സ്വര്‍ണ്ണക്കടത്ത് ; മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരെ ഗുരുതര ആരോപണവുമായി സ്വപ്നാ സുരേഷ്
സ്വര്‍ണ്ണക്കടത്ത് കേസ് വീണ്ടും വാര്‍ത്തകളില്‍ നിറയുന്നു. മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനും എതിരെ ഗുരുതര ആരോപണങ്ങളുമായി സ്വപ്ന കടത്ത് കേസിലെ മുഖ്യപ്രതികളില്‍ ഒരാളായ സ്വപ്ന സുരേഷ് . നയതന്ത്ര സ്വര്‍ണക്കടത്തു കേസുമായി ബന്ധപ്പെട്ട കള്ളപ്പണ കേസില്‍ എറണാകുളം ജില്ലാ കോടതിയില്‍ രഹസ്യമൊഴി നല്‍കിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സ്വപ്ന. മുഖ്യമന്ത്രി, ഭാര്യ കമല, മകള്‍ വീണ, മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന സി എം രവീന്ദ്രന്‍, നളിനി നെറ്റോ, മുന്‍മന്ത്രി കെ ടി ജലീല്‍ എന്നിവര്‍ക്കുള്ള പങ്ക് കോടതിയില്‍ മൊഴിയായി നല്‍കിയെന്ന് സ്വപ്ന മാധ്യമങ്ങളോട് പറഞ്ഞു.
2016ല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായില്‍ പോയപ്പോഴാണ് ശിവശങ്കര്‍ ആദ്യമായി തന്നെ ബന്ധപ്പെടുന്നത്. മുഖ്യമന്ത്രി എത്തുന്നതുമായി ബന്ധപ്പെട്ട പ്രോട്ടോകോള്‍ പരിശോധിക്കുന്നതിനും വിമാനത്താവളത്തില്‍ വേണ്ട സൗകര്യങ്ങള്‍ ഒരുക്കുന്നതിനും വിളിച്ചു. പിന്നീട് മുഖ്യമന്ത്രി അടിയന്തരമായി ഒരു ബാഗ് മറന്നുവച്ചെന്നും അത് എത്രയും പെട്ടെന്ന് എത്തിക്കണമെന്നും ശിവശങ്കര്‍ സ്വപ്നയെ അറിയിച്ചു. തുടര്‍ന്ന് കോണ്‍സുലേറ്റ് ഉദ്യോഗസ്ഥന്‍ വഴി അത് കൊടുത്തുവിട്ടെന്നും സ്വപ്ന പറഞ്ഞു. ശിവശങ്കറിന്റെ നിര്‍ദേശ പ്രകാരമാണ് വസ്തുക്കള്‍ എത്തിച്ചത്. കോണ്‍സലേറ്റില്‍ സ്‌കാന്‍ ചെയ്തപ്പോള്‍ ഈ ബാഗില്‍ കറന്‍സിയായിരുന്നുവെന്ന് മനസിലാക്കി. മുഖ്യമന്ത്രി, അദ്ദേഹത്തിന്റെ ഭാര്യ, മകള്‍, നളിനി നെറ്റോ എന്നിവര്‍ക്ക് കാര്യങ്ങള്‍ അറിയാം – സ്വപ്ന വെളിപ്പെടുത്തുന്നു.
കൂടാതെ സംശയകരമായ സാഹചര്യത്തില്‍ ബിരിയാണി ചെമ്പ് പാത്രം കോണ്‍സല്‍ ജനറല്‍ ക്ലിഫ് ഹൗസിലേക്ക് കൊടുത്തുവിട്ടിട്ടുണ്ട്. ഇതില്‍ മെറ്റലിന്റെ സാന്നിധ്യമുണ്ടെന്നും സ്വപ്ന പറയുന്നു. സ്വര്‍ണക്കടത്ത് കേസില്‍ കൂടുതല്‍ വിവരങ്ങള്‍ ഇനിയും പുറത്തു വരാനുണ്ടെന്നും സ്വപ്ന മാധ്യമങ്ങളോട് പറഞ്ഞു. കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്കു വിശദമായി മൊഴി നല്‍കിയിട്ടും പല കാര്യങ്ങളും വേണ്ടവിധം അന്വേഷിച്ചിട്ടില്ലെന്നു സ്വപ്ന കുറ്റപ്പെടുത്തി. ജില്ലാ കോടതിയില്‍ സ്വപ്ന ഹര്‍ജി നല്‍കിയാണ് രഹസ്യമൊഴി രേഖപ്പെടുത്താനുള്ള ഉത്തരവു നേടിയത്. മജിസ്‌ട്രേട്ട് മുന്‍പാകെ ഇന്നലെ രഹസ്യമൊഴി നല്‍കിയെങ്കിലും പൂര്‍ത്തിയാകാത്തതിനെ തുടര്‍ന്നാണ് ഇന്നും രേഖപ്പെടുത്താന്‍ എത്തിയത്. മൊഴി നല്‍കിയ ശേഷം കൂടുതല്‍ വിവരങ്ങള്‍ പൊതുസമൂഹത്തിനു മുന്നില്‍ വെളിപ്പെടുത്തുമെന്നും സ്വപ്ന കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
അറസ്റ്റിലായ ശേഷം കേന്ദ്ര അന്വേഷണ ഏജന്‍സികളായ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ), കസ്റ്റംസ്, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) എന്നിവര്‍ സ്വപ്നയുടെ മൊഴികള്‍ വിശദമായി രേഖപ്പെടുത്തിയിരുന്നു. കോഫെപോസ കരുതല്‍ തടങ്കല്‍ അവസാനിച്ചു പുറത്തിറങ്ങിയ ശേഷം കേസിലെ കൂട്ടുപ്രതിയായ എം.ശിവശങ്കറിനെതിരെ സ്വപ്ന രൂക്ഷമായ വിമര്‍ശനം നടത്തിയിരുന്നു. എന്നാല്‍ ഇതിലൊന്നും യാതൊരു വിധ അന്വേഷണത്തിനും കേന്ദ്ര ഏജന്‍സികള്‍ പോലും തയ്യാറാകുന്നില്ല എന്നതാണ് സത്യം.