കുവൈറ്റ് സ്വദേശികള്‍ക്ക് 10 ലക്ഷം രൂപയ്ക്ക് വിറ്റ മൂന്ന് മലയാളി സ്ത്രീകളെ രക്ഷപ്പെടുത്തി

10 ലക്ഷം രൂപയ്ക്ക് മനുഷ്യക്കടത്ത് സംഘം കുവൈറ്റ് കുടുംബങ്ങള്‍ക്ക് വില്‍പന നടത്തിയ മൂന്നു മലയാളി സ്ത്രീകളെ രക്ഷപ്പെടുത്തി. കണ്ണൂര്‍ സ്വദേശിയായ ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എം കെ ഗസ്സാലിയാണ് റാക്കറ്റിലെ പ്രധാനി. യുവതികളെ മോചിപ്പിക്കാന്‍ കുടുംബങ്ങള്‍ സമീപിച്ചപ്പോള്‍ മൂന്ന് ലക്ഷം രൂപ ഇയാള്‍ മോചനദ്രവ്യം ആവശ്യപ്പെട്ടു. തുടര്‍ന്ന് സ്ത്രീകളിലൊരാളുടെ ഭര്‍ത്താവ് മലയാളി കൂട്ടായ്മയെ സമീപിക്കുകയും മൂവരും നേരിടുന്ന പീഡനങ്ങള്‍ ഉള്‍ക്കൊള്ളുന്ന വീഡിയോകളും വോയ്സ് ക്ലിപ്പുകളും അവരുടെ അംഗങ്ങള്‍ക്ക് വാട്ട്സാപ്പില്‍ അയച്ചുകൊടുക്കുകയും ചെയ്തു. ഇവരെ മോചിപ്പിക്കാന്‍ സംഘം കുവൈറ്റ് അധികൃതരെ സമീപിക്കുകയായിരുന്നു.

കുവൈറ്റില്‍ കുട്ടികളെ പരിചരിക്കുന്ന ജോലിക്ക് അപേക്ഷ ക്ഷണിച്ച് കൊച്ചിയിലും കൊല്ലത്തും ഉള്‍പ്പെടെയുള്ള പൊതുസ്ഥലങ്ങളില്‍ മനുഷ്യക്കടത്ത് സംഘം നോട്ടീസ് പതിച്ചിരുന്നതായി പൊലീസ് പറയുന്നു. റിക്രൂട്ട്മെന്റ് സൗജന്യമായതിനാലും വിസ പ്രോസസ്സിംഗിനും വിമാന ടിക്കറ്റിനും പോലും അവരില്‍ നിന്ന് പണമൊന്നും ഈടാക്കാത്തതിനാലും പോസ്റ്ററുകള്‍ കണ്ട ശേഷം സ്ത്രീകള്‍ റാക്കറ്റിനെ സമീപിച്ചു. റിക്രൂട്ട്മെന്റ് സമയത്ത് തന്റെ ഭാര്യക്ക് പ്രതിമാസം 60,000 രൂപ ശമ്പളം വാഗ്ദാനം ചെയ്തിരുന്നതായി ഇരകളില്‍ ഒരാളുടെ ഭര്‍ത്താവിനെ ഉദ്ധരിച്ച് ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇന്ത്യന്‍ നിയന്ത്രണങ്ങള്‍ മറികടക്കാന്‍, സ്ത്രീകളെ സന്ദര്‍ശന വിസയില്‍ ഷാര്‍ജയിലേക്ക് കൊണ്ടുപോവുകയും പിന്നീട് റോഡ് മാര്‍ഗം കുവൈറ്റിലേക്ക് മാറ്റുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കുവൈറ്റില്‍ സമ്പന്ന അറബ് കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപക്ക് ഇവരെ വിറ്റു. ഏതാനും ദിവസങ്ങള്‍ക്കുശേഷം തങ്ങള്‍ കുടുങ്ങിപ്പോയതായി ഇരകള്‍ തിരിച്ചറിഞ്ഞു. പുതിയ ഉടമകള്‍ അവരെ പീഡനത്തിന് ഇരയാക്കി. എന്നാല്‍ ഭാഗ്യവശാല്‍, ഉപയോഗിച്ചിരുന്ന ഫോണുകള്‍ അവരുടെ പക്കലുണ്ടായിരുന്നു. അതുവഴി സ്ത്രീകള്‍ക്ക് വീട്ടിലുള്ള കുടുംബങ്ങളെ ബന്ധപ്പെടാനും അവരുടെ തങ്ങള്‍ക്ക് പറ്റിയ ചതിയെ കുറിച്ച് വിവരം നാട്ടില്‍ അറിയിക്കാനും സാധിച്ചു.

സന്ദേശങ്ങള്‍ ലഭിച്ചയുടന്‍, ഇരകളില്‍ ഒരാളുടെ ഭര്‍ത്താവ് കൊച്ചി ആസ്ഥാനമായുള്ള അഭിഭാഷകന്‍ നിഷിന്‍ ജോര്‍ജ് മുഖേന പൊലീസിനും ആഭ്യന്തര മന്ത്രാലയത്തിനും പരാതി നല്‍കി. സ്ത്രീകളുടെ മോചനത്തിനായി കുവൈറ്റിലെ മലയാളി കൂട്ടായ്മയെ സമീപിക്കുകയും ചെയ്തു. വീട്ടില്‍ തിരിച്ചെത്തിയ ശേഷം ഒരു സ്ത്രീ കൊച്ചി പൊലീസില്‍ വീണ്ടും പരാതി നല്‍കി. ഗസ്സാലിക്കെതിരെയും അയാളുടെ പ്രാദേശിക റിക്രൂട്ടറായി പ്രവര്‍ത്തിച്ച കൊല്ലം പത്തനാപുരം സ്വദേശി എ ആര്‍ അജുമോനെതിരെയുമാണ് പരാതി നല്‍കിയത്. റാക്കറ്റ് അംഗങ്ങള്‍ മൂന്ന് ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടതായും ഈ തുക നല്‍കിയില്ലെങ്കില്‍ സിറിയയിലെ ഇസ്ലാമിക് സ്റ്റേറ്റ് ക്യാമ്പുകളിലേക്ക് വില്‍ക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും യുവതി പരാതിയില്‍ പറയുന്നു. ഒരു സ്ത്രീ കൊല്ലം സ്വദേശിയും രണ്ടുപേര്‍ എറണാകുളം സ്വദേശികളുമാണ്.