എസ്എസ്എല്‍സിക്ക് 99.26 % വിജയം

എസ്എസ്എല്‍സി പരീക്ഷഫലം പ്രഖ്യാപിച്ചു. വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയാണ് ഫലപ്രഖ്യാപനം നടത്തിയത്. 99.26 ശതമാനമാണ് ഇക്കൊല്ലത്തെ വിജയം. കഴിഞ്ഞ തവണ 99.47 ശതമാനമായിരുന്നു. എല്ലാ വിഷയത്തിലും 44,363 പേര്‍ക്ക് എ പ്ലസ് നേടി. കഴിഞ്ഞ വര്‍ഷം ഇത് 1,21,318 ആയിരുന്നു. എസ്എസ്എല്‍സി റെഗുലര്‍ സ്ട്രീമില്‍ പരീക്ഷ എഴുതിയ 4,23,303 വിദ്യാര്‍ഥികള്‍ ഉന്നത പഠനത്തിന് യോഗ്യത നേടി. കോവിഡ് കാരണം കലാ-കായിക മത്സരങ്ങള്‍ നടക്കാത്ത സാഹചര്യത്തില്‍ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ ഇത്തവണയും ഗ്രേസ് മാര്‍ക്ക് നല്‍കിയിട്ടില്ല.

കണ്ണൂരാണ് ഏറ്റവും കൂടുതല്‍ വിജയ ശതമാനമുള്ള റവന്യു ജില്ല. 99.76% ആണ് ജില്ലയിലെ വിജയശതമാനം. ഏറ്റവും കുറവ് വിജയ ശതമാനമുള്ള റവന്യു ജില്ല വയനാടാണ്- 98.07%. വിജയശതമാനം ഏറ്റവും കൂടുതലുള്ള വിദ്യാഭ്യാസ ജില്ല പാല (99.94%). വിജയശതമാനം ഏറ്റവും കുറവുള്ള വിദ്യാഭ്യാസ ജില്ല ആറ്റിങ്ങല്‍ (97.98%). ഏറ്റവും കൂടുതല്‍ ഫുള്‍ എ പ്ലസ് ലഭിച്ച വിദ്യാഭ്യാസ ജില്ല- മലപ്പുറം (3024). ഫുള്‍ എ പ്ലസ് നേടിയ കുട്ടികളുടെ എണ്ണം ഏറ്റവും കൂടുതല്‍ മലപ്പുറത്താണ്. മലപ്പുറം ജില്ലയിലെ പി.കെ.എം.എം.എച്ച്.എസ്.എസ് എടരിക്കോട് ആണ് കൂടുതല്‍ കൂട്ടികള്‍ പരീക്ഷയെഴുതിയ സെന്റര്‍. 2104 കുട്ടികളാണ് ഇവിടെ പരീക്ഷയെഴുതിയത്. ഏറ്റവും കുറവ് കുട്ടികള്‍ പരീക്ഷ എഴുതിയ സെന്റര്‍-എച്ച്.എം.എച്ച്. എസ്.എസ് രണ്ടാര്‍ക്കര എറണാകുളം ( ഒരു കുട്ടി),സെന്റ് റോസെല്ലാസ് ഇംഗ്ലീഷ് സ്‌കൂള്‍, പൂമാല വയനാട് ( ഒരു കുട്ടി).

എസ്.എസ്.എല്‍.സി പ്രൈവറ്റ് (പുതിയ സ്‌കീം) വിഭാഗത്തില്‍ 275 പേര്‍ പരീക്ഷ എഴുതിയവരില്‍ 206 പേര്‍ ഉന്നതവിദ്യാഭ്യാസത്തിന് യോഗ്യത നേടി. വിജയശതമാനം (74.91%). എസ്.എസ്.എല്‍.സി പ്രൈവറ്റ് (പുതിയ സ്‌കീം) വിഭാഗത്തില്‍ 134 പേര്‍ പരീക്ഷ എഴുതിയവരില്‍ 95 പേര്‍ ഉന്നതവിദ്യാഭ്യാസത്തിന് യോഗ്യത നേടി. വിജയശതമാനം (70.9%). സംസ്ഥാനത്തെ 2962 കേന്ദ്രങ്ങളിലായി 4,26,999 കുട്ടികളാണ് ഈ വര്‍ഷം എസ്എസ്എല്‍സി പരീക്ഷ എഴുതിയത്. ഗള്‍ഫ് മേഖലയില്‍ 9 കേന്ദ്രങ്ങളിലായി 574, ലക്ഷദ്വീപില്‍ 9 കേന്ദ്രങ്ങളിലായി 882 പരീക്ഷാര്‍ഥികളുണ്ടായിരുന്നു. മാര്‍ച്ച് 31 മുതല്‍ ഏപ്രില്‍ 29വരെയായിരുന്നു എസ്എസ്എല്‍സി എഴുത്തുപരീക്ഷകള്‍. പ്രൈവറ്റ് വിഭാഗത്തില്‍ 408 വിദ്യാര്‍ത്ഥികളും പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്തിരുന്നു.വൈകിട്ട് നാലു മുതല്‍ വിവിധ വെബ്‌സൈറ്റുകളിലൂടെ ഫലം അറിയാം. ഇത്തവണ ലിങ്കില്‍ രജിസ്റ്റര്‍ നമ്പര്‍ നല്‍കുമ്പോള്‍ തന്നെ ഫലം ലഭ്യമാകുന്ന ഓട്ടോ സ്‌കെയിലിങ് സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.