ഇന്ത്യന്‍ കള്ളപ്പണം കുമിഞ്ഞുകൂടി സ്വിസ് ബാങ്ക് ; നിക്ഷേപം 30,000 കോടി കടന്നു
കള്ളപ്പണം നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ എന്തക്കയോ കാട്ടി കൂട്ടുന്നു എങ്കിലും സ്വിസ് ബാങ്കില്‍ ഇന്ത്യക്കാരുടെ കള്ളപ്പണം കുമിഞ്ഞു കൂടുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. 50 ശതമാനം വളര്‍ച്ചയാണ് നിക്ഷേപത്തില്‍ ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ 14 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിക്ഷേപമാണ് നിലവില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 2020 ല്‍ 2.5 ബില്യണായിരുന്ന ഇന്ത്യന്‍ ഫണ്ടുകള്‍ 2021 ല്‍ 30,626 കോടിയായി ഉയര്‍ന്നു.
സ്വിറ്റ്സര്‍ലന്‍ഡ് സെന്‍ട്രല്‍ ബാങ്കിലെ നിക്ഷേപത്തെ ഇന്ത്യയില്‍ നിന്നുള്ള കള്ളപ്പണമായാണ് കണക്കാക്കുന്നത്. കള്ളപ്പണമിടപാടുകള്‍ തടയുന്നതിന്റെ ഭാഗമായി 2015 ല്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ പൊതുമാപ്പ് പദ്ധതി പ്രഖ്യാപിച്ചിരുന്നു. പരസ്യമാക്കാത്ത വിദേശ നിക്ഷേപങ്ങള്‍ ക്ലെയിം ചെയ്യുന്നതായിരുന്നു പദ്ധതി. തുടര്‍ന്ന് രാജ്യത്തെ കള്ളപ്പണ ഇടപാടുകള്‍ക്ക് തടയിടാന്‍ സാധിച്ചുവെന്നും കേന്ദ്ര സര്‍ക്കാര്‍ അവകാശപ്പെട്ടിരുന്നു. 2015 ല്‍ 1.2 ബില്യണായിരുന്ന സ്വിസ് ബാങ്കിലെ ഇന്ത്യന്‍ നിക്ഷേപം 2016 ല്‍ 665 മില്യണായി കുറഞ്ഞിരുന്നു. എന്നാല്‍ 2019 ഓടെ ഇന്ത്യന്‍ കള്ളപ്പണം വീണ്ടും 892 മില്യണ്‍ സ്വിസ് ഫ്രാങ്കിലേക്ക് ഉയര്‍ന്നു.