അസമിലും മേഘാലയയിലും അരുണാചലിലും പ്രളയം

വടക്കു കിഴക്കന്‍ ഇന്ത്യയില്‍ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും മരിച്ചവരുടെ എണ്ണം ഇരുപത്തഞ്ചായി. ഏറ്റവും രൂക്ഷമായ പ്രളയക്കെടുതികള്‍ നേരിടുന്ന അസമില്‍ മാത്രം മുങ്ങിമരിച്ചത് ഒമ്പതു പേരാണ്.അരുണാചല്‍ പ്രദേശ്, മേഘാലയ എന്നീ സംസ്ഥാനങ്ങളിലും അതിവര്‍ഷം തുടരുകയാണ്. അസമില്‍ 29 ജില്ലകളിലായി ഏഴുലക്ഷത്തോളം പേര്‍ നിലവില്‍ പ്രളയബാധിതരാണ്. മഴയില്‍ വീടുനഷ്ടപ്പെട്ട 74,705 പേരെ 234 ദുരിതാശ്വാസ ക്യാമ്പുകളിലായി മാറ്റിപ്പാര്‍പ്പിച്ചിരിക്കുകയാണ്. വ്യാഴാഴ്ച പുലര്‍ച്ചെ മേഘാലയയിലെ ഗാരോ ഹില്‍സില്‍ രണ്ട് വ്യത്യസ്ത സ്ഥലങ്ങളില്‍ ഉണ്ടായ മണ്ണിടിച്ചിലില്‍ ഒരു കുടുംബത്തിലെ മൂന്ന് അംഗങ്ങളും രണ്ടര വയസ്സുള്ള ഒരു കുട്ടിയും മണ്ണിനടിയിലായി.

വെസ്റ്റ് ഗാരോ ഹില്‍സിലെ ഗാംബെഗ്രെ ബ്ലോക്ക് ഏരിയയില്‍ ഉണ്ടായ മണ്ണിടിച്ചിലിലാണ് അഞ്ചംഗ കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ചത്. കുടുംബത്തിലെ ഗൃഹനാഥനും ഒരു മകനും മാത്രം അപകടത്തില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടു. ഇവരെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സൗത്ത് വെസ്റ്റ് ഗാരോ ഹില്‍സിലെ ബെറ്റാസിംഗ് മേഖലയില്‍ ഉണ്ടായ മറ്റൊരു മണ്ണിടിച്ചിലില്‍ രണ്ടര വയസ്സുള്ള ഒരു ആണ്‍കുട്ടിയുടെ മരണപ്പെട്ടു. ഗാരോ ഹില്‍സില്‍ ബുധനാഴ്ച രാത്രി പെയ്ത കനത്ത മഴയെ തുടര്‍ന്നാണ് സംഭവം. ജൂണ്‍ 12 വരെ അസമില്‍ കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.