പിപ്പിടി കാട്ടല്‍ ഏശില്ല ; അതീവ സുരക്ഷയില്‍ ജനം വലഞ്ഞു ; പിണറായി വിജയന് ട്രോള്‍ പൂരം

കേരളത്തിന്റെ സമീപകാല ചരിത്രത്തിലെ ഏറ്റവും കനത്ത സുരക്ഷാ വലയത്തിലായിരുന്നു ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതിഷേധക്കാരെ ഭയന്ന് കേട്ടുകേള്‍വിയില്ലാത്ത സുരക്ഷയൊരുക്കി മുഖ്യമന്ത്രിക്ക് പൊലീസ് കാവല്‍ നിന്നിട്ടും നാടെങ്ങും പ്രതിഷേധം ഇപ്പോഴും കത്തുകയാണ്. കൊച്ചിയിലും കോട്ടയത്തും പൊതുപരിപാടികള്‍ കഴിഞ്ഞ് തൃശ്ശൂരിലെ രാമനിലയം ഗസ്റ്റ് ഹൗസില്‍ എത്തിയ മുഖ്യമന്ത്രിക്കെതിരെ ഇവിടെയും പ്രതിഷേധമുണ്ടായി. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പന്തം കൊളുത്തി പ്രകടനവുമായി എത്തി. മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു. ബാരിക്കേഡ് തകര്‍ത്ത് മുന്നോട്ട് പോകാന്‍ പ്രതിഷേധക്കാര്‍ ശ്രമിച്ചതോടെ ജലപീരങ്കി പ്രയോഗിച്ച് സുരക്ഷയൊരുക്കി പൊലീസ് സേന.

സംസ്ഥാനത്ത് പലയിടത്തും ഇന്ന് പോലീസ് സൃഷ്ടിച്ച അസാധാരണ സുരക്ഷാ വലയം പൊതുജനങ്ങളെ വലച്ചു. കൈക്കുഞ്ഞുങ്ങളുമായി വന്ന അമ്മമാരെപ്പോലും തടഞ്ഞു. പത്ത് അകമ്പടി വാഹനങ്ങളോടെ നൂറു കണക്കിന് പോലീസുകാരുടെ വലയത്തില്‍ നീങ്ങിയിട്ടും മുഖ്യമന്ത്രിക്കെതിരെ നാലിടത്ത് കരിങ്കൊടി പ്രതിഷേധം ഉണ്ടായി. കേരളത്തിന്റെ സമീപകാല ചരിത്രത്തിലെ ഏറ്റവും കനത്ത സുരക്ഷാ വലയത്തിലായിരുന്നു ഇന്ന് മുഖ്യമന്ത്രി. കോട്ടയത്തു പ്രധാന കവലകളില്‍ എല്ലാം ഗതാഗതം തടഞ്ഞ പോലീസ്, കേരള സര്‍ക്കാരിന്റെ ഒന്നാം നമ്പര്‍ കാറിന് വഴിയൊരുക്കി. പള്ളിയില്‍ മാമോദീസ ചടങ്ങു കഴിഞ്ഞ വീട്ടിലേക്ക് മടങ്ങുകയായിരുന്ന കുടുംബത്തോട് പോലും മുഖ്യമന്ത്രി പോയിക്കഴിഞ്ഞ് പോയാല്‍ മതിയെന്ന് പൊലീസ് നിലപാടെടുത്തു. കൊച്ചിയില്‍ കറുത്ത ചുരിദാര്‍ ധരിച്ച ട്രാന്‍സ്ജെന്ഡറുകളെ പോലീസ് തടഞ്ഞു. പ്രതിഷേധിച്ചപ്പോള്‍ വലിച്ചിഴച്ചു വാഹനത്തില്‍ കയറ്റി കൊണ്ടുപോയി.

ഇന്നലെ രാത്രി മുഖ്യമന്ത്രി എത്തിയത് മുതല്‍ പൊലീസ് വലയത്തിലായിരുന്നു കോട്ടയം ജില്ലയിലെ നാട്ടകത്തെ സര്‍ക്കാര്‍ അതിഥി മന്ദിരം. സിപിഎം നേതാക്കള്‍ക്കും മാത്രമായിരുന്നു പിന്നീട് പ്രവേശനം. രാവിലെ അതിഥി മന്ദിരത്തിനു മുന്നിലെത്തിയ മാധ്യമ പ്രവര്‍ത്തകരില്‍ ചിലരോട് കറുത്ത മാസ്‌ക് പോലും മാറ്റണമെന്നും പോലീസ് ആവശ്യപ്പെട്ടു. നാട്ടകത്തു നിന്ന് നഗരമധ്യത്തിലെ മാമന്‍ മാപ്പിളള ഹാളിലേക്ക് മുഖ്യമന്ത്രി കടന്നു വരുന്ന വഴിയില്‍ ഓരോ ഇരുപത് മീറ്റര്‍ ഇടവിട്ടും പൊലീസുകാര്‍ നിലയുറപ്പിച്ചു. ബസേലിയോസ് ജംഗ്ഷനും, ചന്തക്കവലയും, കലക്ടറേറ്റ് ജംഗ്ഷനും ഉള്‍പ്പെടെ കെകെ റോഡിലെ പ്രധാന കവലകളിലെല്ലാം മുന്നറിയിപ്പൊന്നും ഇല്ലാതെ പൊലീസ് ബാരിക്കേഡ് കെട്ടി വാഹനം തടഞ്ഞു. ഊരിപ്പിടിച്ച വാള് പോയിട്ട് ഊന്നു വടി പോലും ഇല്ലാതെ വെറും കയ്യോടെ നടന്നു വന്ന സാധാരണക്കാരെ പോലും തടഞ്ഞാണ് മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിന് പൊലീസ് വഴിയൊരുക്കിയത്. പഴുതടച്ച സുരക്ഷാ വിന്യാസത്തിനിടയിലും വന്നവഴി മണിപ്പുഴയില്‍ യുവമോര്‍ച്ചക്കാര്‍ മുഖ്യമന്ത്രിക്കു നേരെ കരിങ്കൊടി വീശി. പത്തിലേറെ വാഹനങ്ങളുടെ അകമ്പടിയില്‍ സമ്മേളന നഗരിയില്‍ മുഖ്യമന്ത്രി പ്രവേശിച്ചിട്ടും റോഡ് പൊലീസ് തുറന്നില്ല. 11.45 ന് മുഖ്യമന്ത്രി മടങ്ങിയ ശേഷം മാത്രമായിരുന്നു മാമ്മന്‍ മാപ്പിള ഹാളിനു സമീപത്തെ റോഡുകള്‍ തുറന്നത്.

