ഷാജ് കിരണ്‍ എഡിജിപിയെ വിളിച്ചത് 7 തവണ ; സ്വപ്നയുടെ സത്യവാങ്മൂലത്തില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍

സ്വര്‍ണ്ണക്കടത്ത് കേസില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍. സ്വപ്നയുടെ സുഹൃത്ത് ഷാജ് കിരണ്‍ എഡിജിപി അജിത്കുമാറിനെ വിളിച്ചത് ഏഴ് തവണ. സരിത്തിനെ വിജിലന്‍സ് കസ്റ്റഡിയിലെടുത്തതിന് പിന്നാലെയാണ് എംആര്‍ അജിത് കുമാറിനെ വിളിച്ചത്. സരിത്തിനെ വിജിലന്‍സ് കസ്റ്റഡിയിലെടുത്ത് കൊണ്ടുപോകുന്നതിന് തൊട്ടുപിന്നാലെ നടത്തിയ ഫോണ്‍ കോള്‍ വിവരങ്ങളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. ഈ മാസം എട്ടിന് രാവിലെ 11നും 1.30 നും ഇടയിലാണ് വിജിലന്‍സ് ഡയറക്ടര്‍ അജിത് കുമാറുമായി ഏഴ് തവണ ഷാജ് കിരണ്‍ ആശയവിനിമയം നടത്തിയത്. ഷാജ് അജിത് കുമാറിനെ മൂന്ന് തവണ അങ്ങോട്ടും നാല് തവണ തിരിച്ചും വിളിച്ചതായി രേഖകള്‍ പുറത്ത് വന്നു.

ഫോണ്‍ കോളുകളെല്ലാം രണ്ട് മിനിറ്റില്‍ കൂടുതലുണ്ട്. ഷാജ് കിരണും അജിത് കുമാറും തമ്മില്‍ ഇതുമായി ബന്ധപ്പെട്ട് ആശയവിനിമയങ്ങള്‍ നടന്നിട്ടില്ല എന്നാണ് ഇരുവരും പറഞ്ഞിരുന്നത്. എന്നാല്‍ ഈ വാദം പൊളിച്ചുകൊണ്ട് നിലവില്‍ ഫോണ്‍ രേഖകള്‍ പുറത്ത് വന്നിരിക്കുന്നത്. കൂടാതെ സ്വപ്നാ സുരേഷ് രഹസ്യമൊഴി നല്‍കിയ ദിവസം ഷാജ് ബിലീവേഴ്സ് ചര്‍ച്ച് വക്താവിനെ വിളിച്ചതായും ഫോണ്‍ രേഖയില്‍ കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ഇവരാരുമായും തനിക്ക് ബന്ധമില്ല എന്നാണ് ഷാജ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ പോലും പറഞ്ഞിരുന്നത്. അതിനിടെ മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനുമെതിരെ ഗുരുതര ആരോപണങ്ങളുമായി സ്വര്‍ണക്കടത്തു കേസ് പ്രതി സ്വപ്ന സുരേഷ്. എറണാകുളം സെഷന്‍സ് കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യങ്ങള്‍ ഉള്ളത്.

ഈന്തപ്പഴവും ഖുര്‍ആനും എത്തിയപെട്ടികളില്‍ ചിലതിന് ഭാരക്കൂടുതലുണ്ടായിരുന്നു. മുന്‍ മന്ത്രി കെ.ടി ജലീലുമായി താന്‍ നടത്തിയ വാട്സ് ആപ്പ് ചാറ്റുകള്‍ ലാപ്ടോപ്പിലും ഫോണിലുമുണ്ടെന്നും സ്വപ്ന സുരേഷ് സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി. മുന്‍ സ്പീക്കര്‍ ശ്രീരാമകൃഷ്ണനെതിരെയും സത്യവാങ്മൂലത്തില്‍ പരാമര്‍ശമുണ്ട്. കോണ്‍സുല്‍ ജനറലുമായി അടുത്ത ബന്ധമുള്ള കെ.ടി ജലീല്‍ 17 ടണ്‍ ഈന്തപ്പഴം സംസ്ഥാനത്ത് എത്തിച്ചുവെന്നും മുംബൈയിലെ ഫ്‌ലൈ ജാക്ക് ലോജിസ്റ്റിക്‌സ് വഴി കെടി ജലീല്‍ ഈന്തപ്പഴം ഇറക്കുമതി ചെയ്‌തെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. മുംബൈ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഫ്‌ലൈ ജാക്ക് ലോജിസ്റ്റിക്‌സ് കമ്പനിയുടെ ഉടമ മാധവ വാര്യര്‍ കെടി ജലീലിന്റെ ബിനാമിയാണെന്ന് കോണ്‍സുല്‍ ജനറല്‍ തന്നോട് പറഞ്ഞിട്ടുണ്ടെന്നും സ്വപ്ന സത്യവാങ്മൂലത്തില്‍ ആരോപിക്കുന്നുണ്ട്.

