റെയില്‍- റോഡ് ഗതാഗതം തടഞ്ഞു ; അഗ്‌നിപഥ് പദ്ധതിക്കെതിരെ വന്‍ പ്രതിഷേധം
കേന്ദ്രസര്‍ക്കാരിന്റെ അഗ്‌നിപഥ് പദ്ധതിക്കെതിരെ ബിഹാറില്‍ പ്രതിഷേധം തുടരുന്നു. നിര്‍ദ്ദിഷ്ട പദ്ധതി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സമര രംഗത്തുള്ള ഉദ്യോഗാര്‍ത്ഥികള്‍ റെയില്‍, റോഡ് ഗതാഗതം തടസ്സപ്പെടുത്തി. സമരക്കാര്‍ ട്രെയിനിന് തീയിട്ടു. ഉത്തരേന്ത്യയില്‍ പലയിടത്തും ട്രെയിനുകള്‍ക്ക് നേരെ ആക്രമണമുണ്ടായി. തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട ട്രെയിനിന് നേരെ മധ്യപ്രദേശില്‍ വെച്ച് അക്രമണമുണ്ടായി. ചൊവ്വാഴ്ച ഉച്ചയ്ക്ക് തിരുവനന്തപുരത്ത് നിന്നും പുറപ്പെട്ട 12643 നിസാമുദീന്‍ എക്‌സ്പ്രസിന് നേരെയാണ് ഗ്വാളിയോര്‍ സ്റ്റേഷനില്‍ വെച്ച് അക്രമമുണ്ടായത്. കൂട്ടത്തോടെയെത്തിയ പ്രതിഷേധക്കാര്‍ ഗ്ലാസുകള്‍ അടിച്ചു തകര്‍ത്തു. സെക്കന്റ് എസി, തേര്‍ഡ് എസി കമ്പാര്‍ട്ടുമെന്റുകളിലെ മിക്ക ഗ്ലാസുകളും തകര്‍ന്നു. സ്റ്റേഷനില്‍ വെച്ച് പൂര്‍ണമായും തകര്‍ന്ന ഗ്ലാസില്‍ താല്‍ക്കാലികമായി കാര്‍ഡ്‌ബോര്‍ഡ് വെച്ച് ട്രെയിന്‍ യാത്ര തുടരുകയാണ്.
ട്രെയിനില്‍ നിരവധി മലയാളികളാണ് യാത്രചെയ്യുന്നത്. സ്ലീപ്പറിലും ജനറല്‍ കംപാര്‍ട്ടുമെന്റിലും യാത്ര ചെയ്യുന്ന നിരവധി പേര്‍ക്ക് പരിക്കേറ്റതായി യാത്രക്കാര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് വിശദീകരിച്ചു. ഇരുമ്പ് വടികളും മറ്റുമായി കൂട്ടത്തോടെ ഓടി വന്ന് ട്രെയിനിന് നേരെ ആക്രമണം നടത്തുകയായിരുന്നുവെന്നാണ് യാത്രക്കാര്‍ വിശദീകരിക്കുന്നത്. പദ്ധതിക്കെതിരെ വലിയ പ്രതിഷേധമാണ് രാജ്യവ്യാപകമായി ഉയരുന്നത്. ബീഹാറില്‍ ഇന്നലെ തുടങ്ങിയ പ്രതിഷേധം ഇന്നും തുടര്‍ന്നു. രാജസ്ഥാന്‍, ജമ്മു, ഹരിയാന തുടങ്ങിയ ഇടങ്ങളിലക്കും പ്രതിഷേധം വ്യാപിച്ചു. ബിഹാറിലെ ബാബ്വെയില്‍ പ്രതിഷേധക്കാര്‍ ട്രെയിനിന് തീ വച്ചു. ചാപ്‌റയില്‍ ബസിന് തീവച്ചു. ഹരിയാനയില്‍ പ്രതിഷേധക്കാരും പൊലീസും പലയിടങ്ങളില്‍ ഏറ്റുമുട്ടി. രാജസ്ഥാനിലെ റെയില്‍ പാതയും, ദേശീയ പാതയും തടഞ്ഞു. പെന്‍ഷന്‍ ഉള്‍പ്പടെയുള്ള ആനൂകൂല്യങ്ങള്‍ നഷ്ടപ്പെടുത്തുന്ന പദ്ധതിയെന്ന് ചൂണ്ടിക്കാട്ടിയാണ് യുവാക്കളുടെ പ്രതിഷേധം.
