സ്വപ്നയെയും ജോര്‍ജിനെയും ഉടന്‍ ചോദ്യം ചെയ്യും ; സ്വപ്നയെ എങ്ങനെയും കുടുക്കാന്‍ തിരക്കിട്ട നീക്കം

വെളിപ്പെടുത്തലുകള്‍ക്ക് പിന്നാലെ സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്നാ സുരേഷിനെ കുടുക്കാന്‍ തിരക്കിട്ട നീക്കവുമായി സംസ്ഥാന അന്വേഷണ ഏജന്‍സികള്‍. കെ ടി ജലീലിന്റെ പരാതിയില്‍ സ്വപ്ന സുരേഷും പി സി ജോര്‍ജും പ്രതികളായ ഗൂഢാലോചനക്കേസ് അന്വേഷണത്തിന് ക്രൈം ബ്രാഞ്ച് മേധാവിയുടെ മേല്‍നോട്ടത്തില്‍ പന്ത്രണ്ടംഗ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. ക്രൈംബ്രാഞ്ച് തിരുവനന്തപുരം ജില്ലാ എസ് പി മധുസൂദനനാണ് സംഘത്തലവന്‍. ഇരുവരെയും ഉടന്‍ ചോദ്യം ചെയ്യും. സരിത്തില്‍ നിന്ന് പിടിച്ചെടുത്ത ഫോണ്‍ തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചു.

സ്വപ്ന സുരേഷിന്റെ പുതിയ വെളിപ്പെടുത്തലിന് പിന്നാലെ കെ ടി ജലീല്‍ നല്‍കിയ പരാതിയാണ് പ്രത്യേക സംഘം അന്വേഷിക്കുക. തിരുവനന്തപുരം ക്രൈംബ്രാഞ്ച് എസ്പി, എസ്.മധുസൂദനന്‍ അന്വേഷണത്തിന് നേതൃത്വം നല്‍കും, കണ്ണൂര്‍ അഡീഷണല്‍ എസ്പി സദാനന്ദനും സംഘത്തിലുണ്ട്. സംഘത്തില്‍ ഡി വൈ എസ് പി, അസിസ്റ്റന്റ് കമ്മിഷണര്‍ റാങ്കിലുള്ള പത്ത് ഉദ്യോഗസ്ഥരുണ്ട്. സ്വപ്നയുടെ വെളിപ്പെടുത്തലുകള്‍ക്ക് ശേഷം, മുഖ്യമന്ത്രി ഇന്നലെ ഡിജിപിയുമായും ക്രമസമാധാന ചുമതലയുള്ള എഡിജിപിയുമായും ചര്‍ച്ച നടത്തിയിരുന്നു. പിന്നാലെയാണ് മുഖ്യമന്ത്രിക്കും മുഖ്യമന്ത്രിയുടെ കുടുംബത്തിനുമൊപ്പം ആരോപണം നേരിടുന്ന കെ.ടി.ജലീല്‍ കന്റോണ്‍മെന്റ് പൊലീസില്‍ പരാതി നല്‍കിയത്. സ്വപ്ന സുരേഷിനും പി സി ജോര്‍ജിനുമെതിരെയായിരുന്നു ജലീലിന്റെ പരാതി.

തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പ്രോസിക്യൂഷന്‍ ഡപ്യൂട്ടി ഡയറക്ടറുടെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. കേസില്‍ സ്വപ്ന സുരേഷ് ഒന്നാം പ്രതിയും പി.സി.ജോര്‍ജ് രണ്ടാം പ്രതിയുമാണ്. സ്വപ്നയ്ക്കും പി സി ജോര്‍ജിനുമെതിരെ 120 ബി, 153 വകുപ്പുകള്‍ പ്രകാരം ഗൂഢാലോചനയ്ക്കും കലാപ ശ്രമത്തിനുമാണ് കേസെടുത്തത്. അതേസമയം സ്വപ്ന സുരേഷ് കോടതിയില്‍ നല്‍കിയ രഹസ്യമൊഴി മാധ്യമങ്ങള്‍ക്ക് മുന്നില്‍ ആവര്‍ത്തിച്ചതില്‍ എടുത്ത കേസ് നില്‍നില്‍ക്കുമോ എന്ന ആശങ്ക സേനക്കുള്ളില്‍ തന്നെയുണ്ട്.

