യുഎഇ കോണ്‍സുലേറ്റില്‍ ദേശവിരുദ്ധ പ്രവര്‍ത്തനം ; മുഖ്യമന്ത്രിക്ക് പങ്കെന്ന് സ്വപ്ന സുരേഷ് കോടതിയില്‍
തിരുവനന്തപുരത്തെ യുഎഇ കോണ്‍സുലേറ്റ് കേന്ദ്രീകരിച്ച് നിയമവിരുദ്ധവും ദേശവിരുദ്ധവുമായ പ്രവര്‍ത്തനങ്ങള്‍ നടന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനും ഇതില്‍ പങ്കുണ്ടെന്നും സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ ഗുരുതര ആരോപണം. കെ ടി ജലീലിന്റെ പരാതിയില്‍ എടുത്ത കേസില്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യ ഹര്‍ജിയിലാണ് ഈ ആരോപണം ഉന്നയിച്ചിരിക്കുന്നത്.കോടതിയില്‍ നല്‍കിയ 164 മൊഴിയില്‍ ഇക്കാര്യം പറഞ്ഞിട്ടുണ്ടെന്നും ‘നിലവിലെ മുഖ്യമന്ത്രി പിണറായി വിജയന്‍, ഭാര്യ കമല, മകള്‍ വീണ, മുന്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍, ഐഎഎസ് ഉദ്യോഗസ്ഥരായ നളിനി നെറ്റോ, ശിവശങ്കര്‍ തുടങ്ങിയവര്‍ക്ക് സ്വര്‍ണക്കടത്ത് ഉള്‍പ്പെടെ യുഎഇ കോണ്‍സുലേറ്റില്‍ നടന്ന നീചവും നിയമവിരുദ്ധവും ദേശവിരുദ്ധവുമായ പ്രവര്‍ത്തനങ്ങളില്‍ പ്രത്യേക പങ്കാളിത്തമുണ്ട്’ എന്നും ഹര്‍ജിയില്‍ പറയുന്നു.
കോടതിയില്‍ നല്‍കിയ രഹസ്യമൊഴിയുടെ ചില വിശദാംശങ്ങളാണ് മാധ്യമങ്ങളില്‍ പങ്കുവെച്ചിരിക്കുന്നതെന്നും അതിന്റെ പേരിലാണ് ഗൂഢാലോചന, വധശ്രമം തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്ത് കേസെടുത്തിരിക്കുന്നതെന്നും സ്വപ്ന ഹര്‍ജിയില്‍ വ്യക്തമാക്കുന്നു. അതുപോലെ സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ താന്‍ നല്‍കിയ മൊഴി പിന്‍വലിക്കാന്‍ ആവശ്യപ്പെട്ട് തനിക്ക് ഭീഷണിയുണ്ടായാതായും സ്വപ്ന ഹര്‍ജിയില്‍ പറയുന്നുണ്ട്. മുഖ്യമന്ത്രിക്ക് വേണ്ടി ഷാജി കിരണ്‍ എന്നായാളാണ് തന്നെ സമീപിച്ചതെന്ന് സ്വപ്ന പറയുന്നു. ഷാജി തന്നോട് സംസാരിച്ചതിന്റെ ശബ്ദരേഖ തന്റെ പക്കലുണ്ടെന്ന് സ്വപ്ന വ്യക്തമാക്കുന്നു. മുഖ്യമന്ത്രിക്കെതിരായ മൊഴി പിന്‍വലിച്ചെങ്കില്‍ പത്ത് വയസ്സുള്ള മകന്‍ തനിച്ചാകുമെന്നാണ് ഭീഷണി. ഇന്ന് രാവിലെ പത്ത് മണിക്കകം മൊഴിമാറ്റാനാണ് ആവശ്യം.മുഖ്യമന്ത്രി പിണറായി വിജയനുമായും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായും അടുത്ത ബന്ധം തനിക്കുണ്ട്. കെ പി യോഹന്നാന്റെ ഒരു സംഘടനയുടെ ഡയറക്ടറായി പ്രവര്‍ത്തിക്കുന്നു. ഇവരുടെ വിദേശത്തുള്ള കാര്യങ്ങള്‍ താനാണ് കൈകാര്യം ചെയ്യുന്നത്. തുടങ്ങിയ കാര്യങ്ങള്‍ പറഞ്ഞാണ് ഷാജി കിരണ്‍ പരിചയപ്പെടുത്തിയത്’ സ്വപ്നയുടെ ഹര്‍ജിയില്‍ പറയുന്നു.
അതേസമയം കെ ടി ജലീലിന്റെ പരാതിയില്‍ കന്റോണ്‍മെന്റ് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ സ്വപ്ന സുരേഷ് നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. സ്വപ്നയ്ക്ക് എതിരെ ചുമത്തിയിരിക്കുന്നത് ജാമ്യം ലഭിക്കാവുന്ന കുറ്റങ്ങളെന്ന സര്‍ക്കാര്‍ വാദം അംഗീകരിച്ചാണ് ഹര്‍ജി കോടതി തള്ളിയത്. ‘സ്വപ്‌ന നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ നിലനില്‍ക്കില്ല. അറസ്റ്റിനുള്ള സാഹചര്യം നിലവിലില്ല. പ്രതികള്‍ക്ക് എതിരെ ചുമത്തിയിട്ടുള്ളത് ജാമ്യം ലഭിക്കാവുന്ന കുറ്റങ്ങളാണ്’. ഹര്‍ജിയ്ക്ക് പിറകില്‍ രാഷ്ട്രീയ താല്‍പ്പര്യമുണ്ടെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കിയിരുന്നു. കെ ടി ജലീലിന്റെ പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ പൊലീസിന്റെ അറസ്റ്റ് ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാണിച്ചാണ് സ്വപ്നയും സരിത്തും ഹൈക്കോടതിയെ സമീപിച്ചത്.