മദ്യപാനിയായ അച്ഛനെ പേടിച്ച് റബര്‍ തോട്ടത്തിലൊളിച്ച നാലുവയസുകാരി പാമ്പുകടിയേറ്റു മരിച്ചു
കന്യാകുമാരി ജില്ലയില്‍ തിരുവട്ടാര്‍ കുട്ടയ്ക്കാട്ടിലാണ് സംഭവം അരങ്ങേറിയത്. മദ്യപിച്ചെത്തുന്ന അച്ഛന്റെ മര്‍ദ്ദനത്തെ പേടിച്ച് അമ്മയും മക്കളും സമീപത്തെ റബ്ബര്‍ തോട്ടത്തില്‍ ഒളിച്ചു ഇരിക്കവെ പാമ്പ് കടിയേറ്റ് നാലു വയസ്സുകാരി മരിക്കുകയായിരുന്നു. രാത്രിയില്‍ ജോലി കഴിഞ്ഞ് അമിതമായി മദ്യപിച്ചു എത്തുന്ന സുരേന്ദ്രന്‍ എല്ലാ ദിവസവും ഭാര്യ സിജി മോളെയും മക്കളായ സുഷ്‌ക മോള്‍ (4), സുഷിന്‍ സിജോ (12 ), സുജിലിന്‍ ജോ (9) എന്നിവരെ സ്ഥിരമായി മര്‍ദിക്കുന്നത് പതിവാണ്. കഴിഞ്ഞ ദിവസവും രാത്രിയില്‍ മദ്യപിച്ചു എത്തി ബഹളം തുടങ്ങിയതോടെ അമ്മയും കുട്ടികളും സമീപത്തെ റബ്ബര്‍ തോട്ടത്തില്‍ ഓടി രക്ഷപ്പെടുകയായിരുന്നു. എന്നാല്‍ അവിടെ വച്ചു നാലു വയസ്സുകാരിയായ സുഷ്‌ക മോളെ പാമ്പുകടിക്കുകയായിരുന്നു.
കുഞ്ഞിന്റെ കരച്ചില്‍ കേട്ടു കുട്ടികളെയും കൊണ്ട് അമ്മ സമീപത്തെ വീട്ടില്‍ എത്തിക്കുകയായിരുന്നു. അപ്പോള്‍ കുഞ്ഞ് അബോധസ്ഥയിലായിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും കുഞ്ഞ് മരണപ്പെടുകയായിരുന്നു. തുടര്‍ന്ന് തിരുവട്ടാര്‍ പോലീസ് കുഞ്ഞിന്റെ അച്ഛനെ കസ്റ്റഡിലെടുത്ത് ചോദ്യം ചെയ്തു വരുകയാണ്. കഴിഞ്ഞ ആഴ്ചയിലും സുരേന്ദ്രന്‍ മദ്യപിച്ചു എത്തി രാത്രി കുട്ടികളെ മര്‍ദിക്കുകയും മക്കള്‍ മൂവരും കരഞ്ഞു വിഷമത്തോടെ പറയുന്നതുമായ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.