സ്വപ്നയുടെ വെളിപ്പെടുത്തല്‍ കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കണം : വി ഡി സതീശന്‍
സ്വപ്നയുടെ വെളിപ്പെടുത്തല്‍ കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കണമെന്നു പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സ്വപ്നയുടെ വെളിപ്പെടുത്തലില്‍ യുഡിഎഫ് നിയമനടപടി ആലോചിക്കുന്നതായി വി ഡി സതീശന്‍ അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനും എതിരായ കറന്‍സി കടത്ത് ആരോപണങ്ങളില്‍ കേന്ദ്ര ഏജന്‍സികള്‍ എന്ത് നിലപാട് സ്വീകരിക്കുമെന്നാണ് യുഡിഎഫ് ഉറ്റുനോക്കുന്നതെന്നും വി ഡി സതീശന്‍ കൊല്ലത്ത് പറഞ്ഞു. സ്വപ്ന ഇപ്പോള്‍ നടത്തിയ വെളിപ്പെടുത്തലുകള്‍ നേരത്തെയും കുറ്റസമ്മത മൊഴിയായി നല്‍കിയിരുന്നു. എന്നാല്‍ അന്ന് അതിനെക്കുറിച്ച് അന്വേഷിച്ചില്ല. സംഘപരിവാര്‍ ശക്തികളും സിപിഎം നേതൃത്വവും തമ്മില്‍ ഇടനിലക്കാരുടെ സഹായത്തോടെ അന്ന് ഒത്തുതീര്‍പ്പിലെത്തിയതാണ് ഇതിന് കാരണം. സ്വര്‍ണ്ണ കടത്ത് കേസില്‍ കേരളത്തിലെ ബിജെപി നേതാക്കളിലെ പലരും ഇടനിലക്കാരാണ്. അവരുടെ ഇടപെടലിനെ തുടര്‍ന്നാണ് അന്ന് കേസ് പൂട്ടിക്കെട്ടിയതെന്നും വി ഡി സതീശന്‍ ആരോപിച്ചു.
മുഖ്യമന്ത്രിയുടേയും ഓഫീസിന്റെയും എതിരെ ഗുരുതരമായ ആരോപണങ്ങളാണ് സ്വപ്ന സുരേഷിന്റെ ഭാഗത്ത് നിന്നും ഉണ്ടായത്. കേസെടുത്ത് അന്വേഷിക്കാന്‍ കേന്ദ്ര ഏജന്‍സികള്‍ തയ്യാറാകണം. ഉമ്മന്‍ ചാണ്ടിക്കെതിരെ ആരോപണവിധേയയുടെ കയ്യില്‍ നിന്നും പരാതി എഴുതി വാങ്ങിയ ആളാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. ഉമ്മന്‍ ചാണ്ടിക്ക് ഒരു നീതി പിണറായിക്ക് മറ്റൊരു നീതിയെന്നത് പറ്റുമോ? സ്വപ്നയുടെ വെളിപ്പെടുത്തലില്‍ യുഡിഎഫ് നിയമനടപടി ആലോചിക്കുന്നുണ്ട്. സമരവുമായി മുന്നോട്ട് പോകുമെന്നും സതീശന്‍ പറഞ്ഞു. അതേസമയം സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയെ സഹായിക്കുന്ന നിലപാടാണ് ബി.ജെപി സ്വീകരിക്കുന്നതെന്ന് യൂത്ത് ലീഗ്. മുഖ്യമന്ത്രിക്കെതിരെ പരാതി ഉയര്‍ന്നിട്ടും അന്വേഷണ ഏജന്‍സികള്‍ മുഖ്യമന്ത്രിയെ ചോദ്യം ചെയ്തില്ല.കേസില്‍ ബി ജെ പിക്ക് ലാഭമാണ്. സുരേന്ദ്രനെ തെരഞ്ഞെടുപ്പ് കോഴക്കേസില്‍ അറസ്റ്റ് ചെയ്യുന്നില്ല. 100 കോടി കോഴപ്പണ കേസിലും നടപടിയില്ല. സി പി എമ്മും ബിജെപിയും പരസ്പര സഹായ കമ്മിറ്റിയാണ് . സ്വര്‍ണ്ണ ക്കടത്ത് കേസില്‍ സുപ്രീം കോടതിയുടെ മേല്‍ നോട്ടത്തില്‍ അന്വേഷണം നടത്തണം.
ലീഗ് വലിയ പ്രക്ഷോഭങ്ങള്‍ നടത്തും. മുഖ്യമന്ത്രിയെ ചോദ്യം ചെയ്യണം.സ്വപ്നയുടേത് പുതിയ വെളിപ്പെടുത്തലല്ല. എല്ലാം അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞ കാര്യങ്ങളാണ്. എന്നിട്ടും നടപടി ഉണ്ടായില്ല.സുപ്രീം കോടതിയുടെ മേല്‍ നോട്ടത്തില്‍ അന്വേഷണം വേണം . ഇക്കാര്യം നിയമ വിദഗ്ദരുമായി ആലോചിക്കും. യൂത്ത് ലീഗ് കേസില്‍ കക്ഷിചേരുമെന്നും സംസ്ഥാന പ്രസിഡണ്ട് പി.കെ.ഫിറോസ് വ്യക്തമാക്കി. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ ഒന്നാം പ്രതിയായ ബത്തേരി തെരെഞ്ഞെടുപ്പ് കേസില്‍ സ്പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിച്ചു ഉത്തരവിറക്കിയത് സി.പി.എം- ബി.ജെ.പി കൂട്ടുകച്ചവടമാണെന്ന് എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ് ആരോപിച്ചു. ഫേസ് ബുക്ക് കുറിപ്പിലാണ് നവാസിന്റെ ആരോപണം.സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായി അഡ്വ. പി. ചാത്തുക്കുട്ടിയെ നിയമിച്ചാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്.കേസിലെ കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കാനിരിക്കെ അസാധാരണമായ രീതിയില്‍ ധൃതി പിടിച്ചാണ് ഈ നിയമനമെന്നാണ് ആരോപണം.മുഖ്യമന്ത്രിയെ രക്ഷിക്കാന്‍ ബത്തേരി കേസ് ഒതുക്കാനാണ് ഈ ശ്രമമെന്ന് പി.കെ നവാസ് കുറ്റപ്പെടുത്തി.