മകളുടെ ബിസിനസിന് പിണറായി ഷാര്‍ജ ഭരണാധികാരിയുടെ സഹായം തേടിയെന്ന് സ്വപ്‌ന

സ്വപ്‌ന സുരേഷ് കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ നിറയെ മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനും എതിരെ ഗുരുതര ആരോപണങ്ങള്‍. മകള്‍ വീണയുടെ ബിസിനസിന് മുഖ്യമന്ത്രി ഷാര്‍ജ ഭരണാധികാരിയുടെ സഹായം തേടിയെന്നാണ് സത്യവാങ്മൂലത്തില്‍ സ്വപ്‌നയുടെ ആരോപണം. ഇതുമായി ബന്ധപ്പെട്ട് ക്ലിഫ് ഹൗസില്‍ അടച്ചിട്ട മുറിയില്‍ ചര്‍ച്ചകള്‍ നടന്നുവെന്നും മുഖ്യമന്ത്രിക്കും കുടുംബത്തിനുമൊപ്പം ചര്‍ച്ചയില്‍ ശിവശങ്കറും നളിനി നെറ്റോയും പങ്കെടുത്തു എന്നുമാണ് സത്യവാങ്മൂലത്തിലെ ആരോപണം.

2017ല്‍ ഷാര്‍ജ ഭരണാധികാരി കേരളത്തിലെത്തിയപ്പോള്‍ അദ്ദേഹം മുഖ്യമന്ത്രിയുടെ വസതിയിലെത്തി. 2017 സെപ്തംബര്‍ 27ന് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ നടന്ന കൂടിക്കാഴ്ചയില്‍ നിന്ന് താനുള്‍പ്പെടെയുള്ളവരെ മാറ്റിനിര്‍ത്തി. തുടര്‍ന്ന് മകളുടെ വ്യവസായ സംരംഭത്തിന് മുഖ്യമന്ത്രി ഷാര്‍ജ ഭരണാധികാരിയുടെ പിന്തുണ തേടി. ഈ വിഷയത്തില്‍ ഷാര്‍ജയിലെ ഐടി മന്ത്രിയുമായി അദ്ദേഹം കൂടുതല്‍ ചര്‍ച്ചകള്‍ നടത്തി. എന്നാല്‍ ഭരണാധികാരിയുടെ കുടുംബാംഗങ്ങളുടെ എതിര്‍പ്പ് കാരണം അത് പിന്നീട് ഉപേക്ഷിക്കുകയാണ് ഉണ്ടായത്. കോവളത്ത് വച്ച് ഷാര്‍ജ ഭരണാധികാരിയുടെ ഭാര്യക്ക് ഒരു സമ്മാനം നല്‍കാന്‍ മുഖ്യമന്ത്രിയുടെ ഭാര്യ ശ്രമിച്ചു. എന്നാല്‍ ഇത്തരം സമ്മാനങ്ങള്‍ അവര്‍ സ്വീകരിക്കില്ല എന്ന് പറഞ്ഞ് താനാണ് മുഖ്യമന്ത്രിയുടെ ഭാര്യയെ പിന്തിരിപ്പിച്ചതെന്നും സ്വപ്ന സത്യവാങ്മൂലത്തില്‍ ആരോപിക്കുന്നു.

