മുഖ്യമന്ത്രിയുടെ രാജിക്കായി വ്യാപക പ്രതിഷേധം ; സംഘര്‍ഷം വ്യാപിക്കുന്നു

സ്വര്‍ണ്ണക്കടത്ത് വിഷയത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ വന്നതിനു പിന്നാലെ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി പ്രതിഷേധവുമായി കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ തെരുവില്‍. സെക്രട്ടേറിയറ്റിലേക്കും കളക്ട്രേറ്റുകളിലേക്കും നടത്തിയ മാര്‍ച്ചുകളില്‍ സംഘര്‍ഷമുണ്ടായി. കോഴിക്കോട്, കണ്ണൂര്‍, കൊച്ചി, കൊല്ലം എന്നിവിടങ്ങളില്‍ കളക്ട്രേറ്റിലേക്ക് നടത്തിയ മാര്‍ച്ചിലാണ് സംഘര്‍ഷമുണ്ടായത്. കോഴിക്കോട് കളക്ട്രേറ്റിലേക്ക് മാര്‍ച്ച് നടത്തിയ പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ ജലപീരങ്കി പ്രയോഗിച്ചു. പിന്നീട് ദേശീയപാത ഉപരോധിക്കാന്‍ ശ്രമിച്ചെങ്കിലും നേതാക്കള്‍ ഇടപെട്ട് പിന്തിരിപ്പിച്ചു. തുടര്‍ന്ന് കളക്ട്രേറ്റിന് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു.

കണ്ണൂരിലും കൊച്ചിയിലും പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. കാസര്‍കോട്ട് പ്രതിഷേധക്കാര്‍ ബിരിയാണി ചെമ്പ് കളക്ട്രേറ്റിലേക്ക് വലിച്ചെറിഞ്ഞു. സംസ്ഥാനത്തെ ജില്ലാ ആസ്ഥാനങ്ങളിലേക്കാണ് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ യുഡിഎഫ് പ്രതിഷേധം സംഘടിപ്പിച്ചത്.
കൊല്ലത്ത് കോണ്‍ഗ്രസ് ആര്‍വൈഎഫ് പ്രവര്‍ത്തകര്‍ സംയുക്തമായി കളക്ട്രേറ്റിലേക്ക് നടത്തിയ മാര്‍ച്ചിലേക്ക് ലാത്തിച്ചാര്‍ജ് നടത്തി. സംഘര്‍ഷത്തില്‍ ഒരു പൊലീസുകാരനും ആര്‍വൈഎഫ് പ്രവര്‍ത്തകനും പരിക്കേറ്റു. കണ്ണൂരില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഉന്തുംതള്ളുമുണ്ടായി. പത്തനംതിട്ടയിലും ആലപ്പുഴയിലും മാര്‍ച്ച് പൊലീസ് തടഞ്ഞു.

ഷാജ് കിരണിന്റെ ശബ്ദ രേഖയിലുള്ളത് ഗൗരവതരമായ ആരോപണങ്ങളെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ഷാജ് കിരണ്‍ പറഞ്ഞത് അപകീര്‍ത്തികരമായ കാര്യമെങ്കില്‍ ഉടന്‍ കേസെടുക്കണമെന്ന് കെ സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തലില്‍ ബിജെപിക്ക് പങ്കില്ല. ഗൂഢാലോചന നടത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ ആരോപണങ്ങളില്‍ പ്രതി സ്ഥാനത്ത് നില്‍ക്കുന്ന പിണറായി വിജയന്‍ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറിനില്‍ക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ ആവശ്യപ്പെട്ടു. ആരോപണങ്ങളില്‍ സിപിഐഎമ്മും മുഖ്യമന്ത്രിയും കൃത്യമായ മറുപടി പറയണം. ഇത്രയേറെ ആരോപണങ്ങള്‍ വന്നിട്ടും കേന്ദ്ര ഏജന്‍സികള്‍ മൗനത്തിലാണ്. ബിജെപിയുമായുള്ള ധാരണയാണ് ഇതിന് പിന്നിലെന്നും വി.ഡി.സതീശന്‍ കുറ്റപ്പെടുത്തി.