ഇന്ത്യന്‍ ടീമിലെത്തിയിട്ട് 7 വര്‍ഷം , ഇതുവരെ കളിച്ചത് 13 മത്സരങ്ങള്‍ ; അവഗണനയുടെ പ്രതിരൂപമായി സഞ്ജു
ഐ പി എല്ലില്‍ ഏറ്റവും സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ച വെക്കുന്ന ഇന്ത്യന്‍ കളിക്കാരന്‍ ആരെന്ന ചോദ്യത്തിന് ഒരു ഉത്തരമേ ഉള്ളു. മലയാളിയായ സഞ്ജു സാംസണ്‍. ഇന്ത്യന്‍ ടീമിലെ സ്ഥിര സാന്നിധ്യമാകാനുള്ള എല്ലാ കഴിവും ഉള്ള സഞ്ജുവിന് എന്നാല്‍ അവഗണനകള്‍ മാത്രമാണ് ലഭിക്കുന്നത്. സഞ്ജു ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ അരങ്ങേറിയിട്ട് ഏഴ് വര്‍ഷം പൂര്‍ത്തിയാവുകയാണ്. എന്നാല്‍ ഇതുവരെ കളിച്ചത് 13 മത്സരങ്ങള്‍ മാത്രമാണ് എന്നതാണ് ഇന്ത്യന്‍ ക്രിക്കറ്റിലെ ലോബി കളിയുടെ വ്യാപ്തി മനസിലാക്കി തരുന്നത്.
2015 ജൂലായ് 19ന് യില്‍ സിംബാബ്വെക്കെതിരെ ആയിരുന്നു ഇന്ത്യന്‍ കുപ്പായത്തില്‍ സഞ്ജുവിന്റെ അരങ്ങേറ്റം. അതിനു മുമ്പെ 2014ല്‍ ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരക്കുള്ള 17 അംഗ ഇന്ത്യന്‍ ടീമില്‍ സഞ്ജുവിനെ ഉള്‍പ്പെടുത്തിയിരുന്നെങ്കിലും പ്ലേയിംഗ് ഇലവനില്‍ അവസരം ലഭിച്ചില്ല. അതേവര്‍ഷം ഒക്ടോബറില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ ടി20 പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിലും സഞ്ജു ഇടം നേടി. എന്നാല്‍ പരമ്പര റദ്ദാക്കിയതിനാല്‍ സഞ്ജുവിന് അവസരം ലഭിച്ചില്ല.
അതേവര്‍ഷം ഡിസംബറില്‍ പ്രഖ്യാപിച്ച 2015ലെ ഏകദിന ലോകകപ്പിനുള്ള 30 അംഗ സാധ്യതാ ടീമിലും സഞ്ജു ഇടം നേടിയെങ്കിലും അവസാന 15ല്‍ ഇടം നേടിയില്ല. പിന്നീട് 2015ല്‍ ഇന്ത്യന്‍ ടീമിന്റെ സിംബാബ്വെ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമില്‍ സഞ്ജു ഇടം നേടി. ഒറു ഏകദിനവും രണ്ട് ടി20 മത്സരവും അടങ്ങുന്നതായിരുന്നു പരമ്പര. 2015 ജൂലൈ 19ന് സിംബാംബ്‌വേയ്‌ക്കെതിരെ ഹരാരെയിലായിരുന്നു ഇന്ത്യന്‍ ടി20 ടീമില്‍ സഞ്ജുവിന്റെ അരങ്ങേറ്റം.
