തില്‍ തങ്ങളുടെ പ്രതിഷേധം അറിയിച്ചത്. ഇതിനു പിന്നാലെ വിഷയത്തില്‍ വിശദീകരണവുമായി ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയത്തിന്റെ പ്രസ്താവനയും പുറത്തിറങ്ങി.
‘ചില വ്യക്തികള്‍ നടത്തിയ വിവാദ പ്രസ്താവനകളും ട്വീറ്റുകളും ഒരു തരത്തിലും ഇന്ത്യന്‍ സര്‍ക്കാരിന്റെ വീക്ഷണങ്ങളെ പ്രതിഫലിപ്പിക്കുന്നില്ല. ഇത് വിവിധ വ്യക്തികളുടെ കാഴ്ചപ്പാടുകളാണ്’ എന്ന് അംബാസഡര്‍ ദീപക് മിത്തല്‍ അറിയിച്ചതായി ഖത്തറിലെ ഇന്ത്യന്‍ എംബസി പ്രസ്താവനയില്‍ പറഞ്ഞു. ‘നാനാത്വത്തില്‍ ഏകത്വം എന്ന മഹത്തായ പരാമ്പര്യം ഉയര്‍ത്തി പിടിച്ചാണ് ഇന്ത്യ മുന്നോട്ട് നീങ്ങുന്നത്. ഇന്ത്യന്‍ സര്‍ക്കാര്‍ എല്ലാ മതങ്ങള്‍ക്കും പരമോന്നത ബഹുമാനം നല്‍കുന്നു. അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയവര്‍ക്കെതിരെ ബന്ധപ്പെട്ട സംഘടനകള്‍ ശക്തമായ നടപടി സ്വീകരിച്ചിട്ടുണ്ട്. ഇത്തരം പ്രസ്താവനകള്‍ ഇന്ത്യയുടെ പൊതുനിലപാടായി കാണരുത്,’ ഇന്ത്യന്‍ എംബസിയുടെ പ്രസ്താവനയില്‍ പറയുന്നു.
ബിജെപി ദേശീയ വക്താവായിരുന്ന നുപുര്‍ ശര്‍മയാണ് വിവാദ പ്രസ്താവന നടത്തിയത്. ഇത് പിന്നീട് ഇവര്‍ പിന്‍വലിച്ചു. തന്റെ പരാമര്‍ശം ആരുടെയെങ്കിലും മതവികാരത്തെ വ്രണപ്പെടുത്തിയിട്ടുണ്ടെങ്കില്‍ പ്രസ്താവന പിന്‍വലിക്കുകയാണെന്ന് നുപുര്‍ പറഞ്ഞു. വിവാദ പ്രസ്താവനയ്ക്ക് പിന്നാലെ നുപുറിനെ ബിജെപി പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ട്വിറ്ററിലൂടെ ഇവര്‍ പ്രസ്താവന പിന്‍വലിക്കുന്നതായി അറിയിച്ചത്. ബിജെപിയുടെ ഡല്‍ഹി ഘടകം മാധ്യമ വിഭാഗത്തിന്റെ ചുമതലയില്‍ നിന്ന് നവീന്‍ കുമാര്‍ ജിന്‍ഡലിനെയും നീക്കിയിരുന്നു. ഗ്യാന്‍വാപി സംഭവത്തെ കുറിച്ചുള്ള ഒരു ടിവി ചര്‍ച്ചയിലാണ് നുപുര്‍ വിവാദ പരാമര്‍ശം നടത്തിയത്. ഇസ്ലാമിക മതഗ്രന്ഥങ്ങളില്‍ നിന്നുള്ള ചില കാര്യങ്ങള്‍ ആളുകള്‍ പരിഹാസ പാത്രമാണെന്ന് നുപുര്‍ പറഞ്ഞു. മുസ്ലീങ്ങള്‍ ഹിന്ദു വിശ്വാസത്തെ പരിഹസിക്കുകയാണെന്നും മസ്ജിദ് സമുച്ചയത്തിനുള്ളില്‍ കണ്ടെത്തിയെന്ന് അവകാശപ്പെടുന്ന ‘ശിവലിംഗം’ ജലധാരയ്ക്കുപയോഗിച്ച സ്ഥൂപമാണെന്നാണ് അവര്‍ പറയുന്നതെന്നും നുപുര്‍ ആരോപിച്ചു. മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് ഇവര്‍ക്കെതിരെ നേരത്തെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.