ഉദ്ഘാടന ദിവസം തൂക്കുപാലം തകര്‍ന്നുവീണു , അപകടത്തില്‍ പെട്ടവരില്‍ മേയറുടെ ഭാര്യയടക്കം 20 പേര്‍

ഉദ്ഘാടന ദിവസം തന്നെ തൂക്കുപാലം തകര്‍ന്ന് വീണ് 20 ഓളം പേര്‍ക്ക് പരിക്ക്. പുതിയ പാലത്തിലൂടെ അപ്പുറത്തേക്ക് കടക്കുന്നതിനിടയിലാണ് പാലം പൂര്‍ണ്ണമായി പൊട്ടിവീണത്. മെക്‌സിക്കോ സിറ്റിയിലാണ് അപകടം നടന്നത്. മെക്‌സിക്കോ സിറ്റി മേയര്‍ ഉദ്ഘാടനം ചെയ്തതിന് പിന്നാലെയാണ് അപകടം നടന്നത്. 10 അടി താഴ്ചയിലേക്കാണ് ആളുകള്‍ വീണത്. താഴെയുള്ള പാറയിലും അരുവിയിലുമാണ് ഇവര്‍ ചെന്ന് പതിച്ചത്. വീഴ്ചയില്‍ എട്ട് പേരുടെ എല്ല് പൊട്ടിയതായാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

പരിക്കേറ്റവരില്‍ സിറ്റി കൗണ്‍സില്‍ മെമ്പേഴ്‌സ്, രണ്ട് ഉദ്യോഗസ്ഥര്‍ ലോക്കല്‍ റിപ്പോര്‍ട്ടര്‍ എന്നിവരും ഉള്‍പ്പെടും. ഇവരെ അടുത്തുള്ള ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ ട്വിറ്ററില്‍ പ്രചരിക്കുന്നുണ്ട്. മേയറിന്റെ ഭാര്യയും അപകടത്തില്‍പ്പെട്ടവരില്‍ ഉള്‍പ്പെടും. മരം കൊണ്ട് നിര്‍മ്മിച്ച തൂക്കുപാലമാണ് തകര്‍ന്നത്. എന്താണ് അപകടത്തിന് കാരണമായത് എന്ന് അന്വേഷണം നടക്കുകയാണ് ഇപ്പോള്‍.