സ്വപ്നയുടെ രഹസ്യമൊഴിയുടെ പകര്‍പ്പ് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് കോടതിയില്‍
സ്വപ്ന സുരേഷ് കോടതിയില്‍ നല്‍കിയ രഹസ്യമൊഴിയുടെ പകര്‍പ്പ് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് കോടതിയെ സമീപിച്ചു. രഹസ്യമൊഴിയുടെ പകര്‍പ്പ് വേണമെന്ന് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് എറണാകുളം ജില്ലാ പ്രിന്‍സിപ്പള്‍ സെക്ഷന്‍സ് കോടതിയില്‍ അപേക്ഷ നല്‍കി. രഹസ്യമൊഴിയുടെ പകര്‍പ്പ് എന്തിന് വേണ്ടിയെന്ന് ക്രൈബ്രാഞ്ച് വ്യക്തമാക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. കന്റോമെന്റ് പൊലീസ് രജിസ്റ്റര്‍ ഗൂഢാലോചന കേസിലെ അന്വേഷണത്തിന് സ്വപ്നയുടെ രഹസ്യമൊഴി അനിവാര്യമെന്ന് ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചു.
എന്നാല്‍, രഹസ്യമൊഴിയുടെ പകര്‍പ്പ് ക്രൈംബ്രാഞ്ചിന് നല്‍കരുതെന്ന് സ്വപ്നയുടെ അഭിഭാഷകന്‍ കോടതിയോട് ആവശ്യപ്പെട്ടു. ക്രൈംബ്രാഞ്ചിന് രഹസ്യമൊഴി നല്‍കരുതെന്ന് ഇ ഡിയുടെ അഭിഭാഷകനും കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഗൂഢാലോചന സംബന്ധിച്ച തെളിവുകള്‍ പുറത്ത് കൊണ്ടുവരാന്‍ രഹസ്യമൊഴി പരിശോധിക്കണമെന്നും ക്രൈംബ്രാഞ്ച് വ്യക്തമാക്കി. ഗൂഢാലോചനയില്‍ പങ്കെടുത്ത ഷാജ് കിരണും സ്വപ്നയ്‌ക്കെതിരെ പരാതി നല്‍കിയിട്ടുണ്ട്. സ്വപ്നയുടെ സത്യവാങ്മൂലം പുറത്ത് പോയതില്‍ അന്വേഷണം വേണമെന്ന് ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചു. സ്വപ്നയുടെ അഭിഭാഷകര്‍ തന്നെയാണ് സത്യവാങ്മൂലം പുറത്തുവിട്ടതെന്ന് സംശയിക്കേണ്ടിവരുമെന്നും ക്രൈംബ്രാഞ്ച് കോടതിയില്‍ പറഞ്ഞു.
ജീവന് ഭീഷണിയുണ്ടെന്ന് സ്വപ്ന സുരേഷ് കോടതിയില്‍ പറഞ്ഞു. സമൂഹ മാധ്യമങ്ങളിലുടെ അടക്കം നിരന്തരമായ ഭീഷണിയുണ്ടാകുന്നു. സുരക്ഷ ഉറപ്പാക്കണമെന്ന് കോടതിയില്‍ ആവശ്യപ്പെട്ട സ്വപ്ന, സംസ്ഥാന സര്‍ക്കാരിന്റെ സുരക്ഷ വേണ്ടന്നും ആവര്‍ത്തിച്ചു. ഫേസ്ബുക്ക് പോസ്റ്റിന്റെ പേരില്‍ തനിക്കെതിരെയും കേസെടുത്തെന്ന് സ്വപ്നയുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. സുരക്ഷ ആവശ്യപ്പെട്ടത് കേന്ദ്രത്തിന് അയച്ചിട്ടുണ്ടെന്നും മറുപടി ലഭിക്കുന്നതിന് ഒരാഴ്ച സമയം വേണമെന്നും ഇഡി അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. രഹസ്യമൊഴി കേന്ദ്ര എന്‍ഫോഴ്‌സ്‌മെന്റ് പരിശോധിക്കുകയാണെന്നും ഇ ഡി അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. കേസ് ഈ മാസം 22ലേക്ക് മാറ്റി.