കോണ്‍സുല്‍ ജനറലിന്റെ വീട്ടില്‍ നിന്നാണ് ക്ലിഫ് ഹൗസിലേക്ക് ബിരിയാണി ചെമ്പ് കൊണ്ടുപോയത്. ചെമ്പിന്റെ വലുപ്പം സംബന്ധിച്ചും സ്വപ്ന സത്യവാങ്മൂലത്തില്‍ വിശദീകരിക്കുന്നു. സാധാരണത്തേതിലും വലിപ്പുള്ള ഈ ചെമ്പ് ഫോയില്‍ഡ് പേപ്പറില്‍ അടച്ചുകെട്ടിയതിനാല്‍ കൊണ്ടുപോകുന്നവര്‍ക്കും ഇതില്‍ എന്താണ് ഉള്ളതെന്ന് വ്യക്തതയില്ല. നാലുപേര്‍ ചേര്‍ന്നാണ് ചെമ്പ് പിടിച്ചത്. ബിരിയാണി ചെമ്പ് പരാമര്‍ശമുള്ള ശിവശങ്കറിന്റെ ചാറ്റ് തന്റെ മൊബൈലില്‍ ഉണ്ട്. എന്‍ഐഎ പിടിച്ചെടുത്ത മൊബൈലുകള്‍ കോടതിയുടെ കൈവശമുണ്ടെന്നും സ്വപ്ന വ്യക്തമാക്കി. നാലുപേര്‍ താങ്ങി, കോണ്‍സുല്‍ ജനറലിന്റെ വാഹനത്തിലാണ് ക്ലിഫ് ഹൗസിലേക്ക് കൊണ്ടുപോയത്. അതിനുവേണ്ട സഹായം ശിവശങ്കര്‍ ചെയ്തു കൊടുത്തു. അത് എത്തുന്നവരെ കോണ്‍സുല്‍ ജനറല്‍ അസ്വസ്ഥനായിരുന്നുവെന്നും സ്വപ്‌ന സത്യവാങ്മൂലത്തില്‍ ആരോപിക്കുന്നു.

ജീവന് ഭീഷണിയുണ്ടെന്നും ഈ സാഹചര്യത്തില്‍ സ്വര്‍ണക്കടത്ത് കേസിലെ കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് ചില കാര്യങ്ങള്‍ രഹസ്യമൊഴിയായി രേഖപ്പെടുത്താന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയെ സ്വപ്‌ന സമീപിച്ചിരുന്നു. ഇതിനായി സമര്‍പ്പിച്ച അപേക്ഷയ്‌ക്കൊപ്പം നല്‍കിയ സത്യവാങ്മൂലത്തിലാണ് ഈ വെളിപ്പെടുത്തലുകള്‍ ഉള്ളത്. ഈ മാസം 6 നാണ് രഹസ്യമൊഴി രേഖപ്പെടുത്താന്‍ സ്വപ്‌ന കോടതിയുടെ സമ്മതം തേടിയത്. അതേസമയം ആരോപണങ്ങള്‍ തള്ളുകയാണ് മുന്‍ ചീഫ് സെക്രട്ടറി നളിനി നെറ്റോ. അന്വേഷണ ഏജന്‍സികള്‍ ചോദിക്കുമ്പോള്‍ താന്‍ കാര്യങ്ങള്‍ പറയാമെന്ന് നളിനി നെറ്റോ പറഞ്ഞു. തന്നെക്കുറിച്ച് പുറത്തു വരുന്ന കാര്യങ്ങളില്‍ വസ്തുതയില്ലെന്നും അവര്‍ വ്യക്തമാക്കി. മാധ്യമങ്ങളോട് ഇപ്പോള്‍ പ്രതികരിക്കാനില്ലെന്ന് നളിനി നെറ്റോ പറഞ്ഞു.

എന്നാല്‍ ക്ലിഫ് ഹൗസില്‍ ഔദ്യോഗിക ആവശ്യത്തിന് മാത്രമാണ് സ്വപ്ന എത്തിയതെന്നായിരുന്നു മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചത്. ഇത് സ്ഥിരീകരിക്കുന്നതിന് 2020 ഒക്ടോബര്‍ 13നു നടന്ന വാര്‍ത്താസമ്മേളനത്തിന്റെ വിഡിയോ ഇന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് പുറത്തുവിട്ടിരുന്നു. കോണ്‍സുലേറ്റ് ജനറലിന്റെ സെക്രട്ടറി എന്ന നിലയിലാണ് അവര്‍ അന്നു വന്നതെന്നും ആ നിലയ്ക്കാണ് അവരെ പരിചയമെന്നും വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പറയുന്നുണ്ട്.