സ്വര്‍ണ്ണക്കടത്ത് ; പ്രതികാര നടപടിയുമായി സര്‍ക്കാര്‍ ; സ്വപ്നയ്ക്കും പി സി ജോര്‍ജിനുമെതിരെ കേസെടുത്ത് കേരളാ പൊലീസ്
സ്വപ്ന സുരേഷിനെയും പി സി ജോര്‍ജിനെയും പ്രതിചേര്‍ത്താണ് കന്റോണ്‍മെന്റ് പൊലീസ് കേസെടുത്തത്. കേസ് എഡിജിപിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷിക്കും. കെ ടി ജലീല്‍ നല്‍കിയ പരാതിയില്‍ ആണ് പോലീസിന്റെ നടപടി. സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിന് പിന്നിലെ ഗൂഢാലോചനയെ കുറിച്ച് അന്വേഷണമെന്നാണ് കെ ടി ജലീന്റെ പരാതി. എന്നാല്‍ വ്യക്തമായ പകപോക്കല്‍ ആണ് സര്‍ക്കാര്‍ ഭാഗത്തു നിന്നും ഉണ്ടാകുന്നത്. എതിരെ നില്‍ക്കുന്നവരെ പോലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്താനുള്ള ശ്രമമാണ് എന്ന ആരോപണം ശക്തമാണ്. സ്വപ്നയുടെ വെളിപ്പെടുത്തിന്റെ പ്രകമ്പനം തീരും മുമ്പ് തിരിച്ചാക്രമിച്ച് വിവാദങ്ങളെ നേരിടുകയാണ് സര്‍ക്കാര്‍.
വെളിപ്പെടുത്തലിനു പിന്നാലെ ഇന്ന് രാവിലെ ആദ്യം ലൈഫ് മിഷന്‍ കേസില്‍ നാടകീയമായി സരിത്തിനെ വിജിലന്‍സ് കസ്റ്റഡിയിലെടുത്തതാണ് ആദ്യനീക്കം. ഒരാളെ കസ്റ്റഡിയിലെടുക്കുന്നതിനുള്ള വിജിലന്‍സിന്റെ പതിവ് നടപടികള്‍ തെറ്റിച്ചാണ് അതിവേഗം സരിത്തിനെ കൊണ്ടുപോയത്. ഈ കേസില്‍ സരിത്തിനെ നേരത്തെ ചോദ്യം ചെയ്തതാണ്. വര്‍ഷങ്ങളായി ഇഴഞ്ഞുനീങ്ങുന്ന ലൈഫ് മിഷന്‍ കേസിലെ തിരക്കിട്ടുള്ള ഈ നടപടി സ്വപ്നയുടെ വെളിപ്പെടുത്തലിനെതിരായ തുടര്‍നീക്കം തന്നെയാണ്. ലൈഫില്‍ സിബിഐ അന്വേഷണത്തിന് തടയിടാനും ആദ്യം സര്‍ക്കാര്‍ ഇറക്കിയത് വിജിലന്‍സിനെ തന്നെയായിരുന്നു. സിബിഐ വരും മുമ്പ് ലൈഫിലെ ഫയലുകള്‍ വിജിലന്‍സ് കൊണ്ടുപോയത് അന്വേഷണം അട്ടിമറിക്കാനാണെന്ന ആക്ഷേപം ഉയര്‍ന്നിരുന്നു. ലൈഫ് കേസില്‍ പ്രതിയായ ശിവശങ്കറിനെ നേരത്തെ വിജിലന്‍സ് ചോദ്യം ചെയ്തതാണെങ്കിലും അന്വേഷണം പൂര്‍ത്തിയാക്കിയിരുന്നില്ല. എന്നാല്‍ സ്വപ്നയുടെ വെളിപ്പെടുത്തലിനെ കുറിച്ച് മാത്രമാണ് വിജിലന്‍സ് ചോദിച്ചത് എന്നാണ് സരിത്ത് മാധ്യമങ്ങള്‍ക്ക് മുന്നില്‍ പറഞ്ഞത്.
സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണകേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്തിമ കുറ്റപത്രം നല്‍കാനിരിക്കെയാണ് സ്വപ്ന സുരേഷിന്റെ പുതിയ വെളിപ്പെടുത്തല്‍. മുഖ്യമന്ത്രി പിണറായി വിജയന്‍, ഭാര്യ കമല, മകള്‍ വീണ, എം ശിവശങ്കര്‍, കെ ടി ജലീല്‍ അടക്കമുള്ളവര്‍ക്ക് വിദേശത്തേക്ക് കറന്‍സി കടത്തിയതില്‍ പങ്ക് വെളിപ്പെടുത്തിയാണ് സ്വപ്നയുടെ മൊഴി. മുഖ്യമന്ത്രി പിണറായി വിജയന്‍ 2016-ല്‍ നടത്തിയ വിദേശ സന്ദര്‍ശനത്തിനിടെ കറന്‍സി കടത്തിയെന്നാണ് സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തല്‍. കള്ളപ്പണക്കേസില്‍ രഹസ്യമൊഴി നല്‍കിയ ശേഷമായിരുന്നു സ്വപ്നയുടെ മാധ്യമങ്ങളോടുള്ള വെളിപ്പെടുത്തല്‍.