സ്വപ്നയുടെ നീക്കങ്ങളെ കുറിച്ച് പി സി ജോര്‍ജും സരിതയും തമ്മിലുള്ള ഫോണ്‍ സംഭാഷണങ്ങള്‍ നേരത്തേ വിവിധ മാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു. എന്നാല്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് നിയമപരമായി നിലനില്‍ക്കുമോ എന്ന സംശയമുണ്ട്. ജനപ്രതിനിധികള്‍ക്കും രാഷ്ട്രീയ നേതാക്കള്‍ക്കുമെതിരെ ആരോപണങ്ങള്‍ ഇതിനു മുമ്പും ഉണ്ടായിട്ടുണ്ട്. ആരോപണങ്ങള്‍ക്ക് പിന്നാലെ പ്രതിപക്ഷ സംഘടനകള്‍ സമരവും നടത്തും. അത് സാധാരണമാണ്. അത്തരം സമരങ്ങള്‍ക്ക് പിന്നില്‍ ഗൂഢാലോചനയും കലാപ ആഹ്വാനവും ഉന്നയിച്ച് കേസെടുക്കുന്നത് നിലനില്‍ക്കുമോ എന്നാണ് സേനയിലെ തന്നെ ചില ഉദ്യോഗസ്ഥരുടെ സംശയം.

കോടതിയില്‍ കൊടുത്ത മൊഴിയാണ് മാധ്യമങ്ങള്‍ക്ക് മുന്നിലും സ്വപ്ന ആവര്‍ത്തിച്ചത്. കോടതിയുടെ പരിഗണനയിലിരിക്കയുള്ള മൊഴിയില്‍ എങ്ങനെ കേസെടുക്കാവുമെന്ന സംശയവും ബാക്കി. നോട്ടീസ് പോലും നല്‍കാതെ ലൈഫ് മിഷന്‍ അഴിമതിക്കേസിലെ സരിത്തിനെ കസ്റ്റഡിലെടുത്ത് ഫോണ്‍ പിടിച്ചെടുത്ത വിജിലന്‍സ് പക്ഷേ പിന്നോട്ടു പോകുന്നില്ല. ഈ ഫോണ്‍ തിരുവനന്തപുരത്ത് ഫൊറന്‍സിക് പരിശോധനക്ക് ഹാജരാക്കും. ലൈഫ് കേസിലെ വിശദാംശങ്ങളെടുക്കാനെന്നാണ് വിജിലന്‍സ് വിശദീകരണം. ലൈഫ് കേസ് കാലത്ത് ഉപയോഗിച്ച ഫോണല്ല ഇതെന്ന് സരിത്ത് ഇന്നലെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അഴിമതി കേസിന്റെ അന്വേഷണത്തിലൂടെ ഇപ്പോഴുന്നയിച്ചിരിക്കുന്ന ഈ ആരോപണങ്ങള്‍ക്ക് പിന്നില്‍ സ്വപ്നക്കു പിന്തുണയുമായി ആരെന്ന് കണ്ടെത്തുകയാണ് ഫോണ്‍ പരിശോധനയിലൂടെ സര്‍ക്കാര്‍ ലക്ഷ്യം.

സ്വപ്നയുടെ വെളിപ്പെടുത്തല്‍ ഉണ്ടാക്കിയ ഞെട്ടല്‍ മാറും മുമ്പാണ് വേഗത്തില്‍ സര്‍ക്കാര്‍ തിരിച്ചടിച്ചത്. മുഖ്യമന്ത്രിയും ഡിജിപിയും ക്രമസമാധാനാചുമതലയുള്ള എഡിജിപിയും തമ്മില്‍ ഇന്നലെ രാവിലെ കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് നാടകീയ നീക്കങ്ങള്‍ തുടങ്ങിയത്. പിന്നാലെ കെ ടി ജലീല്‍ കന്റോണ്‍മെന്റ് പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കി. സ്വപ്നയും പി സി ജോര്‍ജും ചേര്‍ന്ന് ഗൂഡാലോചന നടത്തി, കലാപം ഉണ്ടാക്കാന്‍ ശ്രമിച്ചു എന്നായിരുന്നു പരാതി. ആദ്യം പരാതിയില്‍ കേസെടുക്കാന്‍ കഴിയുമോ എന്ന് പൊലീസ് സംശയിച്ചു. പിന്നീട് നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് 120 ബി, 153 വകുപ്പുകള്‍ പ്രകാരം കേസ് എടുത്തിരിക്കുന്നത്. പൊലീസ് കേസിനൊപ്പമുള്ളതായിരുന്നു സരിത്തിനെ ഇന്നലെ വിജിലന്‍സ് നാടകീയമായി പാലക്കാട്ട് കസ്റ്റഡിയിലെടുത്തത്. വര്‍ഷങ്ങളായി ഇഴഞ്ഞുനീങ്ങിയ കേസിലായിരുന്നു അസാധാരണ നടപടിയിലൂടെയുള്ള കസ്റ്റഡി. ലൈഫ് മിഷന്‍ കേസില്‍ സരിത്തിനെ നേരത്തെ ചോദ്യം ചെയ്തിരുന്നു. ലൈഫില്‍ സിബിഐ അന്വേഷണത്തിന് തടയിടാനും ആദ്യം സര്‍ക്കാര്‍ ഇറക്കിയത് വിജിലന്‍സിനെ തന്നെയായിരുന്നു.