വെള്ളത്തില്‍ ഇ-കോളി ബാക്ടീരിയ , അരിയില്‍ ചത്ത പ്രാണികള്‍ ; കായംകുളം സ്‌കൂളിലെ ഭക്ഷ്യവിഷബാധയുടെ ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്

കായംകുളം സ്‌കൂളിലെ ഭക്ഷ്യവിഷബാധ സംബന്ധിച്ച് ഭക്ഷ്യ സുരക്ഷ വകുപ്പ് നടത്തിയ പരിശോധനയുടെ ഫലം പുറത്ത് വന്നു. ഉച്ച ഭക്ഷണത്തിന് ഉപയോഗിച്ച അരിയുടെയും പയറിന്റെയും ഗുണനിലവാരം തൃപ്തികരമല്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. അരിയുടെ സാംപിളില്‍ ചത്ത പ്രാണികളുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. സാധാരണക്കാരന്റെ മക്കള്‍ പഠിക്കുന്ന സര്‍ക്കാര്‍ സ്‌കൂളിലാണ് ഈ അവസ്ഥ. പബ്ളിക്ക് ഹെല്‍ത്ത് ലാബിലാണ് അരി, പലവ്യഞ്ജനങ്ങള്‍, വെള്ളം എന്നിവയുടെ സാംപിള്‍ പരിശോധിച്ചത്. വിളവ് പാകമാകാത്ത വന്‍പയറാണ് പാചകത്തിന് ഉപയോഗിച്ചതെന്ന് പരിശോധനയില്‍ കണ്ടെത്തി. ഇത് ദഹന പ്രകിയയെ ദോഷകരമായ ബാധിക്കുമെന്നാണ് വിലയിരുത്തല്‍. പാചകത്തിന് ഉപയോഗിച്ച വെള്ളത്തില്‍ ഇ കോളി (കോളിഫോം ) ബാക്ടീരിയയുടെ സാന്നിധ്യമുണ്ടെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. വെള്ളത്തില്‍ ക്ലോറിനേഷന്‍ നടത്താന്‍ ഭക്ഷ്യ സുരക്ഷ വകുപ്പ് നിര്‍ദേശം നല്‍കി.

കായംകുളം പുത്തന്‍ റോഡ് യുപി സ്‌കൂളില്‍ ഉച്ചഭക്ഷണം കഴിച്ച 26 കുട്ടികള്‍ക്കാണ് കഴിഞ്ഞ ദിവസം ഛര്‍ദിയും ദേഹാസ്വാസ്ഥ്യവുമുണ്ടായത്. തുടര്‍ന്നാണ് ഭക്ഷ്യ വസ്തുക്കള്‍ പരിശോധനയ്ക്ക് അയച്ചത്. കുട്ടികളുടെ സാംപിളുകളില്‍ ഛര്‍ദിയും വയറിളക്കവും ഉണ്ടാക്കുന്ന എന്ററോ, റോട്ട വൈറസ് സാന്നിധ്യമില്ലെന്ന് ആരോഗ്യ വകുപ്പ് പരിശോധന ഫലം പുറത്ത് വന്നിട്ടുണ്ട്. സാംപിള്‍ എല്ലാം നെഗറ്റീവ് ആണ്. ആലപ്പുഴ വെറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലാണ് ആരോഗ്യ വകുപ്പ് ശേഖരിച്ച സാംപിളുകള്‍ പരിശോധിച്ചത്. സ്‌കൂള്‍ തുറന്നതിന് പിന്നാലെയാണ് കായംകുളം ടൗണ്‍ ഗവ സ്‌കൂളിലെ 15 കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധ ഉണ്ടായത്. സ്‌കൂളില്‍ നിന്ന് വിതരണം ചെയ്ത സാമ്പാറും ചോറുമാണ് കുട്ടികള്‍ കഴിച്ചിരുന്നത്.

അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കുട്ടികള്‍ ആശുപത്രിയില്‍ ചികിത്സ തേടി. തുടര്‍ന്ന് വീട്ടിലേക്ക് മടങ്ങിയ കുട്ടികള്‍ക്ക് വീണ്ടും വയറുവേദനയും ക്ഷീണവും അനുഭവപ്പെട്ടതോടെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. സംഭവത്തില്‍ ആരോഗ്യവകുപ്പും ഭക്ഷ്യസുരക്ഷാ വകുപ്പും അന്വേഷണം നടത്തുന്നുണ്ട്. അതേദിവസം തന്നെ കൊട്ടാരക്കരയില്‍ അങ്കണവാടി വിദ്യാര്‍ത്ഥികള്‍ക്കും ഭക്ഷ്യ വിഷബാധയുണ്ടായിരുന്നു. ഇവിടെ നിന്നും ഭക്ഷണം കഴിച്ച നാല് കുട്ടികള്‍ക്കാണ് ഛര്‍ദ്ദിയും വയറിളക്കവും അനുഭവപ്പെട്ടത്. ഇവിടെ നിന്നും 35 കിലോ പുഴുവും ചെള്ളും നിറഞ്ഞ അരി ആരോഗ്യ വകുപ്പ് പരിശോധനയില്‍ കണ്ടെത്തിയിരുന്നു.