കശ്മീര്‍ കൂട്ടക്കൊലയും പശുക്കടത്തിന്റെ പേരിലുള്ള കൊലയും തമ്മില്‍ വ്യത്യാസമില്ല എന്ന് സായ് പല്ലവി

പ്രേമം എന്ന ചിത്രത്തിലൂടെ മലയാളികളുടെ പ്രിയ താരമായി മാറിയ സായി പല്ലവിയാണ് വിവാദമായ പ്രസ്താവന നടത്തിയിരിക്കുന്നത്. ജൂണ്‍ 17 ന് പുറത്തിറങ്ങാനിരിക്കുന്ന വിരാട പര്‍വം എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നല്‍കിയ അഭിമുഖത്തിലായിരുന്നു സായ് പല്ലവിയുടെ പരാമര്‍ശം. അഭിമുഖത്തിനിടെ താരത്തിന്റെ രാഷ്ട്രീയ നിലപാട് ചോദിച്ചപ്പോഴാണ് വിവാദങ്ങള്‍ക്ക് വഴിവച്ച ഉത്തരം സായ് പല്ലവി നല്‍കിയത്.’ ഞാന്‍ നിഷ്പക്ഷമായ രാഷ്ട്രീയ നിലപാടുള്ള പശ്ചാത്തലത്തിലാണ് വളര്‍ന്നത്. ഇടത് പക്ഷമെന്നും വലത് പക്ഷമെന്നും ഞാന്‍ കേട്ടിട്ടുണ്ട്. പക്ഷേ ആരാണ് യഥാര്‍ത്ഥത്തില്‍ ശരിയെന്നും തെറ്റെന്നും എനിക്കറിയില്ല.

കശ്മീര്‍ ഫയല്‍സ് എന്ന ചിത്രത്തില്‍ കശ്മീരി പണ്ഡിറ്റുകളെ എങ്ങനെയാണ് കൊലപ്പെടുത്തിയതെന്ന് കാണിക്കുന്നുണ്ട്. അടുത്തിടെ, പശുവുമായി പോവുകയായിരുന്ന വ്യക്തിയെ മുസ്ലീമായതിന്റെ പേരില്‍ കൊലപ്പെടുത്തിയ സംഭവവും നാം കണ്ടു. കൊലയ്ക്ക് ശേഷം ജയ് ശ്രീറാം എന്നാണ് അവര്‍ വിളിച്ചത്. കശ്മീരില്‍ നടന്ന സംഭവവും ഇതും തമ്മില്‍ എവിടെയാണ് വ്യത്യാസം ?’- സായ് പല്ലവി ചോദിച്ചു.തന്നെ നല്ലൊരു വ്യക്തിയായി വളരാനാണ് കുടുംബം പഠിപ്പിച്ചതെന്നും ന്യൂനപക്ഷങ്ങളെ സംരക്ഷിക്കേണ്ടത് അനിവാര്യമാണെന്നും സായ് പല്ലവി പറഞ്ഞു. വലിയ വിമര്‍ശനങ്ങളാണ് സായ് പല്ലവിക്ക് ഈ പ്രസ്താവനയുടെ പേരില്‍ ലഭിക്കുന്നത്. ട്വിറ്ററില്‍ നിരവധി പേരാണ് പരാമര്‍ശത്തിനെതിരെ ട്വീറ്റുമായി രംഗത്ത് വന്നത്.