സിംബാബ്വെക്കെതിരായ പരമ്പരക്കുശേഷം പിന്നീട് നാലു വര്‍ഷക്കാലം 2019വരെ സഞ്ജുവിനെ സെലക്ടര്‍മാര്‍ ഇന്ത്യന്‍ ടീമിലേക്ക് പരിഗണിച്ചതേയില്ല. 2019 നവംബറില്‍ ബംഗ്ലാദേശിനെതിരായ ടി20 പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിലെടുത്തെങ്കിലും ഒറ്റ മത്സരത്തില്‍ പോലും അവസരം ലഭിച്ചില്ല. അതേവര്‍ഷം വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരയില്‍ ശിഖര്‍ ധവാന് പരിക്കേറ്റപ്പോള്‍ പകരക്കാരനായി സഞ്ജുവിനെ ടീമിലെടുത്തെങ്കിലും അവസരം ലഭിച്ചില്ല. 2020ല്‍ ശ്രീലങ്കക്കെതിരായ ടി20 പരമ്പരക്കുള്ള ടീമിലാണ് സഞ്ജുവിന് പിന്നീട് അവസരം നല്‍കിയത്. അതേവര്‍ഷം ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയില്‍ ഒരിക്കല്‍ കൂടി ധവാന്റെ പകരക്കാരനായി ടീമിലെത്തിയ സഞ്ജുവിന് പക്ഷെ തിളങ്ങാനായില്ല.
അതേവര്‍ഷം ഓസ്‌ട്രേലിയക്കെതിരായ മൂന്ന് മത്സരങ്ങളുടെ ടി20 പരമ്പരക്കുള്ള ടീമിലും സഞ്ജുവിന് അവസരം ലഭിച്ചെങ്കിലും അവിടെയും തിളങ്ങാനായില്ല. തുടര്‍ന്ന് ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരക്കുള്ള ടീമില്‍ നിന്ന് സഞ്ജു പുറത്തായി. പിന്നീട് 2021ല്‍ ഇന്ത്യന്‍ സീനിയര്‍ ടീം ഇംഗ്ലണ്ടിനെതിരെ ടെസ്റ്റ് കളിക്കാന്‍ പോയപ്പോള്‍ രണ്ടാം നിര ടീം ശിഖര്‍ ധവാന്റെ നേതൃത്വത്തില്‍ ശ്രീലങ്കയില്‍ ഏകദിന, ടി20 പരമ്പര കളിച്ചു. ഈ പരമ്പരയിലാണ് സഞ്ജു വീണ്ടും ഇന്ത്യന്‍ കുപ്പായമണിഞ്ഞത്. ജൂലൈ 23നായിരുന്നു സഞ്ജുവിന്റെ ഏകദിന അരങ്ങേറ്റം. ശ്രീലങ്കക്കെതിരെ കാര്യമായി തിളങ്ങാന്‍ കഴിയാതിരുന്ന സഞ്ജു വീണ്ടും ടീമില്‍ നിന്ന് പുറത്തായി.
ടി20 ലോകകപ്പ് ടീമിലേക്കും ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരക്കുള്ള ടീമിലേക്കും പിന്നീട് സഞ്ജുവിനെ പരിഗണിച്ചില്ല. പിന്നീട് ഈ വര്‍ഷം ഫെബ്രുവരിയില്‍ ശ്രീലങ്കക്കെതിരായ ട20 പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിലേക്ക് സഞ്ജുവിനെ തിരിച്ചുവിളിച്ചു. ഈ പരമ്പരയിലാണ് ഇതുവരെയുള്ള കരിയര്‍ ബെസ്റ്റായ 39 റണ്‍സ് സഞ്ജു നേടിയത്. പക്ഷെ ഐപിഎല്ലിനുശേഷം തൊട്ടു പിന്നാലെ നടന്ന ദക്ഷിണാഫ്രിക്കെതിരായ പരമ്പരയില്‍ നിന്ന് സഞ്ജു വീണ്ടും തഴയപ്പെട്ടു. ഒടുവില്‍ അയര്‍ലന്‍ഡിനെതിരായ പരമ്പരക്കുള്ള ടീമിലൂടെ സഞ്ജു വീണ്ടും ഇന്ത്യന്‍ കുപ്പായത്തിലെത്തി. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെ ഫൈനലിലെത്തിച്ച സഞ്ജു ബാറ്റിംഗിലും മോശമാക്കിയിരുന്നില്ല. ഇതാണ് ടീമിലേക്ക് വീണ്ടും വിളിയെത്താനുള്ള കാരണം.