സ്വപ്നക്ക് എതിരെ സരിതയെ ഇറക്കി സര്‍ക്കാര്‍ ; സരിതയുടെ രഹസ്യമൊഴി രേഖപ്പെടുത്താന്‍ അനുമതി

സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെതിരെ ഉയരുന്ന ആരോപണങ്ങളെ ചെറുക്കന്‍ സരിതയെ മുന്നില്‍ നിര്‍ത്താന്‍ തീരുമാനം. സ്വപ്ന നടത്തി എന്ന് പറയപ്പെടുന്ന ഗൂഢാലോചന കേസില്‍ സരിത എസ് നായരുടെ രഹസ്യമൊഴി രേഖപ്പെടുത്തുവാന്‍ തീരുമാനമായി. ക്രൈംബ്രാഞ്ച് എസ്പി മധുസൂദനന്‍ ആണ് സരിതയുടെ രഹസ്യമൊഴിയെടുക്കാന്‍ തിരുവനന്തപുരം സിജെഎം കോടതിയില്‍ അപേക്ഷ നല്‍കിയത്. അപേക്ഷ പരിഗണിച്ച കോടതി ഈ മാസം 23ന് മൊഴി രേഖപ്പെടുത്താന്‍ അനുമതി നല്‍കി. ജുഡിഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി- രണ്ടാണ് സരിതയുടെ രഹസ്യമൊഴി രേഖപ്പെടുത്തുക. സ്വപ്നയുടെ വെളിപ്പെടുത്തലിന് പിന്നാലെ കെ ടി ജലീല്‍ നല്‍കിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്. കേസിലെ പ്രതിയായ പി സി ജോര്‍ജും സരിതയുമായുള്ള ശബ്ദരേഖയും പുറത്തുവന്നിരുന്നു.

മുഖ്യമന്ത്രിക്കെതിരെ സ്വര്‍ണ കടത്തുമായി ബന്ധപ്പെട്ട് സ്വപ്നക്ക് വേണ്ടി ഒരു ഓണ്‍ ലൈന്‍ ചാനലിന് അഭിമുഖം നല്‍കാന്‍ പി സി ജോര്‍ജ് പ്രേരിപ്പിച്ചുവെന്നാണ് സരിതയുടെ മൊഴി. സ്വപ്നയും പി സി ജോര്‍ജും ക്രൈം നന്ദകുമാറും ഗൂഢാലോചന നടത്തിയെന്നും സോളാര്‍ കേസിലെ പ്രതിയായ സരിത മൊഴി നല്‍കിയിട്ടുണ്ട്. ഗൂഢാലോചന തെളിയിക്കുന്നതായാണ് സരിതയുടെ രഹസ്യമൊഴി പൊലീസ് രേഖപ്പെടുത്തുന്നത്. പി സി ജോര്‍ജ് പല തവണ വിളിച്ചെന്നും മുഖ്യമന്ത്രിക്കെതിരെ പറയാന്‍ സമ്മര്‍ദ്ദം ചെലുത്തിയെന്നുമാണ് സരിത പറയുന്നത്. സ്വപ്നയെ ജയിലില്‍ വെച്ച് പരിചയമുണ്ട്. എന്നാല്‍ സ്വപ്നയുടെ കയ്യില്‍ തെളിവുകളിലെന്ന് അറിയാവുന്നത് കൊണ്ട് പിന്മാറിയെന്നാണ് സരിതയുടെ മൊഴി. മുഖ്യമന്ത്രിക്കെതിരായ തെളിവ് സ്വപ്നയുടെ കയ്യില്‍ ഉണ്ടെന്ന് പറയാന്‍ ജോര്‍ജ് ആവശ്യപ്പെടെന്നാണ് സരിത നല്‍കിയ മൊഴി.

ജോര്‍ജും സ്വപ്നയും ക്രൈം നന്ദകുമാറും എറണാകുളത്ത് കൂടിക്കാഴ്ച നടത്തിയെന്നും സരിത പറയുന്നു. തിരുവനന്തപുരം ഗസ്റ്റ് ഹൗസില്‍ വെച്ചും ഈരാറ്റുപേട്ടയിലെ ജോര്‍ജിന്റെ വീട്ടില്‍ വെച്ചും താനുമായി കൂടിക്കാഴ്ച നടത്തി. ജോര്‍ജുമായുള്ള സംഭാഷണത്തിന്റെ ഓഡിയോ ടേപ്പും അന്വേഷണ സംഘത്തിന് സരിത കൈമാറിയിട്ടുണ്ട്. അന്വേഷണ സംഘത്തിലെ എസ് പി മധുസൂദനനാണ് സരിതയുടെ മൊഴി രേഖപ്പെടുത്തിയത്. സരിതയുടെ രഹസ്യമൊഴി എടുത്ത് സാക്ഷിയാക്കി ഗൂഢാലോചന അന്വേഷണം വ്യാപകമാക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.