സ്വപ്നയുടെ രഹസ്യമൊഴിയുടെ പകര്‍പ്പ് ഇഡിയ്ക്ക് ലഭിച്ചു
സ്വര്‍ണ്ണക്കടത്ത് കേസ് വീണ്ടും ഇ ഡിയുടെ മുന്നില്‍. കേസിലെ പ്രതി സ്വപ്ന സുരേഷ് കോടതിക്ക് നല്‍കിയ രഹസ്യമൊഴിയുടെ പകര്‍പ്പ് എന്‍ഫോഴ്സ്മെന്റിന് ലഭിച്ചു. പകര്‍പ്പ് ലഭിച്ചതിന് പിന്നാലെ സ്വപ്നയെ വിശദമായി ചോദ്യം ചെയ്ത് മൊഴിയെടുക്കാന്‍ ഇഡി തീരുമാനിച്ചു. ബുധനാഴ്ച കൊച്ചിയിലെ ഇഡി ഓഫീസില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ട് ഇഡി സ്വപ്നയ്ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്. സ്വപ്ന സുരേഷ് 164 എ വഴി കോടതിയ്ക്ക് നല്‍കിയ 27 പേജുള്ള രഹസ്യ മൊഴിയാണ് ഇഡിയ്ക്ക് ലഭിച്ചിട്ടുള്ളത്. ഇഡിയുടെ കേന്ദ്ര ഡയറക്ടറേറ്റ് ഈ മൊഴി പരിശോധിച്ച് അന്വേഷണവുമായി പോകാന്‍ കൊച്ചി യൂണിറ്റിന് നിര്‍ദ്ദേശം നല്‍കി. കള്ളപ്പണ കേസില്‍ ഇഡി ചോദ്യം ചെയ്തപ്പോള്‍ വെളിപ്പെടുത്താത്ത പുതിയ വിവരങ്ങള്‍ ഇപ്പോള്‍ നല്‍കിയ 164 സ്റ്റേറ്റ്മെന്റില്‍ ഉണ്ടെന്നാണ് ഇഡി ഉദ്യോഗസ്ഥര്‍ നല്‍കുന്ന സൂചന.
അന്വേഷണത്തിന്റെ ആദ്യഘട്ടമായി സ്വപ്ന സുരേഷിനെയാണ് വിളിച്ച് വരുത്തുക. മൂന്ന് ദിവസമെടുത്ത് കോടതി രേഖപ്പെടുത്തിയ ഈ 164-ല്‍ ഉള്ള വിവരങ്ങള്‍ കൂടി പരിശോധിക്കേണ്ടതുണ്ടെന്നാണ് ഇഡി വ്യക്തമാക്കുന്നത്. ഇതിനിടെ കസ്റ്റംസിന് മറ്റ് രണ്ട് കേസുകളിലായി സ്വപ്ന സുരേഷ് നല്‍കിയ രണ്ട് രഹസ്യമൊഴികള്‍ ആവശ്യപ്പെട്ട് ഇഡി നല്‍കിയ അപേക്ഷ തിങ്കളാഴ്ച കോടതി പരിഗണിക്കും.ഇതിനിടെ മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷ് നല്‍കിയ രഹസ്യമൊഴി വേണമെന്ന് ആവശ്യപ്പെട്ട് സരിത എസ് നായര്‍ നല്‍കിയ ഹര്‍ജി കോടതി തള്ളി. അന്വേഷണം നടന്നുവരികയാണെന്നും അതുകൊണ്ടുതന്നെ അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ മറ്റാര്‍ക്കും രഹസ്യമൊഴി നല്‍കാനാകില്ലെന്നും കോടതി വ്യക്തമാക്കി. ഇതോടെ സ്വപ്നയുടെ രഹസ്യമൊഴി ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുവാനാണ് സരിതയുടെ തീരുമാനം.