അഗ്‌നിപഥ് പദ്ധതിക്കെതിരെ വിവിധ രാഷ്ട്രീയ പാര്‍ട്ടികളും ഇതിനോടകം എതിപ്പുയത്തിക്കഴിഞ്ഞു. അഗ്‌നിപഥ് പദ്ധതി പിന്‍വലിക്കണമെന്നും സിപിഎം പിബി ആവശ്യപ്പെട്ടു. ദേശീയ താല്‍പര്യങ്ങളെ ഹനിക്കുന്നതാണ് പദ്ധതിയെന്നാണ് സിപിഎം പോളിറ്റ്ബ്യൂറോ ആരോപിക്കുന്നത്. നാല് വര്‍ഷത്തെ കരാര്‍ നിയമനം നല്‍കി പ്രൊഫഷണല്‍ സൈനികരെ ഉണ്ടാക്കാനാവില്ലെന്നും പെന്‍ഷന്‍ പണം ലാഭിക്കാനുള്ള നടപടി സൈന്യത്തിന്റെ കാര്യ ശേഷിയെ ബാധിക്കുന്നതായി മാറുമെന്നും സിപിഎം പിബി കുറ്റപ്പെടുത്തുന്നു. അഗ്‌നിപഥിലൂടെ പരിശീലനം ലഭിക്കുന്നവര്‍ പിന്നീട് അക്രമി സംഘങ്ങളില്‍ ചേരുന്ന ഗുരുതര സാഹചര്യം ഉണ്ടാകാനുള്ള സാധ്യതയും പിബി ചൂണ്ടിക്കാട്ടുന്നു. സൈന്യത്തിലേക്ക് നാലുവര്‍ഷത്തേക്ക് നിയമനം നല്‍കുന്ന കേന്ദ്രസര്‍ക്കാരിന്റെ പദ്ധതിയാണ് അഗ്‌നിപഥ്.
ജോലി സുരക്ഷ, പെന്‍ഷന്‍ തുടങ്ങിയ കാര്യങ്ങളില്‍ ആശങ്ക ഉന്നയിച്ചാണ് ബിഹാറില്‍ ഉദ്യോഗാര്‍ത്ഥികള്‍ സമരരംഗത്തുള്ളത്. കേന്ദ്രസര്‍ക്കാരിന്റെ അഗ്‌നിപഥ് പദ്ധതിക്കെതിരെ ബിജെപി എംപി വരുണ്‍ ഗാന്ധി വിമര്‍ശനവുമായി രംഗത്തുവന്നു. ഒരു സര്‍ക്കാര്‍ അഞ്ച് വര്‍ഷത്തേക്കാണ് തെരഞ്ഞെടുക്കപ്പെടുന്നത്, പിന്നെ എന്തിനാണ് യുവാക്കള്‍ക്ക് രാജ്യത്തെ സേവിക്കാന്‍ നാല് വര്‍ഷം നല്‍കുന്നത്. പുതിയ പദ്ധതിയെപ്പറ്റി യുവാക്കളുടെ മനസ്സില്‍ നിരവധി സംശയങ്ങളും ചോദ്യങ്ങളുമുണ്ട്. അത് ദുരീകരിക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥമാണെന്നും വരുണ്‍ഗാന്ധി അഭിപ്രായപ്പെട്ടിരുന്നു.
17.5 വയസിനും 21 വയസിനും ഇടയില്‍ പ്രായമുള്ള യുവാക്കള്‍ക്ക് നാല് വര്‍ഷത്തേക്ക് ഇന്ത്യന്‍ സായുധ സേനയില്‍ ജോലി ചെയ്യാന്‍ അനുവദിക്കുന്ന പുതിയ പദ്ധതിയാണ് അഗ്‌നിപഥ്. തൊഴില്‍ താല്‍ക്കാലികമാണെന്നും ജോലി സ്ഥിരത നല്‍കുന്നില്ലെന്നും ഉദ്യോഗാര്‍ത്ഥികള്‍ അവകാശപ്പെടുന്നു. 90 ദിവസത്തിനുള്ളില്‍ അഗ്‌നിവീര്‍മാരെ ജോലിക്കെടുക്കുന്നതിനുള്ള റിക്രൂട്ട്മെന്റ് റാലികള്‍ ആരംഭിക്കുമെന്നും ഈ വര്‍ഷം 46,000 സൈനികരെ പദ്ധതിക്ക് കീഴില്‍ റിക്രൂട്ട് ചെയ്യുമെന്നും സര്‍ക്കാര്‍ അറിയിച്ചിരുന്നു. ഇതില്‍ 40,000 പേര്‍ കരസേനയിലും 3,000 പേര്‍ വ്യോമസേനയിലും നാവികസേനയിലും ചേരും. അപേക്ഷകര്‍ക്ക് പ്രതിമാസം 30,000-40,000 രൂപ പരിധിയില്‍ ശമ്പളം ലഭിക്കും.