കോട്ടയത്ത് നിന്ന് മടങ്ങും വഴി നാഗമ്പടത്ത് മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി ഉയര്‍ത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകരെയും പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. കൊച്ചിയില്‍ സ്വകാര്യ സ്ഥാപനത്തിന്റെ പരിപാടിയില്‍ ആയിരുന്നു മുഖ്യമന്ത്രി ആദ്യം പങ്കെടുത്തത്. ഇവിടെ കറുത്ത മാസ്‌ക് ധരിച്ചെത്തിയ ചില മാധ്യമ പ്രവര്‍ത്തകരോട് അത് നീക്കണമെന്ന് സംഘാടകര്‍ ആവശ്യപ്പെട്ടു. പകരം നീല മാസ്‌ക് സംഘാടകര്‍ തെന്നെ നല്‍കി. മുഖ്യമന്ത്രിയുടെ നിരവധി അകമ്പടി വാഹനങ്ങള്‍ കലൂരില്‍ മെട്രോ സ്റ്റേഷന് സമീപം നിര്‍ത്തി. ഇതോടെ ഗതാഗത കുരുക്ക് രൂക്ഷമായി. നൂറു കണക്കിന് പൊലീസുകാരെ വിന്യസിച്ചുള്ള സുരക്ഷയായിരുന്നു കൊച്ചിയിലും ഒരുക്കിയത്.

ഇങ്ങനെയൊക്കെ ആണ് സംഭവം എങ്കിലും പോലീസ് സുരക്ഷയില്‍ വേദികളില്‍ എത്തിയ പിണറായി മറുവശത്ത് വെല്ലുവിളികള്‍ തുടരുകയായിരുന്നു. എന്ത് പിപ്പിടി കാട്ടിയാലും ഇങ്ങോട്ട് ഏശില്ല എന്ന് പിണറായി വിജയന്‍ തുറന്നടിച്ചു. ഇതൊക്കെ മനസ്സില്‍ വെച്ചാല്‍ മതി. ഇതൊക്കെ കൊണ്ട് എന്തോ ഇളകും എന്ന് കരുതിയാല്‍ നിങ്ങള്‍ക്ക് തെറ്റും. അതൊക്കെ അങ്ങ് കയ്യില്‍ വെച്ചാല്‍ മതി’ എന്നായിരുന്നു പിണറായി വിജയന്റെ പ്രതികരണം. പിസി ജോര്‍ജിനെ പേരെടുത്ത് പരാമര്‍ശിക്കാതെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. വിദ്വേഷപ്രസംഗം കേസുമായി ബന്ധപ്പെട്ടാണ് പിണറായി വിജയന്‍ പിസി ജോര്‍ജിനെതിരെ വിമര്‍ശനമുന്നയിച്ചത്. ലൈസന്‍സ് ഇല്ലാത്ത നാവ് കൊണ്ട് എന്തും പറയാം എന്ന അവസ്ഥക്ക് എന്ത് ഉണ്ടാകും എന്ന് അടുത്ത് കണ്ടു എന്ന് പിണറായി വിജയന്‍ പറഞ്ഞു.
വിരട്ടാന്‍ ഒക്കെ നോക്കി. അത് അങ്ങ് കൈവെച്ചാല്‍ മതി എന്നും കോട്ടയത്തെ വേദിയില്‍ പിണറായി വിജയന്‍ വ്യക്തമാക്കി. എന്നാല്‍ മുഖ്യമന്ത്രിയുടെ വാക്കുകള്‍ ട്രോളന്മാര്‍ക്ക് ഉത്സവം ആയി മാറുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. ചില ഇടതു പക്ഷ അനുഭാവ പേജുകള്‍ ഒഴികെ ബാക്കി എല്ലാത്തിലും ട്രോളന്മാര്‍ പിണറായിയെ ട്രോളുകള്‍ കൊണ്ട് മൂടി. മുഖ്യമായും ഊരി പിടിച്ച വാളിന്റെ ഇടയിലൂടെ നടന്ന കാര്യമാണ് ട്രോളുകളില്‍ മുന്നില്‍ വന്നത്. മറു വശത്ത് സി പി എം സൈബര്‍ ടീം പ്രതിരോധം തീര്‍ക്കാന്‍ ശ്രമിക്കുന്നു എങ്കിലും പൊതു ജനങ്ങളും ട്രോളുകള്‍ ഏറ്റെടുത്തത് തിരിച്ചടിയായി.