കുളിമുറിയില്‍ ക്യാമറ വെച്ച സംഭവം ; സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറി പിടിയില്‍

വീട്ടമ്മയുടെ കുളിമുറിയില്‍ ഒളിക്യാമറ വെച്ച് ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച സംഭവത്തില്‍ പ്രതി ഷാജഹാന്‍ പിടിയില്‍. പാലക്കാട് സൗത്ത് പൊലീസ് തമിഴ്‌നാട്ടില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. സംഭവത്തെ തുടര്‍ന്ന് ഒളിവില്‍ പോയ ഷാജഹാനെ പിടികൂടാനായി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിരുന്നു. പ്രതി സംസ്ഥാനം വിട്ടെന്ന സൂചന കഴിഞ്ഞ ദിവസം പൊലീസ് പങ്കുവച്ചിരുന്നു. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് ഷാജഹാനെതിരെ പൊലീസ് കേസെടുത്തിട്ടുള്ളത്. അല്‍വാസിയായ വീട്ടമ്മയുടെ കുളിമുറിയില്‍ മൊബൈല്‍ ക്യാമറ വെച്ച് ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ചെന്നാണ് ഷാജഹാനെതിരായ കേസ്.

വീട്ടമ്മയുടെ പരാതിക്ക് പിന്നാലെ പൊലീസ് കേസെടുത്തിരുന്നു. സിപിഎം ബ്രാഞ്ച് സെക്രട്ടറി ആയിരുന്ന ഷാജഹാനെ പാര്‍ട്ടിയും പുറത്താക്കി. പിന്നാലെ ഒളിവില്‍ പോയ ഷാജഹാനെ കണ്ടെത്താന്‍ പൊലീസിന് കഴിഞ്ഞിരുന്നില്ല. ഷാജഹാന്റെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീടുകളില്‍ സൗത്ത് പൊലീസ് തുടര്‍ച്ചയായി പരിശോധന നടത്തിയിരുന്നു. സംഭവത്തില്‍ വെളിപ്പെടുത്തലുമായി പരാതിക്കാരിയായ യുവതി കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ഷാജഹാന്‍ വളരെ അടുപ്പമുള്ള വ്യക്തിയായിരുന്നെന്നാണ് അവര്‍ വ്യക്തമാക്കിയത്. എന്ത് ആവശ്യത്തിനും ഇവരും കുടുംബവും ആദ്യം വിളിക്കുന്നത് അയല്‍വാസിയായിരുന്ന ഷാജഹാനെയായിരുന്നു.

കുളിമുറിയുടെ ജനാലയില്‍ ആളനക്കം കേട്ട് ബഹളം വെച്ചപ്പോള്‍ ഒരാള്‍ ഓടി രക്ഷപ്പെടുന്നതാണ് കണ്ടെതെന്ന് ഇവര്‍ വിവരിച്ചു. ഓടുന്നതിനിടെ ഇയാളുടെ മൊബൈല്‍ ഫോണ്‍ നിലത്ത് വീഴുകയായിരുന്നു. എന്നാല്‍, ഷാജഹാനാണ് ഓടിയതെന്ന് മനസ്സിലായില്ല. സംഭവത്തെക്കുറിച്ച് പരാതിപ്പെടാന്‍ ആദ്യം വിളിച്ചത് ഷാജഹാനെയായിരുന്നു. ഷാജഹാന്റെ മൊബൈല്‍ ഫോണ്‍ കുളിമുറിക്ക് സമീപത്തെ പറമ്പില്‍ ബെല്ലടിച്ചതോടെയാണ് സംശയം ഉണ്ടായതെന്നും വീട്ടമ്മ പറയുന്നു. ഇതോടെ കുളിമുറിയില്‍ ക്യാമറ വെച്ചത് ഷാജഹാനാണെന്ന് വ്യക്തമായി. ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ അടക്കമാണ് വീട്ടമ്മ പരാതി നല്‍കിയത്. സിപിഎം അനുഭാവികളായ കുടുംബം പാര്‍ട്ടിയെ വിവരമറിയിച്ചു. ആദ്യം പരാതി പറഞ്ഞു തീര്‍ക്കാന്‍ ആണ് നേതൃത്വം ശ്രമിച്ചത്. എന്നാല്‍ പരാതിയില്‍ ഉറച്ചു നില്‍ക്കുന്നു എന്ന് വീട്ടമ്മ വ്യക്തമാക്കിയതോടെ ഷാജഹാനെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തതായി സിപിഎം അറിയിക്കുകയും ചെയ്തു.