അഗ്‌നിപഥില്‍ ആളിപ്പടര്‍ന്ന് പ്രതിഷേധം , ബിഹാറില്‍ നാളെ ബന്ദ്

അഗ്‌നിപഥ് റിക്രൂട്ട്‌മെന്റ് പ്രതിഷേധം അണയാതെ കത്തുന്നു. കേന്ദ്ര പദ്ധതിയില്‍ പ്രതിഷേധിച്ച് ബിഹാറില്‍ നാളെ ബന്ദ്. പ്രതിപക്ഷ വിദ്യാര്‍ത്ഥി സംഘടനകളാണ് ബന്ദ് ആഹ്വാനം ചെയ്തത്. അഗ്‌നിപഥ് പദ്ധതിക്കെതിരെ ബിഹാറിലും യുപിയിലും പ്രതിഷേധം ആളിപ്പടരുകയാണ്. ബിഹാറില്‍ അഞ്ച് ട്രെയിനുകള്‍ പ്രതിഷേധക്കാര്‍ കത്തിച്ചു. ബിഹാര്‍ ഉപമുഖ്യമന്ത്രി രേണുദേവിയുടെയും ബിജെപി സംസ്ഥാന അധ്യക്ഷന്റെയും വീടിന് നേരെയും ആക്രമണം ഉണ്ടായി. അലിഗഡിലെ ജട്ടാരിയയില്‍ പൊലീസ് സ്റ്റേഷനും പൊലീസ് വാഹനവും പ്രതിഷേധക്കാര്‍ അഗ്‌നിക്കിരയാക്കി. റെയില്‍വേ സ്റ്റേഷനുകളും പലയിടങ്ങളിലും ആക്രമിക്കപ്പെട്ടു. ടയറുകള്‍ കത്തിച്ച് പാളത്തില്‍ ഇട്ടതോടെ പലയിടത്തും ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു. അക്രമങ്ങള്‍ രാജ്യത്തെ ഇരുനൂറോളം ട്രെയിന്‍ സര്‍വീസുകളെയാണ് ബാധിച്ചത്. നിരവധി ട്രെയിനുകള്‍ റദ്ദാക്കി. റെയില്‍വെ വസ്തുവകകള്‍ ആക്രമിക്കരുതെന്ന് റെയില്‍വെ മന്ത്രി അശ്വിനി വൈഷണവ് അഭ്യര്‍ത്ഥിച്ചു.

ബിഹാറിലെ മഥേപുരിയല്‍ ബിജെപി ഓഫീസ് പ്രതിഷേധക്കാര്‍ തീയിട്ടു. ബിഹാറിനും യുപിക്കും പുറമെ മധ്യപ്രദേശിലും ഹരിയാനയിലും പശ്ചിമബംഗാളിലെ വിവിധയിടങ്ങളിലും ഇന്ന് പ്രതിഷേധം നടന്നു . സംഘര്‍ഷം ശക്തിപ്പെടുന്ന സാഹചര്യത്തില്‍ ബിഹാര്‍ ഹരിയാന യുപി സംസ്ഥാനങ്ങളില്‍ വലിയ സുരക്ഷ ഏര്‍പ്പെടുത്തിയുട്ടുണ്ട്. ഹരിയാനയില്‍ പലയിടങ്ങളിലും ഇന്റര്‍നെറ്റ്, മെസേജ് സേവനങ്ങള്‍ റദ്ദാക്കി. അതിനിടെ പ്രതിഷേധം ശക്തമാകുന്നതിനിടെ പദ്ധതിയില്‍ ഇളവ് പ്രഖ്യാപിച്ച് കേന്ദ്രം. പദ്ധതിക്ക് കീഴിലുള്ള റിക്രൂട്ട്മെന്റിനുള്ള ഉയര്‍ന്ന പ്രായപരിധി 21 ല്‍ നിന്ന് 23 ആയി കേന്ദ്രം ഉയര്‍ത്തി. കഴിഞ്ഞ 2 വര്‍ഷമായി ആര്‍മിയിലേക്കുള്ള റിക്രൂട്ട്‌മെന്റ് നിര്‍ത്തിവെച്ചിരുന്ന സാഹചര്യത്തിലാണ് നടപടി. ഉത്തരേന്ത്യയില്‍ വ്യാപക പ്രതിഷേധവും വിമര്‍ശനവും ഉയര്‍ന്നിരുന്നു. ഇതിനെ തണുപ്പിക്കാനാവുമെന്ന പ്രതീക്ഷ മുന്‍നിര്‍ത്തിയാണ് പദ്ധതിയിലെ അംഗമാകാനുള്ള ഉയര്‍ന്ന പ്രായപരിധി 21-ല്‍നിന്ന് 23 ആക്കി ഉയര്‍ത്തിയിരിക്കുന്നത്.

ഈ വര്‍ഷത്തേക്കു മാത്രമാണ് ഈ ഉയര്‍ന്ന പ്രായപരിധി ഇളവ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കോവിഡ് സാഹചര്യത്തെ തുടര്‍ന്ന് കഴിഞ്ഞ രണ്ടുവര്‍ഷമായി സൈന്യത്തിലേക്ക് റിക്രൂട്ട്മെന്റുകളൊന്നും നടന്നിട്ടില്ല. അതിനാലാണ് ഇക്കൊല്ലത്തേക്ക് മാത്രം ഉയര്‍ന്ന പ്രായപരിധി 23 ആക്കി ഉയര്‍ത്തുമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്. 17.5 വയസിനും 21 വയസിനും ഇടയില്‍ പ്രായമുള്ള യുവാക്കളെ നാല് വര്‍ഷത്തേക്ക് ഇന്ത്യന്‍ സായുധ സേനയില്‍ നിയമിക്കുന്ന പദ്ധതി കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെ പദ്ധതിക്കെതിരെ രാജ്യത്തിന്റെ വിവിധ ഭാഗത്ത് പ്രതിഷേധം ഉയര്‍ന്നു. പലയിടത്തും പ്രതിഷേധം അക്രമാസക്തമായി. ബീഹാറില്‍ പ്രതിഷേധക്കാര്‍ തീവണ്ടിയുടെ ബോഗി കത്തിച്ചു. ഉത്തര്‍പ്രദേശിലും ശക്തമായ പ്രതിഷേധങ്ങളാണ് ഉണ്ടായത്. രണ്ട് സംസ്ഥാനങ്ങളിലും പ്രതിഷേധക്കാര്‍ക്ക് നേരെ പോലീസ് ലാത്തിച്ചാര്‍ജ് നടത്തി. ജമ്മുവില്‍ ആര്‍മി റിക്രൂട്ട്‌മെന്റ് ഓഫീസിന് മുന്നില്‍ പ്രതിഷേധിച്ച യുവാക്കളെയും പോലീസ് ലാത്തി വീശിയാണ് മാറ്റിയത്.