ലോക കേരള സഭ ; യൂസഫലിയും പ്രതിപക്ഷവും നേര്‍ക്ക് നേര്‍

ലോക കേരള സഭയില്‍നിന്ന് പ്രതിപക്ഷം വിട്ടുനില്‍ക്കുന്നതിനെ വിമര്‍ശിച്ചു ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യുസഫ് അലി. ലോക കേരള സഭയില്‍ ഭക്ഷണം നല്‍കുന്നതിനെ ധൂര്‍ത്തെന്ന് വിളിക്കരുതെന്നും യൂസഫലി പറഞ്ഞു. സ്വന്തം ചെലവില്‍ ടിക്കറ്റെടുത്താണ് പ്രവാസികള്‍ എത്തിയത്. താമസ സൌകര്യം നല്‍കിയതാണോ ധൂര്‍ത്തെന്നും യൂസഫലി ചോദിച്ചു. നേതാക്കള്‍ വിദേശത്തെത്തുമ്പോള്‍ പ്രവാസികള്‍ താമസവും വാഹനവും നല്‍കുന്നുണ്ടല്ലോ. പ്രവാസികള്‍ ഇവിടെ വരുമ്പോള്‍ ഭക്ഷണം നല്‍കുന്നത് ധൂര്‍ത്തായി കാണരുതെന്നും യൂസഫലി പറഞ്ഞു.

എന്നാല്‍ യൂസഫലിക്ക് മറുപടിയുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ രംഗത്തു വന്നു. പതിനാറ് കോടി ചെലവാക്കി ലോക കേരള സഭ സംഘടിപ്പിച്ചതിനെയാണ് ധൂര്‍ത്തെന്ന് വിളിച്ചതെന്ന് വിഡി സതീശന്‍ പറഞ്ഞു. പ്രവാസികള്‍ക്ക് ഭക്ഷണം കൊടുക്കുന്നതിനെയല്ല യുഡിഎഫ് എതിര്‍ത്തത്. എല്ലാത്തിനും പ്രോ?ഗ്രസ് റിപ്പോര്‍ട്ടുളള മുഖ്യമന്ത്രിക്ക് ഇതില്‍ മാത്രം പ്രോ?ഗ്രസ് റിപ്പോര്‍ട്ട് ഇല്ലാത്തതിനെയാണ് പ്രതിപക്ഷം എതിര്‍ത്തത്. ലോക കേരള സഭ ബഹിഷ്‌കരണം കൂട്ടായ തീരുമാനമാണെന്നും സതീശന്‍ വ്യക്തമാക്കി. കോണ്‍ഗ്രസിന്റെ നൂറിലേറെ പ്രവര്‍ത്തകര്‍ ആശുപത്രിയിലാണ്. ഈ സമയത്ത് ലോക കേരള സഭയില്‍ പോകാന്‍ മാത്രം വിശാലമല്ല തങ്ങളുടെ മനസെന്നും വി ഡി സതീശന്‍ പറഞ്ഞു. ഭീഷണി കൊണ്ട് സമരം നിര്‍ത്തില്ല. തന്നെ കൊല്ലും വഴി നടത്തില്ല എന്നൊക്കെ പ്രഖ്യാപിച്ചിരിക്കുകയാണ് സിപിഎം.പരസ്യമായി വധഭീഷണി മുഴക്കുന്നുവെന്നും വിഡി സതീശന്‍ ആരോപിച്ചു. കോണ്‍ഗ്രസ് ഓഫീസുകള്‍ തകര്‍ത്തവര്‍ക്കെതിരെ കേസ് എടുത്തിട്ടില്ല. സംസ്ഥാനത്ത് ഇരട്ട നീതിയാണ് നടപ്പാക്കുന്നത്. ആഭ്യന്തര മന്ത്രി കളളക്കേസ് കൊടുക്കുകയാണെന്നും വിഡി സതീശന്‍ പറഞ്ഞു.

സംസ്ഥാന സര്‍ക്കാരിനും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ സമരം തുടരുന്ന പശ്ചാത്തലത്തിലാണ് ലോക കേരള സഭയില്‍ നിന്ന് വിട്ടുനില്‍ക്കുന്നതെന്ന് യുഡിഎഫ് കണ്‍വീനര്‍ എം എം ഹസന്‍ തിരുവനന്തപുരത്ത് വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. നാളെയും മറ്റന്നാളുമായാണ് ലോക കേരള സഭ നടക്കുന്നത്. ഇതില്‍ പങ്കെടുക്കുന്ന കാര്യം ഇന്നത്തെ യോഗത്തില്‍ ഉയര്‍ന്നുവന്നു. മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരായടക്കം സ്വപ്നയുടെ സത്യവാങ്മൂലത്തില്‍ ഗുരുതര ആക്ഷേപങ്ങള്‍ ഉണ്ടായിട്ടും പ്രതികരണം അര്‍ഹിക്കുന്നില്ലെന്ന നിലപാടിലാണ് സിപിഎമ്മും ഇടത് മുന്നണി നേതൃത്വവും.