കറുത്ത മാസ്‌ക്കിനു പോലും നിയന്ത്രണം ; ഒന്നര മണിക്കൂര്‍ മുന്‍പ് വാഹന നിയന്ത്രണം ; പ്രതിഷേധ പേടിയില്‍ മുഖ്യന്‍ കോട്ടയത്തു
കോട്ടയം : മുഖ്യമന്ത്രി പങ്കെടുക്കുന്ന എല്ലാ പരിപാടികള്‍ക്കും അസാധാരണ സുരക്ഷ ഒരുക്കി കേരളാ പൊലീസ്. മുഖ്യമന്ത്രി താമസിച്ചിരുന്ന നാട്ടകം ഗസ്റ്റ് ഹൗസില്‍ നിന്ന് മാമ്മന്‍ മാപ്പിള മെമ്മോറിയല്‍ ഹാളിലേക്ക് അദ്ദേഹത്തിന്റെ വാഹനം കടന്ന് പോകുന്ന വഴിക്ക് ഒന്നര മണിക്കൂര്‍ മുമ്പേ പൊതുജനത്തിന്റെ വാഹനങ്ങള്‍ തടഞ്ഞിട്ടിരിക്കുകയായിരുന്നു. ഇതിന്റെ പേരില്‍ കോട്ടയം നഗരത്തില്‍ വഴിയാത്രക്കാരും പൊലീസും തമ്മില്‍ തര്‍ക്കമുണ്ടായി. കറുത്ത മാസ്‌ക് ധരിച്ചവര്‍ പോലും ഈ വഴി കടന്ന് പോകരുതെന്നാണ് പൊലീസ് നല്‍കിയ നിര്‍ദേശം. കോട്ടയം നഗരത്തിലെ പ്രധാന റോഡുകളായ ബസേലിയോസ് ജംഗ്ഷന്‍, കളക്ടറേറ്റ് ജംഗ്ഷന്‍, ചന്തക്ക കവല, ഈരയില്‍ കടവ് തുടങ്ങി കെ കെ റോഡിലെ എല്ലാ പ്രധാനകവലകളും പൊലീസ് അടച്ചിട്ടിരിക്കുകയായിരുന്നു. കോട്ടയത്ത് മധ്യമേഖലാ ഐ.ജി.അര്‍ഷിത അട്ടല്ലൂരി സുരക്ഷക്ക് മേല്‍നോട്ടം.
വെളിപ്പെടുത്തല്‍ വന്നതിനു പിന്നാലെ മുഖ്യമന്ത്രിയുടെ സുരക്ഷ ഇരട്ടിയാക്കിയിരുന്നു. യാത്രകളില്‍ നാല്‍പതംഗസംഘം മുഖ്യമന്ത്രിയെ അനുഗമിക്കും. ഒരു പൈലറ്റ് വാഹനത്തില്‍ അഞ്ച് പേര്‍, രണ്ടു കമാന്‍ഡോ വാഹനത്തില്‍ പത്തുപേര്‍. ദ്രുതപരിശോധനാസംഘത്തില്‍ എട്ടുപേര്‍ എന്നിങ്ങനെയുണ്ടാകും. ഇതിന് പുറമേ ജില്ലകളില്‍ ഒരു പൈലറ്റും എസ്‌കോര്‍ട്ടും അധികമായെത്തും.കോട്ടയത്തു മുഖ്യമന്ത്രി പങ്കെടുക്കുന്ന പൊതുപരിപാടിയില്‍ പ്രവേശിക്കുന്നതിനു കര്‍ശനനിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. പരിപാടിക്ക് എത്തുന്ന മാധ്യമപ്രവര്‍ത്തകര്‍ക്ക് പാസ് വേണമെന്നും നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് പ്രതി സ്വപ്ന സുരേഷ് നടത്തിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ കഴിഞ്ഞ രണ്ട് ദിവസമായി മുഖ്യമന്ത്രി കനത്ത സുരക്ഷാ വലയത്തിലാണ്.
പ്രദേശത്ത് നിയന്ത്രണത്തിന്റെ പേരില്‍ വന്‍ഗതാഗതക്കുരുക്കാണ് അനുഭവപ്പെട്ടത്. ഈ വഴി നടന്ന് പോയ കാല്‍നടയാത്രക്കാരെപ്പോലും പൊലീസ് തടഞ്ഞു വച്ചു. എങ്ങോട്ടാണ് പോകുന്നതെന്ന് ഓരോരുത്തരോടും ചോദിച്ച്, റോഡില്‍ ആരുമില്ലെന്ന് ഉറപ്പാക്കിയ ശേഷം മാത്രമാണ് മുഖ്യമന്ത്രിയുടെ വാഹനം സമ്മേളനനഗരിയിലേക്കുള്ള റോഡിലേക്ക് എത്തിയതും കടന്ന് പോയതും. സമീപത്ത് ബസ്സ് കാത്ത് നിന്നിരുന്ന എല്ലാവരോടും മാറി നില്‍ക്കാന്‍ നിര്‍ദേശിച്ചു. നാട്ടകം ഗസ്റ്റ് ഹൗസില്‍ നിന്ന് മാമ്മന്‍ മാപ്പിള ഹാളിലേക്കുള്ള റോഡില്‍ ഒരാള്‍ പോലും ഉണ്ടായിരുന്നില്ല. ഒരു വാഹനം പോലുമുണ്ടായിരുന്നില്ല. ഇത്തരത്തില്‍ ഒരു മുഖ്യമന്ത്രിക്ക് വേണ്ടി, ഇതിന് മുമ്പ് കണ്ടിട്ടില്ലാത്ത തരത്തിലുള്ള വന്‍ സുരക്ഷാ വലയം ഒരുക്കിയപ്പോള്‍ പൊതുജനവും ഇതിനെതിരെ രൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചത്.
കോട്ടയത്ത് കൈക്കുഞ്ഞുമായി മാമ്മോദീസ കഴിഞ്ഞ് വരുന്ന കുടുംബം നടുറോട്ടില്‍ കുടുങ്ങിക്കിടന്നത് ഒന്നരമണിക്കൂറോളം നേരമാണ്. ”ഞങ്ങള്‍ക്ക് വീട്ടിലേ പോകണ്ടൂ, അതല്ലാതെ മുഖ്യമന്ത്രിയെ ഞങ്ങളെന്ത് ചെയ്യാനാ?”, എന്നാണ് അന്തം വിട്ട് ആ കുടുംബം ചോദിച്ചത്. ഒടുവിലൊരു ഡിവൈഎസ്പി എത്തിയ ശേഷമാണ് ഈ കുടുംബത്തെ പൊലീസ് വിട്ടത്. എന്നാല്‍ ഇത്രയും സുരക്ഷ ഒരുക്കിയതിനു ഇടയിലും മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി പ്രതിഷേധമുണ്ടായി. കരിങ്കൊടി കാട്ടിയ രണ്ട് ബിജെപി പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു.റോഡരികില്‍ കിടന്ന വാഹനങ്ങള്‍ ക്രൈയിന്‍ ഉപയോഗിച്ച് മാറ്റുകയും ചെയ്
തു.കോട്ടയം നഗരത്തിലെ പ്രധാന റോഡുകളെല്ലാം മുന്നറിയിപ്പില്ലാതെ പൊലീസ് അടച്ചു. മുഖ്യമന്ത്രി വരുന്നതിനും ഒന്നേകാല്‍ മണിക്കൂര്‍ മുമ്പേയായിരുന്നു റോഡുകള്‍ അടച്ചത്.