എയര്‍ പോര്‍ട്ട് മുതല്‍ ക്ലിഫ് ഹൌസ് വരെ പിണറായിക്ക് കാവല്‍ 380 പൊലീസുകാര്‍

രാജ്യം തന്നെ കാണാത്ത തരത്തിലുള്ള സുരക്ഷയാണ് കേരളാ മുഖ്യമന്ത്രി പിണറായി വിജയന് ഇപ്പോള്‍ ഉള്ളത്. നാല്പതിലേറെ പോലീസുകാര്‍ സദാസമയം കൂടെ അനുഗമിക്കുന്ന മുഖ്യമന്ത്രി ഇന്ന് തിരുവനന്തപുരം എയര്‍ പോര്‍ട്ട് മുതല്‍ ക്ലിഫ് ഹൌസ് വരെ യാത്ര ചെയ്തപ്പോള്‍ പുതിയ റിക്കാഡും പിറന്നു. ഇന്ന് കണ്ണൂരില്‍ നിന്നും തിരികെ തലസ്ഥാനത്ത് എത്തിയപ്പോള്‍ ആണ് ഈ സുരക്ഷ പോലീസ് ഒരുക്കിയത്. വിമാനത്താവളം മുതല്‍ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസുവരെ റോഡിന് ഇരുവശത്തും പൊലീസിനെ വിന്യസിച്ചു . മൊത്തം 380 പോലീസുകാര്‍ക്കാണ് സുരക്ഷാ ചുമതല. അതേസമയം വിമാനത്താവളത്തിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ച് പൊലീസ് ബാരിക്കേഡു വച്ചു തടഞ്ഞു. പ്രവര്‍ത്തകര്‍ക്ക് നേരെ ജലപീരങ്കി പ്രയോഗിച്ചു.

സംസ്ഥാനത്തുടനീളം മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ശക്തമായ പ്രതിഷേധമാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ നടത്തുന്നത്. പാലക്കാട് നടന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കളക്ടറേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം ഉണ്ടായി. കറുത്ത ഷര്‍ട്ടും കറുത്ത ബലൂണുകളുമായാണ് പ്രവര്‍ത്തകര്‍ മാര്‍ച്ചിന് എത്തിയത്. ഷാഫി പറമ്പില്‍ എം എല്‍ എ ഉള്‍പ്പെടെയുള്ള പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനെതിരെ ലുക്ക്ഔട്ട് നോട്ടീസുമായായിരുന്നു കൊച്ചിയില്‍ യൂത്ത് ലീഗിന്റെ പ്രതിഷേധം. മുഖ്യമന്ത്രിയുടെ ചിത്രവും വിവരണങ്ങളും ഉള്ള ലുക്ക്ഔട്ട് നോട്ടീസ് പൊലീസ് ബാരിക്കേഡില്‍ വരെ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ ഒട്ടിച്ചു. കണ്ണൂരിലും കരിങ്കൊടി പ്രതിഷേധവുമായി യുവജന സംഘടനകള്‍ രംഗത്തെത്തി. കണ്ണൂര്‍ ഗസ്റ്റ് ഹൗസിന് മുമ്പിലാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എത്തിയത്. മുഖ്യമന്ത്രിയുടെ മാര്‍ഗമധ്യേ തളാപ്പില്‍വെച്ച് യുവമോര്‍ച്ച പ്രവര്‍ത്തകരും മുഖ്യമന്ത്രിക്കുനേരെ കരിങ്കൊടി കാണിച്ചു. പ്രതിഷേധക്കാര്‍ക്കു നേരെ പോലീസ് ജലപീരങ്കി പ്രയോഗിക്കുകയും പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കുകയും ചെയ്തു.