ബലമായി പിടിച്ചുകൊണ്ടുപോയി ; ചെരിപ്പിടാന്‍ പോലും സമ്മതിച്ചില്ല ; ചോദിച്ചത് സ്വപ്നയുടെ മൊഴിയെക്കുറിച്ചു മാത്രം : സരിത്ത്
വിജിലന്‍സ് പിടിച്ചുകൊണ്ടു പോയ സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സരിത്തിനെ വിട്ടയച്ചു. മറ്റൊരു പ്രതിയായ സ്വപ്ന സുരേഷിന്റെ ഫ്‌ലാറ്റില്‍ നിന്നാണ് ഇന്ന് രാവിലെ പതിനൊന്ന് മണിയോടെ വിജിലന്‍സ് കൊണ്ടുപോയത്. സംഭവത്തില്‍ ബന്ധുക്കള്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിക്കാനിരിക്കെയാണ് സരിത്തിനെ വിട്ടയച്ചിരിക്കുന്നത്. രണ്ടരമണിക്കൂറോളം സരിത്തിന്റെ മൊഴി വിജിലന്‍സ് രേഖപ്പെടുത്തി. ലൈഫ് മിഷനെക്കുറിച്ചൊന്നും വിജിലന്‍സ് ഒന്നും തന്നോട് ചോദിച്ചിട്ടില്ലെന്നും, സ്വപ്ന ഇന്നലെ മൊഴി കൊടുത്തത് ആര് പറഞ്ഞിട്ടെന്നാണ് തന്നോട് ചോദിച്ചതെന്നും സരിത്ത് വ്യക്തമാക്കി. ബലം പ്രയോഗിച്ചാണ് തന്നെ കൊണ്ടുപോയത്. ചെരിപ്പിടാന്‍ പോലും സമ്മതിച്ചില്ല. തനിക്ക് ഹാജരാകണമെന്നാവശ്യപ്പെട്ട് ഇതിന് മുമ്പ് വിജിലന്‍സ് നോട്ടീസൊന്നും തന്നിട്ടില്ലെന്നും സരിത്ത് പറയുന്നു. ഈ മാസം 16-ാം തീയതി തിരുവനന്തപുരത്തെ വിജിലന്‍സ് ഓഫീസില്‍ സരിത്തിനോട് ഹാജരാകാന്‍ വിജിലന്‍സ് നിര്‍ദേശിച്ചിട്ടുണ്ട്.
സരിത്തിനെ നിയമവിരുദ്ധമായി ഒരു സംഘം കസ്റ്റഡിയിലെടുത്തെന്നും ജീവന് ഭീഷണിയുണ്ടെന്നും ചൂണ്ടിക്കാണിച്ച് സരിത്തിന്റെ ബന്ധുക്കള്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിക്കാനിരിക്കുകയായിരുന്നു. സരിത്തിന്റെ ബന്ധുക്കള്‍ കൊച്ചിയിലെ അഭിഭാഷകരുമായി കൂടിയാലോചന നടത്തുകയും ചെയ്തു. നാളെ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കാനാണ് തീരുമാനിച്ചത്. അടിയന്തര പ്രാധാന്യം കണക്കിലെടുത്ത് ഹര്‍ജി നാളെത്തന്നെ പരിഗണിക്കണമെന്നും കോടതിയില്‍ ആവശ്യപ്പെടാന്‍ ആലോചിച്ചിരുന്നു. സരിത്ത് എവിടെയാണെന്നറിയില്ല, ആരാണ് കൊണ്ടുപോയതെന്നറിയില്ല, മുന്നറിയിപ്പ് നല്‍കിയില്ല, തന്റെ മകന്റെ ജീവന് ഭീഷണിയുണ്ട്, അതിനാല്‍ത്തന്നെ മകനെ ഉടനടി തിരിച്ചെത്തിക്കണമെന്നാവശ്യപ്പെട്ടാണ് സരിത്തിന്റെ അമ്മ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങിയത്. തന്നെ വലിച്ചിഴച്ചാണ് ഫ്‌ലാറ്റില്‍ നിന്ന് കൊണ്ടുപോയതെന്നും, തനിക്ക് ഇതിന് മുമ്പ് വിജിലന്‍സ് ഒരു നോട്ടീസും തന്നിട്ടില്ലെന്നും സരിത്ത് പുറത്തിറങ്ങിയ ശേഷം മാധ്യമങ്ങളോട് പറഞ്ഞു.
സരിത്തിനെ കസ്റ്റഡിയിലെടുക്കവേ സരിത്തിന്റെ ഫോണും വിജിലന്‍സ് പിടിച്ചെടുത്തിരുന്നു. ചോദ്യം ചെയ്യവേ സരിത്തിന്റെ ഫോണ്‍ വിജിലന്‍സ് കസ്റ്റഡിയിലായിരുന്നു, സരിത്തിനെ കസ്റ്റഡിയിലെടുക്കവേ ആരെയും വിളിക്കാന്‍ പോലും അനുവദിച്ചില്ലെന്ന് സ്വപ്ന സുരേഷ് ആരോപിച്ചിരുന്നു. ലൈഫ് മിഷന്‍ കേസുമായി ബന്ധപ്പെട്ട് ഹാജരാകാനാവശ്യപ്പെട്ടുള്ള കേസ് സരിത്ത് നോട്ടീസ് സ്വീകരിച്ചില്ലെന്ന് വിജിലന്‍സ് വ്യക്തമാക്കുന്നു. നോട്ടീസ് സ്വീകരിക്കുന്നതിന് പകരം നേരിട്ട് ഡിവൈഎസ്പിയെ കാണാന്‍ എത്താമെന്ന് സമ്മതിച്ചുവെന്നും വിജിലന്‍സ് വിശദീകരിക്കുന്നു. വീട്ടില്‍ നില്‍ക്കുമ്പോള്‍ മൂന്ന് പേര്‍ വന്നു ബെല്ലടിച്ചു. തുടര്‍ന്ന് വിജിലന്‍സ് സംഘം തന്നെ പിടിച്ചു കൊണ്ടുപോകുകയായിരുന്നു. ചെരിപ്പിടാന്‍ പോലും അനുവദിച്ചില്ല. ഫ്‌ലാറ്റിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകും. പൊലീസാണോ ഗുണ്ടകളാണോ തന്നെ പിടിച്ചുകൊണ്ടുപോകുന്നത് എന്ന് പോലും മനസിലായില്ല. വിജിലന്‍സ് ഓഫീസില്‍ എത്തിയപ്പോഴാണ് ആരാണ് പിടിച്ചുകൊണ്ടുപോയതെന്ന് മനസിലായത്. തന്റെ ഫോണ്‍ പിടിച്ചെടുത്തതായും സരിത്ത് മാധ്യമങ്ങളോട് പറഞ്ഞു.