ഷാര്‍ജ ഭരണാധികരിയുടെയും മുഖ്യമന്ത്രിയുടെയും ഭാര്യമാര്‍ ഒന്നിച്ച് യാത്ര നടത്തി. ചീഫ് സെക്രട്ടറി നളിനി നെറ്റോയും അവര്‍ക്കൊപ്പമുണ്ടായിരുന്നുവെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. കൊച്ചിയില്‍ കാര്‍ഗോ എത്തിയപ്പോള്‍ ക്ലിയര്‍ ചെയ്യാന്‍ സഹായിച്ചത് എം.ശിവശങ്കറാണ്. മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തിയ ശേഷമാണ് ക്ലിയറന്‍സ് സൗകര്യപ്പെടുത്തിയത്. ഭാരക്കൂടുതലുളള പെട്ടികള്‍ പിന്നീട് കാണാതായെന്നും സ്വപ്നയുടെ സത്യവാങ്മൂലത്തില്‍ പരാമര്‍ശിക്കുന്നു. ഷാര്‍ജ ഭരണാധികാരിയുടെ ഭാര്യക്ക് വലിയ അളവില്‍ സ്വര്‍ണ്ണവും ഡയമണ്ടും നല്‍കാന്‍ മുഖ്യമന്ത്രിയുടെ ഭാര്യ കമല ശ്രമിച്ചുവെന്നുള്ളതാണ് കുടുംബത്തിനെതിരെ ഉയരുന്ന ഗുരുതര ആരോപണം. എന്നാല്‍ അവര്‍ക്കത് ഇഷ്ടമാകാന്‍ സാധ്യതയില്ല എന്ന് പറഞ്ഞ് താന്‍ അത് തടഞ്ഞു എന്നും സ്വപ്ന സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നുണ്ട്.

ഭക്ഷണ സാധനങ്ങള്‍ എന്ന പേരിലാണ് കാര്‍ഗോ എത്തിയത്. എന്നാല്‍ ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ ലൈസന്‍സ് ഇല്ലാത്തതിനാല്‍ അത് വിട്ടുകിട്ടുന്നതില്‍ പ്രയാസമുണ്ടായിരുന്നു. അത് തടഞ്ഞ് വെക്കുകയും ചെയ്തു. പിന്നാലെയാണ് എം.ശിവശങ്കറിന്റെ ഇടപെടലുണ്ടായത്. ഭാരക്കൂടുതലുളള പെട്ടികള്‍ പിന്നീട് എന്തു ചെയ്തു എന്നതിനെ കുറിച്ച് തനിക്കറിയില്ലെന്നുമാണ് സ്വപ്നയുടെ സത്യവാങ്മൂലം. സുഹൃത്ത് നിയന്ത്രിക്കുന്ന മിഡില്‍ ഈസ്റ്റ് കോളജിന് ഷാര്‍ജയില്‍ ഭൂമി ലഭിക്കാനായി വഴിവിട്ട് ഇടപെട്ടു എന്നാണ് പി.ശ്രീരാമകൃഷ്ണനെതിരായ ആരോപണം. ഇതിനായി ഷാര്‍ജാ ഭരണാധികാരിയുമായി കൂടിക്കാഴ്ച നടത്തി. ഇടപാടുകള്‍ വേഗത്തിലാക്കാന്‍ കോണ്‍സുലേറ്റ് ജനറലിന് ശ്രീരാമകൃഷ്ണന്‍ കൈക്കൂലി കൊടുത്തെന്നു സത്യവാങ്മൂലത്തിലുണ്ട്.

സരിത്തിനെയാണ് പണമടങ്ങിയ ബാഗ് എല്‍പ്പിച്ചത്. കോണ്‍സുലേറ്റ് ജനറലിന് പണം നല്‍കിയശേഷം ബാഗ് സരിത്തെടുത്തു. ഇത് സരിത്തിന്റെ വീട്ടില്‍ നിന്ന് കംസ്റ്റസ് പിടിച്ചെടുത്തതായും സ്വപ്ന ആരോപിക്കുന്നു.
മകളുടെ ബിസിനസിന് മുഖ്യമന്ത്രി ഷാര്‍ജ ഭരണാധികാരിയുടെ സഹായം തേടിയെന്ന് സ്വപ്ന ഇതില്‍ ആരോപിക്കുന്നു. 2017-ല്‍ ഷാര്‍ജ ഭരണാധികാരി കേരളം സന്ദര്‍ശനത്തിനിടെ ക്ലിഫ്ഹൗസിലും എത്തുകയുണ്ടായി. മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്കിടെ അദ്ദേഹത്തിന്റെ കുടുംബം ഒരു ബിസിനസ് താത്പര്യം ഷാര്‍ജ ഭരണാധികാരിയെ അറിയിച്ചുവെന്ന് സ്വപ്ന സത്യവാങ്മൂലത്തില്‍ പറയുന്നു.
മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന്‍ ഷാര്‍ജയില്‍ ഐടി സംരംഭം തുടങ്ങുന്നതിനുള്ള താത്പര്യമാണ് അറിയിച്ചത്. എന്നാല്‍ ഷാര്‍ജയില്‍ നിന്നുള്ള എതിര്‍പ്പുകളെ തുടര്‍ന്ന് ഈ പദ്ധതി ഉപേക്ഷിച്ചുവെന്നും പറയുന്നു. സ്വപ്നയുടെ സത്യവാങ്മൂലത്തിലെ ആക്ഷേപങ്ങളുടെ അടിസ്ഥാനത്തിലാണ് കോടതി 164 പ്രകാരമുള്ള രഹസ്യമൊഴി നല്‍കാന്‍ ആവശ്യപ്പെട്ടത്.