പിണറായി വിജയന്‍ എന്നെ അറിയില്ലെന്ന് പറഞ്ഞത് പച്ചക്കള്ളം ; സ്വപ്ന സുരേഷ്

മുഖ്യമന്ത്രി പിണറായി വിജയന്റെ തന്നെ അറിയില്ല എന്ന മൊഴി പച്ചക്കള്ളമാണെന്ന് സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ്. മുഖ്യമന്ത്രിയുമായും ഭാര്യ കമലയുമായും താന്‍ പലവട്ടം സംസാരിച്ചിട്ടുണ്ടെന്നും സ്വപ്ന പറഞ്ഞു. ഒരു പുതിയ കേസ് കൂടി തന്റെ പേരില്‍ പൊലീസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും, എത്ര കേസുകള്‍ രജിസ്റ്റര്‍ ചെയ്താലും അതിനെ നേരിടുമെന്നും അവര്‍ വ്യക്തമാക്കി. കോടതിയില്‍ നല്‍കിയ 164 മൊഴിയില്‍ ഇപ്പോഴും ഉറച്ചു നില്‍ക്കുകയാണ്. എന്റെ പേരില്‍ എത്ര കേസുകള്‍ രജിസ്റ്റര്‍ ചെയ്താലും കുഴപ്പമില്ല. 164 മൊഴിയില്‍ വ്യത്യാസമുണ്ടെന്ന് പറഞ്ഞാണ് പുതിയ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഈ മൊഴിയില്‍ നിന്നും താന്‍ പിന്മാറണമെങ്കില്‍ തന്നെ കൊല്ലണം.

മുഖ്യമന്ത്രിക്ക് ഷാജ് കിരണുമായി ബന്ധമുണ്ട്. എന്നെ അറിയില്ലെന്ന് മുഖ്യമന്ത്രി മുന്‍പ് പറഞ്ഞത് പച്ചക്കള്ളമാണ്. അവര്‍ തന്നെയാണ് ഷാജിനെ തന്റെ അടുത്തേക്ക് പറഞ്ഞയച്ചത്. ക്ലിഫ് ഹൗസില്‍ വച്ച് മുഖ്യമന്ത്രിയുമായും കുടുംബവുമായും പലവട്ടം സംസാരിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ഭാര്യ കമല വിജയനുമായും താന്‍ സംസാരിച്ചിട്ടുണ്ട്. – സ്വപ്ന മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം സ്വര്‍ണക്കടത്ത് കേസിലെ പ്രതിപക്ഷ ആരോപണത്തില്‍ രാഷ്ട്രീയ പ്രതിരോധത്തിനൊരുങ്ങുകയാണ് എല്‍ഡിഎഫ്. ഈ മാസം 21 മുതല്‍ ജില്ലകളില്‍ റാലിയും പൊതുയോഗവും നടത്തും. ഇന്നു നടന്ന എല്‍ഡിഎഫ് യോഗത്തിലാണ് തീരുമാനം. മുഖ്യമന്ത്രിയുള്‍പ്പെടെയുള്ള ഇടത് നേതാക്കള്‍ യോഗത്തില്‍ പങ്കെടുക്കും. സ്വപ്‌ന സുരേഷിന്റെ ആരോപണങ്ങളെയും പ്രതിപക്ഷ പ്രക്ഷോഭത്തേയും പ്രതിരോധിക്കും.

എല്‍ഡിഎഫ് യോഗത്തില്‍ വിമാനത്തിലെ പ്രതിഷേധം വിശദീകരിച്ച് എല്‍ ഡി എഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ രംഗത്തെത്തി. താന്‍ മുഖ്യമന്ത്രിക്ക് പ്രതിരോധം തീര്‍ക്കുകയായിരുന്നെന്ന് ഇ പി ജയരാജന്‍ യോഗത്തില്‍ പറഞ്ഞു. വിമാനത്തില്‍ ആക്രമണ ശ്രമമുണ്ടായതിനെ കുറിച്ച് ഇടതുമുന്നണി യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിശദീകരിച്ചു. വഴിയില്‍ നിന്ന് ഇപി പ്രതിരോധം തീര്‍ത്തെന്നാണ് മുഖ്യമന്ത്രി വിശദീകരിച്ചത്. തന്റെ നേര്‍ക്ക് വന്നവരെ തടഞ്ഞത് ജയരാജന്‍ ആണെന്ന് മുന്നണി യോഗത്തില്‍ മുഖ്യമന്ത്രി വ്യക്തമാക്കി.