ആനക്കൊമ്പ് കേസില്‍ മോഹന്‍ലാലിന്റെ ഹര്‍ജി തള്ളി ; വിചാരണ നേരിടണമെന്ന് പെരുമ്പാവൂര്‍ കോടതി
ആനക്കൊമ്പ് കേസില്‍ നടന്‍ മോഹന്‍ലാല്‍ വിചാരണ നേരിടണമെന്നു കോടതി . കേസ് പിന്‍വലിക്കാന്‍ അനുമതി തേടി സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി പെരുമ്പാവൂര്‍ ജുഡിഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി തള്ളി .കേസ് തുടര്‍ നടപടികള്‍ക്കായി ഈ മാസം 16 ലേക്ക് മാറ്റി. മോഹന്‍ലാലിന്റെ അപേക്ഷയെ തുടര്‍ന്നാണ് സര്‍ക്കാര്‍ ആനക്കൊമ്പ് കേസ് പിന്‍വലിക്കാന്‍ തീരുമാനിച്ചത്. വന്യ ജീവി സംരക്ഷണ നിയമപ്രകാരം എടുത്ത കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് മോഹന്‍ലാല്‍ 2016 ജനുവരിയിലും 2019 സെപ്റ്റംബറിലും സര്‍ക്കാരിന് അപേക്ഷ നല്‍കിയിരുന്നു.
2012 ജൂണില്‍ ആദായനികുതി വിഭാഗം മോഹന്‍ലാലിന്റെ തേവരയിലുള്ള വീട്ടില്‍ നടത്തിയ റെയ്ഡിലായിരുന്നു ആനക്കൊമ്പുകള്‍ കണ്ടെത്തിയത്. ആനക്കൊമ്പ് കൈവശം വെച്ച പ്രവൃത്തി കുറ്റകരവും ശിക്ഷാര്‍ഹവുമാണെന്ന് വനംവകുപ്പ് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ വ്യക്തമാക്കിയിരുന്നു. കേസ് രജിസ്റ്റര്‍ ചെയ്ത് ഏഴ് വര്‍ഷത്തിന് ശേഷമാണ് മോഹന്‍ലാലിനെ പ്രതി ചേര്‍ത്ത് കുറ്റപത്രം സമര്‍പ്പിച്ചത്. ആനക്കൊമ്പ് പണം കൊടുത്ത് വാങ്ങിയതെന്നായിരുന്നു മോഹന്‍ലാലിന്റെ വാദം. ഇത് അംഗീകരിച്ച് നിയമം പരിഷ്‌കരിച്ച് മോഹന്‍ലാലിന് ആനക്കൊമ്പുകള്‍ കൈവശം വയ്ക്കാന്‍ യുഡിഎഫ് സര്‍ക്കാര്‍ അനുമതി നല്‍കി. തുടര്‍ന്ന് വന്ന എല്‍ഡിഎഫ് സര്‍ക്കാരും കേസ് പിന്‍വലിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് കാണിച്ച് സമര്‍പ്പിച്ച ഹര്‍ജിയാണ് കോടതി തള്ളിയത്.