ബിടിഎസ് ബാന്‍ഡ് പിരിയുന്നു ; ഞെട്ടലില്‍ ആരാധകര്‍

കോടിക്കണക്കിനു ആരാധകര്‍ ഉള്ള സംഗീത ബാന്‍ഡ് ആണ് ദക്ഷിണകൊറിയന്‍ മ്യൂസിക്ക് ബോയ് ബാന്‍ഡ് ആയ ബിടിഎസ്. ആര്‍എം, ജെ-ഹോപ്പ്, ജിന്‍, സുഗ, പാര്‍ക്ക് ജി-മിന്‍, വി, ജംഗ്കൂക്ക് എന്നീ ഏഴ് പേരാണ് ബാന്‍ഡിലുള്ളത്. ഇപ്പോഴിതാ ബിടിഎസ് സംഗീതലോകത്തു നിന്നു ദീര്‍ഘമായ ഇടവേളയെടുക്കുന്നുവെന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത് . സംഘാംഗങ്ങള്‍ ഓരോരുത്തരും സ്വതന്ത്ര സംഗീത ജീവിതത്തിനു തുടക്കം കുറിക്കുകയാണെന്ന് ബാന്‍ഡ് ഔദ്യോഗികമായി അറിയിച്ചു. ബാന്‍ഡ് രൂപീകരിച്ച് 9 വര്‍ഷം പൂര്‍ത്തിയാക്കിയ വേളയില്‍ നടത്തിയ പ്രത്യേക അത്താഴ വിരുന്നിനു ശേഷമാണ് ബിടിഎസിന്റെ പുതിയ പ്രഖ്യാപനം.

ഓരോരുത്തരുടേയും കഴിവിനെ കൂടുതല്‍ വളര്‍ത്തിയെടുക്കാനും ജീവിതത്തിലെ പുതിയ ദിശ കണ്ടെത്താനുമായി തങ്ങള്‍ താല്‍ക്കാലികമായി ഒരു ഇടവേളയെടുക്കുന്നുവെന്നാണ് ബിടിഎസ് ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്. ബാന്‍ഡ് അംഗങ്ങള്‍ ഓരോരുത്തരും സ്വതന്ത്ര സംഗീത ആല്‍ബങ്ങളുമായി ഉടന്‍ ലോകത്തിനു മുന്നിലെത്തുമെന്നും സംഘം അറിയിച്ചു. ബിടിഎസിന്റെ ഈ അപ്രതീക്ഷിത പ്രഖ്യാപനം ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്. സംഘത്തിന്റെ അടുത്ത ആല്‍ബത്തിനു വേണ്ടി കാത്തിരുന്ന ആരാധകര്‍ക്ക് പുതിയ വാര്‍ത്ത അംഗീകരിക്കാനാകുന്നില്ല.

എന്നാല്‍ സൈനിക സേവനത്തിനു പോകേണ്ടതിനാലാണ് ബിടിഎസ് പിരിയുന്നതെന്ന തരത്തിലുള്ള ചര്‍ച്ചകളാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ പ്രചരിക്കുന്നത്. പക്ഷെ ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും പുറത്തുവന്നിട്ടില്ല. പ്രായപൂര്‍ത്തിയായ പുരുഷന്മാര്‍ 28 വയസ്സിനുള്ളില്‍ 18 മാസമെങ്കിലും നിര്‍ബന്ധിത സൈനിക സേവനം ചെയ്യണമെന്നതാണ് ദക്ഷിണകൊറിയയിലെ നിയമം. എല്ലാംകൂടി ചേര്‍ത്തു വായിക്കുമ്പോള്‍ ബിടിഎസ് ഇനി മടങ്ങിവരുമെന്നു പ്രതീക്ഷിക്കാനാകില്ലെന്നാണ് ആരാധകര്‍ സമൂഹമാധ്യമങ്ങളില്‍ കുറിക്കുന്നത്.