ചങ്ങാതി നന്നായാല്‍ ; ഡൂപ്ലിക്കേറ്റ് കീ നിര്‍മിച്ചു സ്വര്‍ണവും സ്‌കൂട്ടറും കവര്‍ന്ന് സ്വന്തം സുഹൃത്ത്

സുഹൃത്തുക്കള്‍ക്ക് വേണ്ടി എന്തിനും തയ്യാറായ ഒരു തലമുറയാണ് ഇപ്പോള്‍ ഉള്ളത്. എന്നാല്‍ സുഹൃത്ത് ബന്ധത്തിന്റെ പേരില്‍ കൂടെ നിന്ന് കാലു വാരുന്നവരും ഏറെയാണ്. അത്തരത്തില്‍ ഒരു ചതിയനായ സുഹൃത്തിന്റെ വാര്‍ത്തയാണ് മലപ്പുറത്ത് നിന്നും വരുന്നത്. മഞ്ചേരിയിലെ സ്വര്‍ണാഭരണ നിര്‍മാണശാലയില്‍ നിന്നും ജ്വല്ലറികളിലേക്ക് സ്‌കൂട്ടറില്‍ വിതരണത്തിനായി കൊണ്ടുപോകുകയായിരുന്ന 456 ഗ്രാം തൂക്കം വരുന്ന സ്വര്‍ണാഭരണങ്ങളും സ്വര്‍ണാഭരണങ്ങള്‍ കൊണ്ടുവന്ന സ്‌കൂട്ടറും തട്ടിയെടുത്ത സംഭവത്തില്‍ ജ്വല്ലറി ഉടമയും കൂട്ടാളിയും അറസ്റ്റിലായതോടെയാണ് ചതിയുടെ കഥകള്‍ ലോകം അറിഞ്ഞത്.

വഴിക്കടവ് കുന്നുമ്മല്‍പ്പൊട്ടി മൊല്ലപ്പടി ചെമ്പന്‍ ഫര്‍സാന്‍ (മുന്ന-26), സഹായി കുന്നുമ്മല്‍പ്പൊട്ടി പറമ്പന്‍ മുഹമ്മദ് ഷിബിലി (ഷാലു-22) എന്നിവരെയാണ് അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. സ്വര്‍ണാഭരണങ്ങള്‍ നഷ്ടപ്പെട്ട പോത്തുകല്ല് സ്വദേശി വായാടന്‍ പ്രതീഷിന്റെ മഞ്ചേരി കാരക്കുന്നിലെ ജ്വല്ലറിയില്‍ പങ്കാളിത്തമുള്ള വ്യക്തിയാണ് പിടിയിലായ ഫര്‍സാന്‍. ഫര്‍സാന്‍ തന്നെയാണ് സ്വര്‍ണം തട്ടാനുള്ള ആസൂത്രണം നടത്തിയത്. ഫര്‍സാന്റെ കടയിലും സ്വര്‍ണമെത്തിച്ചിരുന്നത് പ്രതീഷായിരുന്നു. സ്വര്‍ണം വിതരണം ചെയ്യുന്ന രീതിയും റൂട്ടും മനസ്സിലാക്കിയ ഫര്‍സാന്‍ രണ്ടുദിവസം മുമ്പ് പ്രതീഷിന്റെ കടയിലെത്തി സ്‌കൂട്ടര്‍ കൊണ്ടുപോയി സ്‌കൂട്ടറിന്റെ ഡ്യൂപ്ലിക്കേറ്റ് താക്കോലുണ്ടാക്കുകയാണ് ആദ്യം ചെയ്തത്. പിന്നീട് അടവ് തെറ്റിയ വാഹനം പിടിച്ചു കൊടുത്താല്‍ നല്ലതുക പ്രതിഫലം ലഭിക്കുമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ചാണ് ശിബിലിയെ കൂടെ കൂട്ടിയത്.

ചൊവ്വാഴ്ച രാവിലെ മഞ്ചേരിയിലെത്തുകയും സ്‌കൂട്ടറില്‍ സ്വര്‍ണ വിതരണത്തിന് പോകുകയായിരുന്ന പ്രതീഷിനെ ശിബിലിക്ക് കാണിച്ചുകൊടുക്കുകയും ചെയ്തു. തുടര്‍ന്ന് പ്രതീഷ് അറിയാതെ ഇരുവരും ഫര്‍സാന്റെ ബുള്ളറ്റില്‍ പിന്തുടര്‍ന്നു. ഉച്ചയോടെ പൂക്കോട്ടുംപാടത്ത് എത്തിയ ഫര്‍സാന്‍ പ്രതീഷിനെ ഫോണില്‍ വിളിച്ച് സഹോദരന്റെ ഭാര്യയെ കാളികാവിലെ വീട്ടിലാക്കി തിരിച്ചുവരുന്നുണ്ടെന്നും പൂക്കോട്ടുംപാടത്ത് വെച്ച് കാണാമെന്നും അറിയിച്ചു. ഈ സമയം പ്രതീഷ് പൂക്കോട്ടുംപാടത്തെ ജ്വല്ലറിയില്‍ സ്വര്‍ണമിടപാട് നടത്തുകയായിരുന്നു. വീണ്ടും ഫര്‍സാന്‍ ഫോണില്‍ വിളിച്ച് പൂക്കോട്ടുംപാടത്തെ ടോപ്‌സ് ബേക്കറിയിലേക്ക് നിര്‍ബന്ധിച്ച് ജ്യൂസ് കുടിക്കാന്‍ ക്ഷണിക്കുകയും ഈ സമയത്ത് പുറത്ത് കാത്തുനിന്ന ഷിബിലി ഡ്യൂപ്ലിക്കേറ്റ് താക്കോല്‍ ഉപയോഗിച്ച് സ്വര്‍ണമടങ്ങിയ സ്‌കൂട്ടറുമായി കടന്നുകളയുകയായിരുന്നു.

പുറത്തിറങ്ങിയ പ്രദീഷ് സ്‌കൂട്ടര്‍ കാണാതെ പരിഭ്രമിച്ചപ്പോള്‍ ഫര്‍സാന്‍ സ്റ്റേഷനില്‍ പോകാതെ തന്ത്രത്തില്‍ പ്രദീഷിനെ പിന്തിരിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തു. എന്നാല്‍ വ്യാപാരപങ്കാളിയായ ബന്ധുവിന്റെ നിര്‍ബന്ധപ്രകാരം ഫര്‍ഷാനെയും കൂട്ടി പ്രദീപ് പോലീസ് സ്റ്റേഷനില്‍ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് പ്രതീഷിനെയും ഫര്‍സാനെയും ചോദ്യം ചെയ്തതില്‍ ഫര്‍സാന്‍ പരസ്പരവിരുദ്ധമായി മറുപടി പറയുകയും സി സി ടി വി ദൃശ്യങ്ങള്‍ സഹിതം ചോദ്യം ചെയ്തതില്‍ കുറ്റം സമ്മതിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസ് തന്ത്രപൂര്‍വം ഷിബിലിനെ പൂക്കോട്ടുംപാടത്ത് എത്തിച്ച് കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു.