ആഘോഷമായി നയന്‍ താരയുടെ വിവാഹം ; വിവാഹ സദ്യ ഉണ്ടത് ഒരു ലക്ഷം പേര്‍

ലേഡി സൂപ്പര്‍ സ്റ്റാര്‍ എന്ന് ആരാധകര്‍ സ്‌നേഹത്തോടെ വിളിക്കുന്ന നയന്‍സ് എന്ന നയന്‍ താര ഇനി വിഘ്നേശ് ശിവന് സ്വന്തം. ഏറെക്കാലമായി മാധ്യമങ്ങള്‍ ആഘോഷിച്ചു വന്നിരുന്ന പ്രണയത്തിനു വിവാഹത്തിലൂടെ ക്‌ളൈമാക്‌സ്. ഇന്ന് മഹാബലിപുരത്ത് നടന്ന നയന്‍താരയുടെയും വിഘ്നേഷ് ശിവന്റെയും വിവാഹത്തിന് അതിഥികള്‍ കുറവായിരുന്നു എങ്കിലും സോഷ്യല്‍ മീഡിയയില്‍ വിവാഹം ആഘോഷമായി തന്നെ അരങ്ങേറി. സൂപ്പര്‍സ്റ്റാര്‍ രജനികാന്തും കിം?ഗ് ഖാന്‍ ഷാറൂഖ് ഖാനും സന്നിഹിതരായ വിവാഹത്തില്‍. നടന്‍മാരായ കാര്‍ത്തിയും ശരത്കുമാറുമെത്തി. കമല്‍ ഹാസന്‍, ചിരഞ്ജീവി, സൂര്യ, അജിത്, കാര്‍ത്തി, വിജയ് സേതുപതി, സാമന്ത റൂത്ത് പ്രഭു എന്നിവരും വിവാഹത്തിന്റെ അതിഥി ലിസ്റ്റിലുണ്ട്. സിനിമാ ലോകം കാത്തിരുന്ന വിഗ്‌നേഷ് ശിവന്റെയും നയന്‍താരയുടെയും വിവാഹത്തില്‍ കുറച്ച് പേര്‍ക്ക് മാത്രമേ ക്ഷണമുള്ളൂവെങ്കിലും ഒരു ലക്ഷത്തിലധികം പേരാണ് വിവാഹ സദ്യയുണ്ണുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

മഹാബലിപുരത്തെ ഷെറാട്ടണ്‍ ഫോര്‍പോയിന്റ്‌സ് റിസോര്‍ട്ടില്‍വച്ചാണ് വിവാഹം നടന്നത്. 2015ല്‍ നാനും റൗഡി താന്റെ ചിത്രീകരണത്തിനിടെയാണ് ഇരുവരും പ്രണയത്തിലായത്. അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളുമടക്കം വളരെ കുറച്ചുപേര്‍ക്ക് മാത്രമാണ് വിവാഹ സ്ഥലത്ത് പ്രവേശനമുണ്ടായിരുന്നത്. കാതല്‍ ബിരിയാണി മുതല്‍ ബദാം ഹല്‍വ വരെയാണ് അതിഥികള്‍ക്ക് വിളമ്പുന്നത്. ഭക്ഷണത്തിന്റെ മെനു പുറത്തുവന്നിട്ടുണ്ട്. വിവാഹദിനമായ ഇന്ന് തമിഴ്‌നാട്ടിലുടനീളമുള്ള 18,000 കുട്ടികള്‍ക്കും ഒരു ലക്ഷം പേര്‍ക്കും ഉച്ചഭക്ഷണം നല്‍കുമെന്നാണ് അറിയുന്നത്. ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താരയെയും വിഗ്‌നേഷിനെയും അഭിനന്ദിച്ചുകൊണ്ട് ആരാധകരുള്‍പ്പടെ നിരവധി പേരാണ് രംഗത്തെത്തുന്നത്. കരിയറിന്റെ ആദ്യകാലങ്ങളില്‍ ചില പ്രണയബന്ധങ്ങളില്‍ വീണു വിവാദങ്ങളുടെ കൂട്ടുകാരിയായിരുന്ന നയന്‍സ് സിനിമയില്‍ നിന്നും ഒരു ഇടവേള എടുത്തിരുന്നു. തുടര്‍ന്ന് ഇതുവരെ ആരും കാണാത്ത തരത്തിലുള്ള പുതിയ ഒരു വ്യക്തി ആയിട്ടാണ് നയന്‍സ് സിനിമാ ലോകത്ത് തിരികെ എത്തിയത്. വന്നു കുറച്ചു കാലം കൊണ്ട് തന്നെ ലേഡി സൂപ്പര്‍ സ്റ്റാര്‍ എന്ന പട്ടം കൈക്കലാക്കാന്‍ നയന്‍സിന് സാധിച്ചു.