കള്ളക്കഥയില്‍ സിപിഎം തളരില്ല : കോടിയേരി
സ്വപ്ന സുരേഷിന്റെ ആരോപണങ്ങള്‍ തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സ്വപ്നയുടെ വെളിപ്പെടുത്തല്‍ ഗൂഢാലോചനയാണെന്നും രാഷ്ട്രീയ അസ്ഥിരത ഉണ്ടാക്കലാണ് ആരോപണങ്ങള്‍ക്ക് പിന്നിലെ ലക്ഷ്യമെന്നും കോടിയേരി ആരോപിച്ചു. സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയെ ഉള്‍പെടുത്താന്‍ ആദ്യം തന്നെ ശ്രമമുണ്ടായിരുന്നു. സ്വപ്നയുടെ പുതിയ വെളിപ്പെടുത്തല്‍ ഗൂഢാലോചനയുടെ ഭാഗമാണ്. മുഖ്യമന്ത്രിയെയും കുടുംബത്തെയും കുടുക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഇത്തരം സന്ദര്‍ഭത്തില്‍ സര്‍ക്കാര്‍ നോക്കി നില്‍ക്കരുത്. ഗൂഢാലോചനയില്‍ അന്വേഷണം വേണമെന്നും കോടിയേരി ആവശ്യപ്പെട്ടു.
രഹസ്യമൊഴി വെളിപ്പെടുത്തുന്നത് അസാധാരണ നടപടിയാണ്. സ്വപ്ന മുമ്പ് നല്‍കിയ രഹസ്യ മൊഴിയും ഇപ്പോള്‍ നല്‍കിയ രഹസ്യ മൊഴിയും തമ്മില്‍ നിറയെ വൈരുധ്യങ്ങളുണ്ട്. മുഖ്യമന്ത്രിക്കും കുടുംബങ്ങള്‍ക്കും എതിരെ പ്രചാരണം നടത്തുകയാണ് ഇപ്പോഴത്തെ ലക്ഷ്യം. ആദ്യം ശിവശങ്കറിന് സ്വര്‍ണ്ണക്കടത്തില്‍ ബന്ധമില്ലെന്നാണ് സ്വപ്ന പറഞ്ഞത്. മുഖ്യമന്ത്രിക്ക് ബന്ധം ഇല്ലെന്നും അദ്ദേഹത്തിനെതിരെ മൊഴി നല്‍കാന്‍ സമ്മര്‍ദ്ദമുണ്ടായെന്നും ഒന്നര വര്‍ഷം മുന്‍പ് അവര്‍ മൊഴി നല്‍കി. എന്നാല്‍ ഇപ്പോള്‍ വ്യത്യസ്തമായാണ് പറയുന്നത്. ബിരിയാണി ചെമ്പില്‍ സ്വര്‍ണ്ണം കടത്തിയെന്നാണ് ഇപ്പോള്‍ പറയുന്നത്. ഇതെല്ലാം ഗൂഢാലോചനയുടെ ഭാഗമാണ്. ഗൂഡാലോചനയില്‍ വിശദമായ അന്വേഷണം ആവശ്യമാണെന്നും കോടിയേരി പറഞ്ഞു.
കേസന്വേഷണം ബിജെപിയിലേക്ക് എത്തിയതോടെ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം നിലച്ചു. സ്വര്‍ണം ആരാണ് അയച്ചത്,ആരാണ് കൈപ്പറ്റിയത് എന്നുള്ള കാര്യം കണ്ടെത്താന്‍ അന്വേഷണ ഏജന്‍സികള്‍ക്ക് ഇത് വരെയും സാധിച്ചിട്ടില്ലെന്ന് കോടിയേരി പറഞ്ഞു. ‘സ്വര്‍ണക്കടത്ത് വിവാദം ആദ്യം ഉയര്‍ന്ന് വന്നത് 2020 ജൂണ്‍ 5 നാണ്. ശരിയായ രീതിയില്‍ അന്വേഷണം വേണമെന്ന് മുഖ്യമന്ത്രി കേന്ദ്രത്തിന് കത്തയച്ചിരുന്നു. സ്വര്‍ണ്ണം അയച്ചയാളും സ്വീകരിച്ചയാളും പ്രതിയാണോ ? ശരിയായ അന്വേഷണത്തിന് സഹായകരമല്ലാത്ത നിലപാട് വിദേശകാര്യ മന്ത്രാലയം സ്വീകരിച്ചു.
ബിജെപിയുമായി ബന്ധമുള്ളവരിലേക്ക് എത്തുമെന്ന് വന്നതോടെ അന്വേഷണം നിലച്ചു. മുഖ്യമന്ത്രിക്കെതിരെയുള്ള ആരോപണമടക്കം കേന്ദ്ര ഏജന്‍സികള്‍ അന്വേഷിച്ചതാണ്’- കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.മൂന്ന് തവണ അമേരിക്കയില്‍ പോയിട്ടുണ്ട്. അത് ചികിത്സക്ക് വേണ്ടിയാണ്. പാര്‍ട്ടിയാണ് ചികിത്സാ ചിലവ് വഹിച്ചത്. ഒരു നയാ പൈസ ആരും ചെലവാക്കിയിട്ടില്ല. ഷാജ് കിരണിനെ അറിയില്ല. പേര് ആദ്യമായാണ് കേള്‍ക്കുന്നത്. സ്വപ്നയെ നേരിട്ട് കണ്ടിട്ടില്ല എന്നും കോടിയേരി പറയുന്നു.