ഗതിമാറി ഒഴുകിയ പുഴയെ നേര്‍വഴി കാട്ടി നാട്ടുകാര്‍ ; സംഭവം കാസര്‍കോട്
കാസര്‍കോട് ചിത്താരിപ്പുഴയാണ് ഗതിമാറി ഒഴുകിയത്. എന്നാല്‍ ഏറെ നേരം നീണ്ട കഠിനാധ്വാനത്തിലൂടെ, കൈമെയ് മറന്ന് നാട്ടുകാര്‍ പുഴയ്ക്ക് നേര്‍വഴി കാട്ടിക്കൊടുത്തു. കാസര്‍കോട് ജില്ലയിലെ അജാനൂരിലാണ് സംഭവം. അജാനൂരിലെത്തിയപ്പോഴാണ് ചിത്താരിപ്പുഴ ഗതി മാറിയത്. അജാനൂരിലെ മീനിറക്ക് കേന്ദ്രത്തിന് ഈ ഒഴുക്ക് ഭീഷണിയായി. ഇതോടെയാണ് പുഴയുടെ ഒഴുക്ക് തടയാന്‍ നാട്ടുകാര്‍ രംഗത്തെത്തിയത്. തടയണ നിര്‍മ്മിച്ച് പുഴയെ നേര്‍വഴിക്ക് കൊണ്ടുവരാനായിരുന്നു ശ്രമം. നാട്ടുകാരോടൊപ്പം മത്സ്യത്തൊഴിലാളികളും തൊഴിലുറപ്പ് തൊഴിലാളികളും കൂടി. മണല്‍ച്ചാക്കുകളും മുളയും ഓലയും വടവും അങ്ങിനെ കൈയ്യില്‍ കിട്ടിയതെല്ലാം ഉപയോഗിച്ച് തടയണ നിര്‍മ്മാണം തുടങ്ങി.
രണ്ടായിരത്തോളം മണല്‍ച്ചാക്കുകളാണ് നാട്ടുകാര്‍ തടയണയ്ക്കായി ഉപയോഗിച്ചത്. അന്‍പതോളം പേരാണ് തടയണ നിര്‍മ്മാണത്തിനായി രംഗത്ത് ഇറങ്ങിയത്. നൂറുകണക്കിന് ഓലയും ഉപയോഗിച്ചു. ചിത്താരിക്കടപ്പുറത്ത് നിന്ന് ഒരു കിലോമീറ്ററോളം ദൂരത്തായാണ് അഴി മുറിഞ്ഞത്. സാധാരണ പുഴ അറബിക്കടലില്‍ ചെന്ന് ചേരുകയാണ് പതിവ്. എന്നാല്‍ ഗതിമാറിയതോടെ ഇത് അജാനൂര്‍ മീനിറക്ക് കേന്ദ്രത്തിന് സമീപത്തേക്ക് ഒഴുകാന്‍ തുടങ്ങി. ഏറെ നേരം നീണ്ട പരിശ്രമത്തിനൊടുവില്‍ പുഴയുടെ നീരൊഴുക്ക് ഒരു പരിധി വരെ പൂര്‍വസ്ഥിതിയിലാക്കാന്‍ നാട്ടുകാര്‍ക്ക് സാധിച്ചു. നാല് വര്‍ഷം മുന്‍പും സമാനമായ സാഹചര്യം ഉണ്ടായിരുന്നു. അന്നും ഇതേ മാര്‍ഗത്തില്‍ മണല്‍ ചാക്കുകള്‍ ഉപയോഗിച്ച് തടയണ നിര്‍മ്മിച്ചാണ് നാട്ടുകാര്‍ വെള്ളത്തിന്റെ ഗതി മാറ്റിയത്.