സംസ്ഥാനത്തെ മുസ്ലിം പള്ളികള്‍ക്ക് പൊലീസിന്റെ നോട്ടീസ്
പ്രവാചക നിന്ദ വിവാദത്തില്‍ മുസ്ലിം പള്ളികള്‍ക്ക് വിവാദ നോട്ടീസ് നല്‍കിയ സംഭവത്തില്‍ മയ്യില്‍ പൊലീസിനെതിരെ സുന്നി മഹല്ല് ഫെഡറേഷനും മുസ്ലീം ലീഗും കണ്ണൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കി. സുന്നി മഹല്‍ ഫെഡറേഷന്‍ ജില്ലാ സെക്രട്ടറി അബ്ദുള്‍ ബാക്തിയാണ് പരാതി നല്‍കിയത്. ഉടനടി അന്വേഷണം നടത്തി നടപടി ഉണ്ടാകും എന്ന് കമ്മീഷണര്‍ ഉറപ്പ് നല്‍കിയതായി അബ്ദുള്‍ ബാക്തി പറഞ്ഞു. ഡി ജി പി ക്ക് ഇന്ന് തന്നെ റിപ്പോര്‍ട്ട് സമര്‍പ്പിക്കും എന്ന് സിറ്റി പോലീസ് കമ്മീഷണര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഉദ്യോഗസ്ഥന് എതിരെ വകുപ്പ് തല അന്വേഷണം ഉണ്ട് എന്നും കമ്മീഷണര്‍ അറിയിച്ചു. കമ്മീഷണര്‍ അനുഭാവപൂര്‍വ്വമാണ് പരാതി പരിഗണിച്ചതെന്ന് മുസ്ലീം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി അബ്ദുല്‍ കരീം ചേലേരി പറഞ്ഞു.
പ്രവാചക വിരുദ്ധ പരാര്‍മശങ്ങളെ തുടര്‍ന്ന് ഉണ്ടായ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ മുസ്ലീം പള്ളിക്ക് പൊലീസ് നല്‍കിയ നോട്ടീസാണ് വിവാദത്തിലായത്. വെള്ളിയാഴ്ച പ്രാര്‍ഥനയ്ക്ക് ശേഷമുള്ള മത പ്രഭാഷണത്തില്‍ സാമുദായിക സൗഹാര്‍ദ്ദം തകര്‍ക്കയും വര്‍ഗീയ വിദ്വേഷം ഉണ്ടാക്കുകയും ചെയ്യുന്ന തരത്തിലാകരുതെന്ന് നിര്‍ദേശിച്ചുകൊണ്ട് കണ്ണൂര്‍ മയ്യില്‍ പൊലീസാണ് പള്ളിക്ക് നോട്ടീസ് നല്‍കിയത്.
‘പ്രവാചനക നിന്ദ നടന്നതായി പറയുന്ന സംഭവത്തോടനുബന്ധിച്ച് രാജ്യത്ത് നിലനില്‍ക്കുന്ന പ്രത്യേക സാഹചര്യത്തില്‍ താങ്കളുടെ കമ്മിറ്റിയുടെ കീഴിലുള്ള പള്ളികളില്‍ വെള്ളിയാഴ്ച ജുമാ നിസ്‌കാരത്തിനുശേഷം നടത്തിവരുന്നതായ മത പ്രഭാഷണത്തില്‍ നിലവിലുള്ള സാമുദായിക സൗഹാര്‍ദ്ദം തകര്‍ക്കുന്നതോ, വര്‍ഗീയ വിദ്വേഷം ഉണ്ടാക്കുന്ന രീതിയിലോ ഉള്ളതായ പ്രഭാഷണങ്ങള്‍ നടത്താന്‍ പാടില്ലാത്തതാണ്. അങ്ങനെ സംഭവിച്ചതായി വിവരം ലഭിക്കുന്നപക്ഷം ബന്ധപ്പെട്ട വ്യക്തികളുടെ പേരില്‍ ഉചിതമായ നിയമനടപടി സ്വീകരിക്കുമെന്ന് ഇതിനാല്‍ അറിയിക്കുന്നു.’- എന്നാണ് നോട്ടീസിലുള്ളത്.
അതേസമയം സംഭവത്തില്‍ മയ്യില്‍ എസ്.എച്ച്.ഒയ്‌ക്കെതിരെ നടപടി. അതുമായി ബന്ധപ്പെട്ട് മയ്യില്‍ എസ്എച്ച്.ഒയെ ചുമതലയില്‍ നിന്ന് ഡി ജി പി മാറ്റിയതായി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. കണ്ണൂര്‍ ജില്ലയിലെ മയ്യില്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ജുമാ മസ്ജിദ് സെക്രട്ടറിക്ക് എസ് എച്ച് ഒ നല്‍കിയ ഒരു നോട്ടീസുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെതിരെ തെറ്റിദ്ധാരണാജനകമായ പ്രചാരണം നടക്കുന്നതായി ശ്രദ്ധയില്‍ പെട്ടതായും അങ്ങനെ ഒരു നോട്ടീസ് തികച്ചും അനവസരത്തിലുള്ളതും ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരിന്റെ കാഴ്ചപ്പാടിന് വിരുദ്ധവുമാണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി. മയ്യില്‍ എസ് എച്ച് ഒ സര്‍ക്കാര്‍ നയം മനസ്സിലാക്കാതെ തെറ്റായ നോട്ടീസാണ് നല്‍കിയതെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി. അതുമായി ബന്ധപ്പെട്ട് അദ്ദേഹത്തെ ചുമതലയില്‍ നിന്ന് ഡി ജി പി മാറ്റിയിട്ടുണ്ടെന്ന് പ്രസ്താവനയില്‍ പറയുന്നു.